ഇടുക്കി ജില്ല ലാബിൽ വെള്ളം പരിശോധിക്കുന്നു
തൊടുപുഴ: കുടിവെള്ള ഗുണനിലവാരം പരിശോധിക്കാൻ ജല അതോറിറ്റി ഗുണനിലവാര പരിശോധന വിഭാഗം ജില്ലയിൽ നാല് ആധുനിക ലബോറട്ടറി ആരംഭിച്ചു. ചെറുതോണിയിൽ ഇടുക്കി മെഡിക്കൽ കോളജിന് സമീപമാണ് ജില്ല ലബോറട്ടറി. സബ് ജില്ല ലാബോറട്ടറിയും ഇവിടെയാണ്. അടിമാലി പതിനാലാംമൈലിലും തൊടുപുഴയിലും സബ് ജില്ല ലബോറട്ടറി പ്രവർത്തിക്കുന്നു. ലാബുകൾക്ക് എൻ.എ.ബി.എൽ അംഗീകാരവും ഉണ്ട്.
ജൽ ജീവൻ മിഷന്റെ ഭാഗമായി നടത്തിയ സർവേ പ്രകാരം വിവിധ പഞ്ചായത്തുകളിലെ കിണർ, കുഴൽക്കിണർ, കുളം ഉൾപ്പെടെ കുടിവെള്ള സ്രോതസ്സുകളിലെ വെള്ളത്തിന്റെ ഗുണനിലവാരം കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്.സർവേ പ്രകാരം 23,690 സാമ്പിൾ പരിശോധിച്ചതിൽ 19,058 എണ്ണവും കുടിവെള്ളയോഗ്യമല്ല. കാഠിന്യം, പുളിപ്പ് രുചി, ഇരുമ്പ് ചുവ, സൾഫേറ്റ്, നൈട്രേറ്റ്, കോളി ഫോം, ഇ-കോളി എന്നിവയുടെ സാന്നിധ്യമാണ് കണ്ടെത്തിയത്.
കൃഷിയിൽ ഉപയോഗിക്കുന്ന കീടനാശിനി, രാസവള പ്രയോഗം മൂലവുമാണിത്. പുഴകളിലെ വെള്ളവും വലിയ തോതിൽ മലിനപ്പെട്ടിട്ടുണ്ട്.വർഷത്തിൽ രണ്ടുതവണ എങ്കിലും കുടിവെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കണമെന്ന് ജലഗുണനിലവാര പരിശോധന വിഭാഗം അറിയിച്ചു.
രാസ, ഭൗതിക പരിശോധനക്കായി ക്യാനിലോ ബോട്ടിലിലോ ശേഖരിച്ച രണ്ടു ലിറ്റർ വെള്ളവും ബാക്ടീരിയോളജി പരിശോധനക്കായി അണുമുക്തമാക്കിയ ബോട്ടിലിൽ (ഫീഡിങ് ബോട്ടിലും ആകാം) 200 മില്ലീലിറ്റർ വെള്ളവും എത്തിക്കണം.
ഓൺലൈൻ ആയാണ് ഫീസ് അടക്കേണ്ടത്. ഇതിനായി അക്ഷയ കേന്ദ്രം വഴിയോ മൊബൈൽ വഴിയോ പണമടക്കാം. www.qpay.kwa.kerala.gov.in എന്ന പോർട്ടൽ വഴി ഫീസ് അടച്ച രസീതും വെള്ളത്തിനൊപ്പം കൊണ്ടുവരണം.
ഫലം അഞ്ചു മുതൽ ഏഴു ദിവസത്തിനുള്ളിൽ വെബ്‌സൈറ്റിലൂടെതന്നെ ലഭിക്കും. പരിശോധനക്ക് ശേഷം ഗുണനിലവാരം മെച്ചപ്പെടുത്താനുള്ള നിർദേശങ്ങളും നൽകും. ഫോൺ: 04862 294353, 8547638131.
ഗാർഹിക കുടിവെള്ളം പരിശോധിക്കാൻ 850 രൂപയാണ് ഈടാക്കുന്നത്. ലൈസൻസിനു വേണ്ടി എല്ലാ ഘടകങ്ങളും ടെസ്റ്റ് ചെയ്യാൻ 3300 രൂപ അടക്കണം. കൂടുതൽ പരിശോധന പാക്കേജുകൾ വാട്ടർ അതോറിറ്റിയുടെ വെബ്‌സൈറ്റിൽ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.