കഞ്ഞിക്കുഴിയിലെ പട്ടയമേള ചടങ്ങിൽ മന്ത്രി എം.എം. മണി തിരിതെളിക്കുന്നു
ഇടുക്കി: ജില്ലയിലെ കുടിയേറ്റ കര്‍ഷകരുടെ കൈവശഭൂമിക്ക് പട്ടയം എന്ന ആവശ്യം സാക്ഷാത്കരിച്ച് കഞ്ഞിക്കുഴിയില്‍ സംഘടിപ്പിച്ച ആറാമത് ജില്ലതല പട്ടയമേളയും സ്മാര്‍ട്ട് വില്ലേജ് ഓഫിസുകളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയന് വിഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. സംസ്ഥാനത്ത് പൂര്‍ത്തീകരിച്ച അഞ്ച് സ്മാര്‍ട്ട് വില്ലേജ് ഓഫിസുകളുടെ ഉദ്ഘാടനം, 159 വില്ലേജ് ഓഫിസ് കെട്ടിടങ്ങളുടെ നിര്‍മാണോദ്ഘാടനം, 6524 കുടുംബങ്ങള്‍ക്കുള്ള പട്ടയ വിതരണവുമാണ് മുഖ്യമന്ത്രി നിർവഹിച്ചത്.
പൊതുജനങ്ങള്‍ക്ക് ഏറെ താൽപര്യവും ഗുണകരവുമായ പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വലിയ ജനകീയ ആവശ്യങ്ങളിലൊന്നാണ് അര്‍ഹരായ ജനങ്ങള്‍ക്ക് പട്ടയം നല്‍കുകയെന്നത്. പതിറ്റാണ്ടുകളായി നിയമക്കുരുക്കുകളിലും സാങ്കേതികതയിലും അകപ്പെട്ട് ഭൂമിയുടെ ഉടമസ്ഥാവകാശം നിഷേധിക്കപ്പെട്ട വലിയ വിഭാഗം ജനങ്ങള്‍ക്കാണ് പട്ടയം നല്കാന് കഴിഞ്ഞത്. 6526 കുടുംബങ്ങള്‍ക്കാണ് പട്ടയം നൽകിയത്. ഈ സര്‍ക്കാറിെൻറ കാലത്ത് സംസ്ഥാനത്താകെ 1,63,610 പട്ടയങ്ങള്‍ നല്കാന് കഴിഞ്ഞു.
മന്ത്രി ഇ. ചന്ദ്രശേഖരന് അധ്യക്ഷതവഹിച്ചു. കഞ്ഞിക്കുഴിയില്‍ നടന്ന യോഗത്തില്‍ മന്ത്രി എം.എം. മണി പട്ടയവിതരണം നടത്തി. അര്‍ഹരായ മുഴുവൻ ആളുകള്‍ക്കും പട്ടയം നല്‍കണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് മന്ത്രി പറഞ്ഞു. സമയബന്ധിതമായി സർവേ നടപടി പൂര്‍ത്തിയാക്കി അര്‍ഹരായ മുഴുവനാളുകള്‍ക്കും പട്ടയം നല്‍കാനാണ് ശ്രമമെന്ന് കലക്ടര്‍ എച്ച്. ദിനേശന് പറഞ്ഞു.
വിവിധ ഭൂമിപതിവ് ഓഫിസുകളില്‍നിന്ന് തയാറായിട്ടുള്ളത് ഉള്‍പ്പെടെ 2199 പട്ടയങ്ങളാണ് പട്ടയമേളയില്‍ വിതരണം ചെയ്തത്. കട്ടപ്പന വില്ലേജിലെ തവളപ്പാറയില്‍ പ്രകൃതിക്ഷോഭത്തില്‍ ഭൂമി നഷ്ടപ്പെട്ട അഞ്ചു കുടുംബങ്ങള്‍ക്ക് സൗജന്യമായി ലഭിച്ച ഭൂമിയുടെ പട്ടയവും മേളയില്‍ വിതരണം ചെയ്തു. മുന്‍ എം.പി ജോയ്സ് ജോര്‍ജ്, മുന്‍ എം.എല്‍.എ കെ.കെ. ജയചന്ദ്രന്, സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ. ശിവരാമൻ, കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രാജേശ്വരി രാജന്, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സെലിന്, കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ജോസ് ഊരക്കാട്ടില്‍, തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.