തൊടുപുഴ: ഈമാസം ഒമ്പതിന് ആരംഭിക്കുന്ന എസ്.എസ്.എൽ.സി പരീക്ഷക്ക് ജില്ലയിൽ ഒരുക്കം പൂർത്തിയായി. ഇത്തവണ 11,491 വിദ്യാർഥികളാണ് ജില്ലയിൽ പത്താം ക്ലാസ് പരീക്ഷ എഴുതുന്നത്. കഴിഞ്ഞവർഷം 11,389 പേരായിരുന്നു. 102 വിദ്യാർഥികളുടെ വർധനയാണ് ഇത്തവണ ഉണ്ടായിട്ടുള്ളത്. രാവിലെ ഒമ്പത് മുതൽ 11.15 വരെയാണ് പരീക്ഷ. മാർച്ച് 29ന് അവസാനിക്കും.
ജില്ലയിൽ മികച്ച വിജയം ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ കെ. ബിന്ദു പറഞ്ഞു. കഴിഞ്ഞവർഷം 99.17 ആയിരുന്നു വിജയ ശതമാനം. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർഥികളെ കണ്ടെത്തി പ്രത്യേക പരിശീലനം നൽകിവരുന്നുണ്ട്. ജില്ല പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ചാണ് ഇത്തരം വിദ്യാർഥികൾക്കായി കഴിഞ്ഞ ജനുവരി മുതൽ സ്പെഷൽ ക്ലാസുകളും ആവശ്യമുള്ളവർക്ക് രാത്രികാല ക്ലാസുകളും നടത്തിവരുന്നത്. ഫെബ്രുവരി 15ന് ആരംഭിച്ച ഐ.ടി പ്രാക്ടിക്കൽ പരീക്ഷ 25ന് പൂർത്തിയായി. രജിസ്റ്റർ ചെയ്ത എല്ലാ വിദ്യാർഥികളും ഐ.ടി പരീക്ഷക്ക് ഹാജരായിട്ടുണ്ട്.
സഹായത്തിന് ‘ഡയല് എ ഫാക്കല്‍റ്റി’ ഹെല്പ്ലൈന്
കുട്ടികള്‍ക്ക് എസ്.എസ്.എല്‍.സി. പരീക്ഷ സഹായത്തിന് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പും ശിശുക്ഷേമസമിതിയും ഡയറ്റും ചേർന്ന് ഹെല്പ്ലൈന് ഒരുക്കുന്നു. എല്ലാ വിഷയങ്ങളിലും വിജയശതമാനം പൂർണമാക്കുകയും കുട്ടികള്‍ക്ക് വിഷയാധിഷ്ഠിതവും മാനസികവും വൈകാരികവുമായ പിന്തുണ നല്‍കുകയുമാണ് ‘ഹലോ മെന്റർ.....ഡയർ എ ഫാക്കൽറ്റി’ എന്ന പേരിലുള്ള സംവിധാനത്തിന്റെ ലക്ഷ്യം.
വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിനും കൗൺസലിങിനും വിദ്യാർഥികൾക്ക് എല്ലാ ദിവസവും വൈകീട്ട് ഏഴ് മുതൽ എട്ട് വരെ നിശ്ചിത ഫോൺ നമ്പറുകളിൽ ബന്ധപ്പെടാം. മറ്റ് സമയങ്ങളിൽ ഈ നമ്പറുകളിലേക്ക് വാട്സ്ആപ്പ് സന്ദേശമയച്ചും ഇ-മെയിൽ വഴിയും സംശയ നിവാരണം നടത്താം. തമിഴ് ഉൾപ്പെടെ പഠന മാധ്യമമായ വിദ്യാർഥികൾക്ക് ഈ സേവനം ലഭ്യമാണ്. ഇതേ സംവിധാനത്തിലൂടെ ആവശ്യമുള്ള കുട്ടികള്‍ക്ക് കൗണ്‍സലിങ് സഹായവും രക്ഷിതാക്കള്‍ക്ക് പേരന്റല്‍ കൗണ്‍സലിങും നല്‍കും. ഇതിനായി വിദഗ്ധരായ അധ്യാപകരുടെയും കൗൺസിലർമാരുടെയും പ്രത്യേക പാനൽ രൂപവത്കരിച്ചിട്ടുണ്ട്.
ഒരു വിഷയത്തിന് രണ്ട് അധ്യാപകരെ വീതമാണ് മെന്റർമാരായി നിയോഗിച്ചിട്ടുള്ളത്. ഓരോ വിഷയത്തിലും സംശയ നിവാരണത്തിന് നിശ്ചയിച്ച ഫോൺ നമ്പറിലാണ് ബന്ധപ്പെടേണ്ടത്. ഫോൺ നമ്പറുകള്‍ വിദ്യാലയങ്ങൾക്ക് ഉടന്‍ കൈമാറും. ആദിവാസി മേഖലകളിൽ സേവനം ലഭ്യമാക്കാൻ എസ്.ടി പ്രമോട്ടർമാരുടെയടക്കം സഹായവും തേടും. ജില്ല പഞ്ചായത്തിന്റെ സഹകരണത്തോടെ പരീക്ഷണാർഥം നടപ്പാക്കുന്ന പദ്ധതി വിജയമെന്ന് കണ്ടാൽ വരും വർഷങ്ങളിൽ എല്ലാ പരീക്ഷാവേളകളിലും തുടരും. ഇത് സംബന്ധിച്ച വാർത്തസമ്മേളനത്തിൽ ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഉപഡയറക്ടർ കെ. ബിന്ദു, ഡയറ്റ് ലക്ചറർ ഷാമോൻ ലൂക്ക്, ജില്ല ശിശുക്ഷേമ സമിതി സെക്രട്ടറി കെ.ആർ. ജനാർദനൻ, എക്സിക്യൂട്ടിവ് അംഗം ബി. ബിനോയി എന്നിവർ പങ്കെടുത്തു.
കൂടുതൽ കല്ലാറിൽ, കുറവ് മുക്കുളത്ത്
383 വിദ്യാർഥികളെ പരീക്ഷക്കിരുത്തുന്ന കല്ലാർ ഗവ. എച്ച്.എസ്.എസ് ആണ് ജില്ലയിൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ ഇത്തവണയും മുന്നിൽ. കുറവ് കുട്ടികൾ മുക്കുളം എസ്.ജി.എച്ച്.എസിലാണ്. നാല് വിദ്യാർഥികൾ മാത്രമേ ഇവിടെ പരീക്ഷ എഴുതുന്നുള്ളൂ. പത്താം ക്ലാസ് പരീക്ഷ എഴുതുന്ന 11,491 വിദ്യാർഥികളിൽ 5,938 പേർ ആൺകുട്ടികളും 5,553 പേർ പെൺകുട്ടികളുമാണ്.
സർക്കാർ സ്കൂളുകളിൽ നിന്ന് 3,182 പേരും എയ്ഡഡിൽ 7,498 പേരും അൺ എയ്ഡഡിൽ 641 പേരും പരീക്ഷ എഴുതുന്നു. 162 പരീക്ഷ കേന്ദ്രങ്ങളാണ് ജില്ലയിലുള്ളത്. ഇവയിൽ 89 എണ്ണം കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലും 73 എണ്ണം തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.