IDL103 കിഴക്കേ കവലയെ 'കുളമാക്കി' പഞ്ചായത്ത്​

നെടുങ്കണ്ടം: കിഴക്കേ കവലയോടുള്ള അധികൃതരുടെ അയിത്തം തുടരുകയാണ്​. കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടിലേറെയായിട്ടും വെള്ളപ്പൊക്കത്തിന്​ പരിഹാരമായി ഓട നിർമിക്കാന്‍ ത്രിതല പഞ്ചായത്തിനോ പൊതുമരാമത്തിനോ കഴിഞ്ഞിട്ടില്ല. തേക്കടി-മൂന്നാര്‍ സംസ്ഥാന പാത കടന്നുപോകുന്ന നെടുങ്കണ്ടം കിഴക്കേകവല ടൗണില്‍ വേനല്‍മഴക്ക്​ പോലും വ്യാപാര സ്ഥാപനങ്ങളില്‍ വെള്ളം കയറി നാശനഷ്​ടങ്ങള്‍ ഉണ്ടാവും. വ്യാപാരികൾക്ക്​ നഷ്​ടം സംഭവിച്ച് രണ്ടു ദിവസം കഴിഞ്ഞ് പൊതുമരാമത്തും പഞ്ചായത്തും ജനപ്രതിനിധികളും സ്ഥലം സന്ദര്‍ശിച്ച്​ വിവരം തിരക്കി മടങ്ങുന്നതല്ലാതെ തുടര്‍ നടപടി ഉണ്ടാകാറില്ല. 15 വര്‍ഷമായി ടൗണില്‍ വെള്ളം കയറുക പതിവാണ്. നിലവിലുണ്ടായിരുന്ന ഓട മൂടിപ്പോയെന്നും ചില സ്വകാര്യ വ്യക്തികള്‍ ഓട കൈയേറിയതാണെന്നുമാണ്​ ഇവിടത്തെ വ്യാപാരികള്‍ പറയുന്നത്​. ഓട നിർമിക്കണമെന്നാവശ്യപ്പെട്ട്​ കിഴക്കേകവലയിലെ ചില വ്യാപാരികള്‍ കയറിയിറങ്ങാത്ത ഓഫിസുകളില്ല. കൂടാതെ ടൗണിലെ വിവിധ ഭാഗങ്ങളില്‍ ഓട കൈയേറി നിർമാണ പ്രവര്‍ത്തനം നടത്തിയവര്‍ക്കെതിരെ നടപടി എടുക്കുന്നതിനോ നിലവിലുള്ള ഓടകള്‍ വൃത്തിയാക്കുന്നതിനോ അധികൃതര്‍ തയാറായിട്ടില്ല. ഓട നിർമിക്കാന്‍ സൗജന്യമായി സ്ഥലം നല്‍കാന്‍ സ്വകാര്യ വ്യക്തി തയാറാണെന്ന് പലതവണ അധികൃതരെ അറിയിച്ചിരുന്നു. എന്നിട്ടും അനങ്ങാപ്പാറ നയമാണ്​ സ്വീകരിക്കുന്നത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.