ഇടമലക്കുടി നിവാസികൾ ശ്രമദാനമായി റോഡ് പണിക്കുള്ള ഒരുക്കങ്ങൾ നടത്തുന്നു
ഇടമലക്കുടി നിവാസികളുടെ വഴിതെളിയുമോ?
മൂന്നാർ: സംസ്ഥാനത്തെ ആദ്യ ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയിലേക്ക് വഴി തെളിയുമെന്ന ആഹ്ലാദത്തിലാണ് പ്രദേശവാസികൾ. ഉന്നതി നിവാസികളുടെ നീണ്ടകാല ആവശ്യത്തിന് തടസ്സമായി നിന്നിരുന്ന റോഡ് പണിക്ക് വനം വകുപ്പിന്റെ എന്‍.ഒ.സി ലഭിച്ചതോടെയാണ് പണികള്‍ക്ക് തുടക്കം കുറിക്കുന്നത്. എന്‍.ഒ.സി ലഭിച്ചതോടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് നിർമാണം ആരംഭിക്കുവാനാണ് ഉദ്യോഗസ്ഥര്‍ ഒരുങ്ങുന്നത്.
ഇടമലക്കുടി പഞ്ചായത്തിലെ വിദൂര ഊരുകളായ മീന്‍കുത്തിക്കുടിയില്‍നിന്നു കൂടല്ലാര്‍ക്കുടി വരെയുള്ള മൂന്ന് കിലോമീറ്റര്‍ ദൂരത്തെ റോഡ് നിര്‍മാണത്തിനാണ് വനം വകുപ്പ് എന്‍.ഒ.സി അനുവദിച്ചത്. മണ്‍വെട്ടി റോഡിന് പാകമാക്കുന്ന വിധത്തിലുള്ള പണികളാണ് ആരംഭിച്ചിട്ടുള്ളത്. ഇടമലക്കുടിയുടെ യാത്രാ ദുരിതത്തിന് പൂര്‍ണ പരിഹാരം കണ്ടെത്തുവാന്‍ മലയാറ്റൂര്‍ വനം ഡിവിഷനില്‍ പെട്ട കൂടല്ലാര്‍ക്കുടിയില്‍ നിന്ന് ആനക്കുളം വരെയുള്ള മൂന്ന് കിലോമീറ്റര്‍ റോഡ് നിര്‍മാണത്തിനുകൂടി അനുമതി ലഭിക്കണം.
റോഡ് യാഥാര്‍ഥ്യമാകുന്നതോടെ ഊരുകളില്‍നിന്നുള്ളവര്‍ക്ക് വിദൂര പ്രദേശങ്ങളിലെ 10 ഉന്നതികളില്‍ നിന്നുള്ളവര്‍ക്ക് ആനക്കുളം വഴി മാങ്കുളത്തും അടിമാലിയിലും വേഗത്തിലെ എത്താന്‍ കഴിയും. ഇടമലക്കുടിയിലെ ജനങ്ങളുടെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനായി വിവിധ വകുപ്പുകളുമായി ഏകോപിപ്പിച്ച് വനം വകുപ്പ് പുതിയ പദ്ധതി തയാറാക്കുന്നതായാണ് വിവരം. ഉള്‍വനത്തിലും ദുര്‍ഘട പ്രദേശങ്ങളിലുമുള്ള വിവിധ ഉന്നതികളെ ബന്ധിപ്പിക്കുന്ന വിധത്തിലുള്ള പദ്ധതിയാണ് വനം വകുപ്പ് തയാറാക്കുന്നത്.
പഞ്ചായത്തിലെ ജനവാസമുള്ള 24 ഊരുകളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡുകള്‍ നിര്‍മിച്ച് വാഹന ഗതാഗത സൗകര്യമൊരുക്കുന്നതിനാണ് ആദ്യ മുന്‍ഗണന. പാലങ്ങളും കലുങ്കുകളും ആവശ്യമുള്ളയിടങ്ങളില്‍ നിര്‍മിക്കും. എല്ലാ ഊരുകളിലെയും റോഡുകള്‍ പഞ്ചായത്ത് ആസ്ഥാനമായ സൊസൈറ്റിക്കുടിയുമായി ബന്ധിപ്പിക്കും. സൊസൈറ്റിക്കുടിയില്‍നിന്നും പെട്ടിമുടി വഴി മൂന്നാറിലെത്തുന്ന വിധത്തിലാണ് പദ്ധതി തയാറാക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.