ഒപ്പന (ഹൈസ്കൂൾ വിഭാഗം) എം.കെ.എൻ.എം.എച്ച്.എസ്.എസ് കുമാരമംഗലം
മുരിക്കാശ്ശേരി: ജില്ല കലോത്സവം നാലാംദിനം പിന്നിടുമ്പോള്‍ ഒറ്റ പോയന്റിന്റെ വ്യത്യാസത്തില്‍ കട്ടപ്പന ഉപജില്ല മുന്നില്‍. കട്ടപ്പന 770 പോയന്റും തൊടുപുഴ 769 പോയന്റും നേടി മുന്നേറുന്നു. രണ്ടുദിവസം മുന്നിലായിരുന്ന അടിമാലി ഉപജില്ല 729 പോയന്റോടെ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. സ്‌കൂളുകളില്‍ കുമാരമംഗലം എം.കെ.എന്‍.എം എച്ച്.എസ്.എസ് 200 പോയിന്റുമായി മുന്നില്‍.
കൂമ്പന്‍പാറ ഫാത്തിമമാതാ ഗേള്‍സ് എച്ച്.എസ്.എസ് 186 പോയിന്റോടെ രണ്ടാമതും കല്ലാര്‍ ജി.എച്ച്.എസ്.എസ് 156 പോയന്റുനേടി മൂന്നാമതും തുടരുന്നു. എച്ച്.എസ്.എസ്. വിഭാഗത്തില്‍ 106 പോയന്റോടെ കൂമ്പന്‍പാറ ഫാത്തിമ മാത സ്‌കൂളും എച്ച്.എസ് വിഭാഗത്തില്‍ 76 പോയന്റും യു.പി വിഭാഗത്തില്‍ 34 പോയന്റും നേടി കുമാരമംഗലം എം.കെ.എന്‍.എം എച്ച്.എസ്.എസും തുടരുന്നു. 277 ഇനങ്ങള്‍ പൂര്‍ത്തിയായി. ഇതുവരെ 29 അപ്പീലുകള്‍ ലഭിച്ചു. അഞ്ചുദിനം നീണ്ട കലോത്സവത്തിന് വെള്ളിയാഴ്ച തിരശ്ശീല വീഴും.
മൈലാഞ്ചി മൊഞ്ചും കൈകൊട്ടി പാട്ടുമായി മൊഞ്ചത്തിമാർ അരങ്ങിലെത്തിയതോടെ കലോത്സവ നഗരി ജനസാഗരമായി. പ്രവാചകന്‍റെയും ഖദീജയുടെയും മംഗലവാഴ്ത്തുകളോടൊപ്പം വളകിലുക്കവും മെയ് താളവും ചേർന്നപ്പോൾ ഒപ്പന കാണാൻ എത്തിയവരുടെ മനസ്സും നിറഞ്ഞു. ഹൈസ്കൂൾ വിഭാഗത്തിൽ എം.കെ.എൻ.എം.എച്ച്.എച്ച്.എസ്.എസ് കുമാരമംഗലത്തിനാണ് ഒന്നാം സ്ഥാനം.
പുതുവഴികൾ തേടിയ മിമിക്രി വേദിയിൽ തുടർച്ചയായ നാലാം വട്ടവും ഗൗതം കൃഷ്ണ ജേതാവ്. സിനിമാതാരങ്ങളും രാഷ്ട്രീയ നേതാക്കളും ചാനൽ അവതാരകരും തീവണ്ടിയും പക്ഷിമൃഗാദികളുമെല്ലാം നിറഞ്ഞാടിയ മിമിക്രി വേദിയിലാണ് ഗൗതം വ്യത്യസ്ഥനായത്. പ്രകൃതിയായിരുന്നു ഈ വിദ്യാർഥിയുടെ അവതരണ വിഷയം.
വെള്ളാപ്പള്ളിയടക്കമുള്ളവരുടെ ശബ്ദം ഡി.ജെ ശൈലിയിൽ അനുകരിച്ച് സദസ്സിന്‍റെ പ്രശംസ ഏറ്റുവാങ്ങി. ഹൈസ്കൂൾ മുതൽ മിമിക്രിയിൽ താരമായ ഗൗതം ഇത്തവണ ഹയർ സെക്കൻഡറി വിഭാഗത്തിലാണ് മത്സരിച്ചത്. മുതലക്കോടം സെന്‍റ് ജോർജ് എച്ച്.എസ്.എസ് വിദ്യാർഥിയാണ്. യൂട്യൂബ് സഹായത്തോടെയായിരുന്നു മിമിക്രി പഠനം. തൊമ്മൻകുത്ത് ചെട്ടിക്കുന്നേൽ അജിൻ-ഗംഗ ദമ്പതികളുടെ മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.