ഗോഡൗണിൽ പ്രവർത്തിക്കുന്ന മൂലമറ്റം അഗ്നിരക്ഷാ നിലയം
മൂലമറ്റം: 50 കിലോമീറ്ററിലധികം വിസ്തൃതിയിൽ സുരക്ഷ ഒരുക്കേണ്ട മൂലമറ്റം അഗ്നിരക്ഷാ നിലയത്തിലെ ആബുലൻസും ഫയർ എൻജിനും കട്ടപ്പുറത്ത്. ആകെയുള്ള ഒരു ആംബുലൻസും രണ്ടെണ്ണത്തിൽ ഒരു ഫയർ എൻജിനുമാണ് കട്ടപ്പുറത്തുള്ളത്. തകരാർ പരിഹരിക്കാൻ ഫണ്ട് ലഭിക്കാത്തതിനാലാണ് വാഹനങ്ങൾ കട്ടപ്പുറത്ത് തുടരുന്നത്. രണ്ട് വാഹനത്തിന്റെയും തകരാർ പരിഹരിക്കാൻ 50,000 രൂപയോളം വേണം. സർക്കാറിലേക്ക് അപേക്ഷ നൽകിയെങ്കിലും ഫണ്ട് ലഭ്യമായിട്ടില്ല. മുമ്പ് തകരാറിലായപ്പോൾ മുടക്കിയ പണവും കുടിശ്ശികയാണ്.
ചെറിയ തകരാറാറുകൾ ജീവനക്കാർ പണം മുടക്കി പരിഹരിക്കുകയാണ് ചെയ്യുന്നത്. എന്നാൽ, തിരികെ ലഭിക്കാൻ കാലതാമസം നേരിടുന്നതിനാൽ അവരും ഇത്തവണ പണം മുടക്കിയില്ല. എത്രയും വേഗം തകരാർ പരിഹരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. മൂലമറ്റം ഗവ. ആശുപത്രിയുടെ ആംബുലൻസും മൂന്നുമാസമായി കട്ടപ്പുറത്താണ്.
സംസ്ഥാനത്ത് ഒട്ടാകെ വൈദ്യുതി വിതരണം ചെയ്യുന്ന മൂലമറ്റം വൈദ്യുതി നിലയത്തിന് സമീപത്തെ അഗ്നിരക്ഷാ നിലയത്തിന്റെ അവസ്ഥയാണിത്. അരനൂറ്റാണ്ടിലേറെ പഴക്കമുള്ള വൈദ്യുതി വകുപ്പിന്റെ പഴയ ഗോഡൗണിലാണ് മൂലമറ്റം അഗ്നിരക്ഷാ നിലയം നിലവിൽ പ്രവർത്തിക്കുന്നത്.
തകരഷീറ്റ് മേഞ്ഞ കെട്ടിടത്തിലാണ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്. കനാൽ കരയിൽ കാടുകയറിയ സ്ഥലത്തിനു സമീപത്താണ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്. ഇതുമൂലം ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ്. മഴപെയ്താൽ കമ്പ്യൂട്ടർ മുറിയും ജീവനക്കാരുടെ വിശ്രമമുറിയുമടക്കം വെള്ളം നിറയും. വലിയ ഹാളിനെ പലതായി തിരിച്ച് ഓഫിസ്, വിശ്രമമുറി, കമ്പ്യൂട്ടർ മുറി, അടുക്കള എന്നിവ സജ്ജീകരിച്ചിരിക്കുന്നതിനാൽ ബുദ്ധിമുട്ടുകളേറെയാണ്.
അടിക്കടി പൊട്ടിത്തെറികളുണ്ടാകുന്ന അതീവ സുരക്ഷാമേഖല കൂടിയായ ഈ പ്രദേശത്ത് സർവ സജ്ജീകരണങ്ങളുമുള്ള അഗ്നിരക്ഷാ നിലയമാണ് ആവശ്യം. എന്നാൽ, അതൊന്നും ഇവിടെ ഇല്ല. പവർ ഹൗസ് സ്ഥിതി ചെയ്യുന്ന മൂലമറ്റം പോലുള്ള സ്ഥലത്ത് എമർജൻസി ടെണ്ടർ എന്ന ആധുനിക സന്നാഹങ്ങളുമുള്ള വാഹനം അത്യാവശ്യമാണ്.
എമർജൻസി ടെണ്ടർ എന്ന വാഹനത്തിൽ അപകടത്തിൽപെടുന്നവരെ വാഹനം വെട്ടിപ്പൊളിച്ച് പുറത്തെടുക്കാൻ സഹായിക്കുന്നത് ഉൾപ്പെടെയുള്ള ആധുനിക ഉപകരണങ്ങൾ വരെയുണ്ട്. 150ഓളം ആധുനിക ഉപകരണങ്ങൾ വരെ ഈ ഒറ്റ വാഹനത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. വൈദ്യുതിനിലയങ്ങളിലെ അപകടങ്ങളിൽ രക്ഷാപ്രവർത്തനം നടത്താനാവശ്യമായ ഒരു ഉപകരണങ്ങളും മൂലമറ്റം അഗ്നിരക്ഷാ നിലയത്തിലില്ല.
വൈദ്യുതോപകരണങ്ങൾക്കും ഓയിൽ പോലുള്ള വസ്തുക്കൾക്കും തീപിടിത്തമുണ്ടായാൽ പ്രത്യേകതരം ഉപകരണങ്ങളാണ് തീകെടുത്താൻ ഉപയോഗിക്കുന്നത്. പവർ ഹൗസിൽ പൊട്ടിത്തെറി ഉണ്ടായാൽ പുക നിറയുകയും വായുസഞ്ചാരം ഇല്ലാതാകുകയും ചെയ്യും. ഇത്തരം സന്ദർഭങ്ങളിൽ ഉപയോഗിക്കാൻ ആവശ്യമായ ബ്രീത്തിങ് അപ്പാരറ്റസ് പോലും വേണ്ടത്ര നിലയത്തിലില്ല. നിലവിൽ തീ അണക്കാനുള്ള വാഹനം, ജീപ്പ്, ആംബുലൻസ് അത്യാവശ്യം വേണ്ട കുറച്ച് ഉപകരണങ്ങളും മാത്രമാണ് മൂലമറ്റത്ത് ഉള്ളത്.
മൂലമറ്റം പവർ ഹൗസിലെ തീപിടിത്തത്തിൽ രണ്ട് യുവ എൻജിനീയർമാർ മരിച്ചതിനെത്തുടർന്ന് അനുവദിച്ചതാണ് ഈ അഗ്നിശമന കേന്ദ്രം. പ്രവർത്തനം തുടങ്ങി വർഷങ്ങൾ പിന്നിട്ടിട്ടും സെർച്ച് ലൈറ്റ്, റബർ ഡിങ്കി, ഓക്സിജൻ സിലിണ്ടർ, സ്കൂബാ സെറ്റ്, അത്യാവശ്യം വേണ്ടുന്ന ബ്രീത്തിങ് ഉപകരണങ്ങൾ എന്നിവ പോലും ലഭിച്ചിട്ടില്ല. മലങ്കര ജലാശയത്തിൽ നിരവധി അപകടങ്ങളാണ് സംഭവിക്കാറുള്ളത്.
ഇവിടെ അഗ്നിശമന സേന എത്തിയാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നത്. ആശ്യത്തിന് ഉപകരണങ്ങൾ ഇല്ലാത്തതിനാൽ ജലാശയത്തിൽ അപകടങ്ങളിൽപെടുന്നവെരെ രക്ഷിക്കാനാവുന്നില്ല.
മറ്റ് സ്റ്റേഷനുകളിൽനിന്നും ഉപകരണങ്ങൾ എത്തിച്ചാണ് മൃതദേഹങ്ങൾ പുറത്തെടുക്കാറുള്ളത്. നിലവിൽ മൂലമറ്റം അഗ്നിരക്ഷാ നിലയത്തിൽ 4500 ലിറ്റർ ജലസംഭരണ ശേഷിയുള്ള ഒരു ഫയർ എൻജിനാണ്. ഇത് മൂലം ഇടുങ്ങിയതും ഉയർന്ന പ്രദേശങ്ങളുമായ മേഖലകളിൽ എത്തിപ്പെടാൻ സേനക്കാകുന്നില്ല.
എടാട്, ഇലപ്പള്ളി, വാഗമൺ, അഞ്ചിരി, ആലക്കോട്, നാളിയാനി, പൂച്ചപ്ര, മേലുകാവ്, ഇടപ്പള്ളി തുടങ്ങിയ മേഖലകളിലാണ് നിരന്തരം കാട്ടുതീ പടരാറുള്ളത്. ഫയർ എൻജിൻ എത്തുമ്പോഴേക്കും എല്ലാം കഴിഞ്ഞിരിക്കും. 2700 ലിറ്റർ ശേഷിയുള്ള ചെറിയ വാഹനങ്ങൾ ഇടുക്കി, വയനാട് പോലുള്ള മലയോര ജില്ലകളിലേക്ക് നൽകണമെന്നാണ് ഉദ്യോഗസ്ഥരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.