വൈദ്യുതി-ജലസേചന വകുപ്പ് യോഗം; വടക്കേപ്പുഴ ടൂറിസം പദ്ധതി നവംബറിൽ
മൂലമറ്റം: കുളമാവ് വടക്കേപ്പുഴ ഡൈവെര്‍ഷന്‍ പദ്ധതിയില്‍ വിനോദ സഞ്ചാര സാധ്യതകൂടി പ്രയോജനപ്പെടുത്തി പെഡല്‍ ബോട്ടിങ്, കയാക്കിങ് ഉള്‍പ്പെടെ വിനോദ സൗകര്യം ഏര്‍പ്പെടുത്തി നവംബര്‍ ഒന്നിന് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി അറിയിച്ചു.
മന്ത്രി റോഷി അഗസ്റ്റിന്റെ സാന്നിധ്യത്തില്‍ മൂലമറ്റത്ത് ചേര്‍ന്ന വൈദ്യുതി വകുപ്പ്-ജലസേചന വകുപ്പ് ഉന്നതതല യോഗത്തിലാണ് തീരുമാനം. ഹൈഡല്‍ ടൂറിസം മുഖേനയാണ് പദ്ധതിയുടെ നടത്തിപ്പ്. ഇടുക്കി ആര്‍ച്ച് ഡാമിലേക്കുള്ള വെള്ളം ക്രമീകരിച്ച് വേനല്‍കാലത്തും ജലം ഉറപ്പാക്കുന്നതിനു വേണ്ടിയാണ് കുളമാവ് ഡൈവെര്‍ഷന്‍ സ്കീം നടപ്പാക്കിയത്.
ടൂറിസം പദ്ധതിയുടെ ഭാഗമായി ഇവിടുത്തെ ചളി നീക്കം ചെയ്തു ആഴം ഉറപ്പാക്കും. ഇതോടനുബന്ധിച്ച് പാര്‍ക്കിങ് സൗകര്യം, കഫറ്റീരിയ സൗകര്യവും ഒരുക്കും. ജലശുദ്ധീകരണ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനും വെള്ളം പമ്പ് ചെയ്യുന്നതിനും അനുമതി നല്കി. ചെറുതോണിയില്‍ ഫ്ലോട്ടിങ് പമ്പ് സെറ്റ് സ്ഥാപിക്കല്‍, വിതരണശൃംഖല സ്ഥാപിക്കല്‍, അയ്യപ്പന്‍കോവില്‍-കാഞ്ചിയാര്‍ പഞ്ചായത്തുകളില്‍ വെള്ളം എത്തിക്കാൻ തോണിത്തടിയില്‍ പമ്പ് സെറ്റ് സ്ഥാപിക്കുന്നതിനും പരമാവധി ജലനിരപ്പിന് (എം.എഫ്.എൽ) മുകള്‍ ഭാഗത്തായി ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കുന്നതിനായും അനുമതി നല്കാന് തീരുമാനിച്ചു.
മൂലമറ്റത്ത് ട്രഷറി നിര്‍മിക്കുന്നതിന് നല്കിയ സ്ഥലത്ത് രജിസ്ട്രേഷന് ഓഫിസുകൂടി ആരംഭിക്കുന്നതിന് തുടര്‍നടപടി സ്വീകരിക്കും. ജില്ലയിലെ ക്വാര്‍ട്ടേഴ്സുകള്‍ നവീകരിക്കുന്നതിനും തീരുമാനമെടുത്തു. കുളമാവ് പഴയ പൊലീസ് ഔട്ട് പോസ്റ്റിനോട് ചേര്‍ന്ന് വിനോദ സഞ്ചാരികള്‍ക്ക് റിഫ്രഷ്മെന്റ് സൗകര്യം ഒരുക്കുന്നതിനുള്ള നടപടി പഠിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശം നല്കി.
ഹൈഡല്‍ ടൂറിസം പ്രോജക്ട് ഡയറക്ടര്‍ നരേന്ദ്രനാഥ് വെല്ലൂരി പദ്ധതി അവതരിപ്പിച്ചു. കെ.എസ്.ഇ.ബി ഡയറക്ടര്‍ ജി. സജീവ്, കെ.എസ്.ഇ.ബി ചീഫ് എൻജിനീയര്‍ (ഡാം സേഫ്റ്റി) നന്ദകുമാര്‍, എക്സി. എൻജിനീയര്‍ (ഡാം സേഫ്റ്റി വാഴത്തോപ്പ്) ലിന് ചെറിയാന്, ജല അതോറിറ്റിയെ പ്രതിനിധാനം ചെയ്ത് പ്രദീപ് (ചീഫ് എൻജിനീയര്‍, കെ.ഡബ്ല്യു.എ), കൃഷ്ണ കുമാര്‍ (ചീഫ് എൻജിനീയര്‍ പ്രോജക്ട് കെ.ഡബ്ല്യു.എ,), എന്‍.ആര്. ഹരി(സൂപ്രണ്ടിങ് എൻജിനീയര്‍ പി.എച്ച് സര്‍ക്കിള്‍ ഇടുക്കി), സുധീര്‍ (എക്സി. എൻജിനീയര്‍ പ്രോജക്ട്), അബി മുണ്ടക്കല്‍ (അസി. എക്സി. എൻജിനീയര്‍), സന്ദീപ് എസ്. പിള്ള (അസി.എക്സി. എൻജിനീയര്‍), വിഷ്ണു വിജയന് (അസി. എക്സി. എൻജിനീയര്‍) എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.