മാങ്കുളത്ത് തെങ്ങിൽനിന്ന് കരിക്ക് പറിച്ച് കുടിച്ച് ബാക്കി ഭാഗം ഉപേക്ഷിച്ച നിലയിൽ
സഞ്ചാരികളേ, കർഷകരുടെ ഉപജീവനമാർഗം നശിപ്പിക്കല്ലേ...; മാങ്കുളം മേഖലയിൽ സഞ്ചാരികൾ കാർഷിക വിളകൾ നശിപ്പിക്കുന്നതായി പരാതി
അടിമാലി: മാങ്കുളം മേഖലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തുന്ന സഞ്ചാരികൾ കർഷകരുടെ ഉപജീവനമാർഗങ്ങൾ നശിപ്പിക്കുന്നതായി വ്യാപക പരാതി. തെങ്ങിൽ കയറി കരിക്ക് പറിച്ച് കഴിക്കുക, ഏലച്ചെടികൾ നശിപ്പിക്കുക, കൊക്കോ കായ്കൾ പറിച്ചെടുക്കുക, കുരുമുളക് ചെടികൾ നശിപ്പിക്കുക തുടങ്ങി സഞ്ചാരികളുടെ അതിരുവിട്ട പ്രവർത്തനംമൂലം പ്രതിസന്ധി നേരിടുകയാണ് മാങ്കുളം പഞ്ചായത്തിലെ വിവിധ മേഖലയിലുള്ള കർഷകർ.
കഴിഞ്ഞ ദിവസം വീട്ടിൽ ആളില്ലാത്ത സമയത്ത് പ്രദേശത്തെ കർഷകന്റെ തെങ്ങിലെ മുഴുവൻ കരിക്കും പറിച്ച സംഘം ഇവിടെ തന്നെവെച്ച് കല്ലിൽ ഇടിച്ചു പൊട്ടിച്ചു കുടിച്ചു. കൂടാതെ ഇതിന്റെ തൊണ്ട് വലിച്ചെറിഞ്ഞ് ഏലച്ചെടികളും നശിപ്പിച്ചു. ശരം സഹിതം വലിച്ചു പറിച്ചും വ്യാപകമായി നശിപ്പിച്ചതായാണ് പരാതി. ഇത്തരത്തിൽ നിരവധി പേരാണ് ഓരോ ദിവസവും പരാതിയുമായി മുന്നോട്ടുവരുന്നത്. ഇത്തരം പ്രവൃത്തി പലരുടെയും ഉപജീവനമാർഗം ഇല്ലാതാക്കുന്നുണ്ട്. മറ്റൊരു കർഷകന്റെ കൊക്കോ, കുരുമുളക് തുടങ്ങിയവയും നശിപ്പിച്ചിട്ടുണ്ട്. ഇതോടെ കൃഷിക്കും സംരക്ഷണം വേണമെന്നാണ് ഇപ്പോൾ ഉയരുന്ന ആവശ്യം.
ഹൈറേഞ്ചിൽ അടുത്തിടെ കൊക്കോ കായ്കൾ വ്യാപകമായി കാണാതാകുന്ന പ്രവണതയുണ്ട്. റോഡ് സൈഡിലുള്ള തോട്ടങ്ങളിലെ കായ്കളാണ് കൂടുതലായും കാണാതാകുന്നത്. കായ് പറിക്കുന്നത് പിടിക്കപ്പെടുമ്പോൾ മദ്യത്തിനൊപ്പം ചേർത്ത് കഴിക്കാൻ എന്നാണ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.