കട്ടപ്പന: പത്തുചെയിനിലെ പട്ടയ നടപടികൾക്ക് പണപ്പിരിവ് നടത്തിയെന്ന ആരോപണം സംബന്ധിച്ച പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് കോടതി ഉത്തരവിട്ട പുനരന്വേഷണവും ഇഴയുന്നു. മാട്ടുക്കട്ട ചാലിൽതാഴെ പി.എൻ. വിനോദ് അഡ്വ. ടോം തോമസ് മുഖേന നൽകിയ ഹരജിയിൽ കട്ടപ്പന ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് പുനരന്വേഷണത്തിന് ഉത്തരവിട്ടത്. ഉത്തരവിട്ട് രണ്ട് മാസമായിട്ടും പരാതിക്കാരിൽ ഭൂരിഭാഗം പേരുടെയും മൊഴിയെടുപ്പ് പൂർത്തിയായിട്ടില്ല. 190 പേരാണ് പരാതിക്കാർ. പരാതിക്കാരനായ വിനോദിെൻറ അടക്കം പലരുടെയും മൊഴിയെടുത്തുവെങ്കിലും അന്വേഷണം ഇഴയുകയാണ്.
പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ പലരും സ്ഥലംമാറിയതും വിനയായി. പണപ്പിരിവ് നടത്തിയവരിൽ പ്രധാനികൾ രാഷ്ട്രീയ നേതാക്കളായതിനാൽ അന്വേഷണം ഏതുവിധേനെയും വൈകിപ്പിക്കാനാണ് അവരുടെയും ശ്രമം. പത്തുചെയിനിൽ ഏഴു ചെയിനിലെ കർഷകർക്ക് പട്ടയം ലഭിച്ചതോടെ മൂന്ന് ചെയിനിലെ കർഷകരെ നേതാക്കൾ അവഗണിച്ചതാണ് പരാതിക്കിടയാക്കിയത്.
പത്തുചെയിനിലെ മുഴുവൻ ഭൂമിക്കും പട്ടയം ലഭ്യമാക്കാൻ സർവേ ഉൾപ്പെടെ നടപടി സ്വീകരിക്കാൻ 2018 മേയ് 25ന് കാഞ്ചിയാർ, അയ്യപ്പൻകോവിൽ പഞ്ചായത്തു പ്രസിഡന്റുമാരുടെ നേതൃത്വത്തിൽ മാട്ടുക്കട്ടയിൽ കർഷകരുടെ യോഗം വിളിച്ച് സമിതി രൂപവത്കരിച്ചാണ് പട്ടയത്തിന് പണപ്പിരിവ് നടത്താൻ പ്ലാനിട്ടത്. അന്നത്തെ എം.എൽ.എ ഇ.എസ്. ബിജിമോൾ ഉൾപ്പെടെ ജനപ്രതിനിധികൾ, ഭൂപതിവ് തഹസിൽദാർ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു. 10 ചെയിനിലെ കർഷകരുടെ മുഴുവൻ ഭൂമിക്കും പട്ടയം നൽകുമെന്ന് നേതാക്കൾ ഉറപ്പുനൽകിയാണ് കർഷകരുടെ വിശ്വാസം നേടിയത്. തുടർന്ന് സമിതി തീരുമാനപ്രകാരം കർഷകരിൽനിന്ന് പണപ്പിരിവ് നടത്തി.
എന്നാൽ, ഏഴു ചെയിനിൽ മാത്രമേ പട്ടയം നൽകാൻ കഴിയൂ എന്ന റവന്യൂ വകുപ്പിന്റെ നിലപാട് സർക്കാർ അംഗീകരിച്ചതോടെ മൂന്ന് ചെയിനിലെ കർഷകർക്ക് പട്ടയം ലഭിക്കാതെ വരുകയും പണം നഷ്ടമാകുകയും ചെയ്തു. ഇതോടെ മൂന്ന് ചെയിനിൽ കർഷകർ പിരിച്ചെടുത്ത പണം തിരികെ തരണമെന്ന് ആവശ്യപ്പെട്ടു. ഇവരെ ആശ്വസിപ്പിക്കാൻ മൂന്നു ചെയിനിൽ പട്ടയം ലഭ്യമാക്കാൻ നിയമ നടപടികളുമായി ഹൈകോടതിയെ സമീപിക്കുമെന്ന് ഭാരവാഹികൾ ഉറപ്പ് നൽകി. എന്നാൽ, മാസങ്ങൾ കഴിഞ്ഞിട്ടും കോടതിയിൽ പോകാനോ പണം തിരിച്ച് നൽകാനോ തയാറായില്ല. ഇതോടെ മൂന്ന് ചെയിൻ സംരക്ഷണ സമിതി രൂപവത്കരിച്ച് കർഷകർ മുഖ്യമന്ത്രി അടക്കമുള്ളവർക്ക് പരാതി നൽകുകയും വില്ലേജ് ഓഫിസിനു മുന്നിൽ നിൽപ് സമരം നടത്തുകയും ചെയ്തു. കർഷക സമരം ശക്തമായതോടെ പട്ടയ സമിതി ചെയർമാൻ അയ്യപ്പൻകോവിൽ പഞ്ചായത്ത് മുൻ പ്രസിഡന്റ് എ.എൽ. ബാബു, കൺവീനർ കാഞ്ചിയാർ പഞ്ചായത്ത് മുൻ പ്രസിഡന്റ് വി.ആർ. ശശി, സെക്രട്ടറി കെ.ജെ. ജോസഫ്, ട്രഷറർ ടി.എൻ. ഗോപിനാഥപിള്ള എന്നിവർക്കെതിരെ ഉപ്പുതറ പൊലീസ് കേസെടുത്തു. സ്പെഷൽ ബ്രാഞ്ചും വിജിലൻസ് വിഭാഗവും പ്രാഥമിക അന്വേഷണവും നടത്തി. എന്നാൽ, രാഷ്ട്രീയ സമ്മർദത്തെ തുടർന്ന് തുടർനടപടികൾ ഉണ്ടായില്ല. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന റിപ്പോർട്ടോടെ ഉപ്പുതറ പൊലീസ് എഴുതിത്തള്ളുകയും ചെയ്തു. ഇതിനെതിരെയാണ് വിനോദ് കോടതിയെ സമീപിച്ച് പുനരന്വേഷണ ഉത്തരവ് നേടിയത്. 2500ഓളം കർഷകരിൽനിന്ന് 20 ലക്ഷത്തോളം രൂപ സമിതി പിരിച്ചെടുത്തെന്ന് ആരോപിച്ചാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.