മാട്ടുെപ്പട്ടി ബോട്ടുജെട്ടി
താനൂർ ബോട്ടപകടത്തിന്റെ നൊമ്പരക്കാഴ്ചക്കിടെ കേരളത്തെ നടുക്കിയ മറ്റൊരു ജല ദുരന്തത്തിന്റെ ഓർമകളിലാണ് നാട്. 2009 സെപ്റ്റംബർ 30ലെ തേക്കടി ബോട്ട് ദുരന്തം. കെ.ടി.ഡി.സിയുടെ ‘ജലകന്യക’ എന്ന ഇരുനില ബോട്ട് തേക്കടി തടാകത്തിൽ മറിഞ്ഞ് 45 പേരുടെ ജീവൻ നഷ്ടമായി. താനൂർ ബോട്ടപകടത്തിന്റെ പശ്ചാത്തലത്തിൽ ഇടുക്കി ജില്ലയിലെ ജലാശയങ്ങളിലെ യാത്രകൾ എത്ര സുരക്ഷിതമാണെന്ന് അന്വേഷിക്കുകയാണിവിടെ.
മൂന്നാർ: താനൂർ ബോട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തിങ്കളാഴ്ച മൂന്നാറിലെ ബോട്ടിങ് പ്രദേശങ്ങളിൽ പൊലീസ് പരിശോധന നടത്തി. ബോട്ടുകളും അവയുടെ ഫിറ്റ്നസ്, ഇൻഷുറൻസ് രേഖകളും പരിശോധിച്ചു. ജില്ലയിൽ ബോട്ടിങ്ങിന് ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ എത്തുന്നത് മൂന്നാറിലാണ്. പഴയ മൂന്നാർ, മാട്ടുപ്പെട്ടി, ഇക്കോ പോയന്റ്, കുണ്ടള, ചെങ്കുളം, ആനയിറങ്കൽ എന്നിവിടങ്ങളിലാണ് ബോട്ടിങ് സൗകര്യമുള്ളത്. ഹൈഡൽ ടൂറിസത്തിനും ഡി.ടി.പി.സിക്കും ഇവിടങ്ങളിൽ ബോട്ടുകളുണ്ട്.
സർക്കാറിന്റെതന്നെ ഏജൻസികൾ എന്ന നിലയിൽ സുരക്ഷാ മാനദണ്ഡങ്ങൾ പൂർണമായി പാലിച്ചാണ് ബോട്ടിങ്. ലൈഫ് ജാക്കറ്റ് ധരിക്കുന്നതിലും നിശ്ചിത എണ്ണം യാത്രക്കാരെ മാത്രം കയറ്റുന്നതിലും അത് പാലിക്കുന്നു. ലൈഫ് ജാക്കറ്റ് ധരിക്കാൻ വിസമ്മതിക്കുന്നവരെ യാത്രക്ക് അനുവദിക്കാറുമില്ല. പ്രതികൂല കാലാവസ്ഥയിൽ ബോട്ടിങ് നിർത്തിവെക്കുകയും ചെയ്യും.
ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്ന മാട്ടുപ്പെട്ടിയിലെ ജെട്ടി പൂർണമായും കാമറ നിരീക്ഷണത്തിലുമാണ്. ഇവിടെ ഏക അപകടസാധ്യതയുള്ളത് ജലനിരപ്പ് കുറയുന്ന സമയത്ത് യാത്രക്കാർക്ക് ബോട്ട് അടുക്കുന്ന ഭാഗത്തേക്ക് എത്താനുള്ള ബുദ്ധിമുട്ടാണ്. കുത്തനെയുള്ള ഇറക്കത്തിൽ ഉരുളൻകല്ലുകൾ കൂടിക്കിടക്കുന്നത് യാത്രക്കാർ പലപ്പോഴും കാൽവഴുതി വീഴാൻ കാരണമാവുന്നുവെന്നും ആക്ഷേപമുണ്ട്.
തൊടുപുഴ: ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ബോട്ടിങ് കേന്ദ്രങ്ങളിൽ ജാഗ്രത ശക്തമാക്കാൻ നിർദേശം നൽകിയതായി ഡി.ടി.പി.സി. കൃത്യമായ മാർഗനിർദേശങ്ങൾ പാലിച്ച് ഏറ്റവും സുരക്ഷിതമായാണ് സഞ്ചാരികളുമായി യാത്ര ചെയ്യുന്നതെന്ന് ഡി.ടി.പി.സി സെക്രട്ടറി ജിതേഷ് പറഞ്ഞു.
ലൈഫ് ജാക്കറ്റടക്കം ധരിച്ചിട്ടുണ്ടെങ്കിലേ സർവിസ് ആരംഭിക്കൂ. ആളുകളുടെ എണ്ണത്തിലും കൃത്യമായ മാനദണ്ഡം പാലിക്കുന്നുണ്ട്. ഡി.ടി.പി.സിയുടെ കീഴിൽ മാട്ടുപ്പെട്ടിയിലാണ് പ്രധാനമായും ബോട്ട് സർവിസുള്ളത്. വാഗമണ്ണിൽ അഡ്വഞ്ചർ പാർക്കിൽ കുട്ടവഞ്ചി, കയാക്കിങ് നടത്തുന്നുണ്ട്. ഹിൽവ്യൂ പാർക്കിലും സഞ്ചാരികൾക്കായി സുരക്ഷിത ബോട്ടിങ് സജ്ജീകരിച്ചിട്ടുണ്ട്. ഇവിടങ്ങളിലെല്ലാം കൃത്യമായ പരിശോധന നടത്തുന്നുണ്ടെന്നും സുരക്ഷ ഉറപ്പാക്കി മാത്രമാണ് യാത്രകൾ സംഘടിപ്പിക്കുന്നതെന്നും സെക്രട്ടറി പറഞ്ഞു.
കുമളി: ദുരന്തശേഷം തുറമുഖ വകുപ്പിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കൃത്യമായ പരിശോധന തേക്കടിയിൽ യഥാസമയങ്ങളിൽ നടക്കുന്നുണ്ട്. ഇവർ നൽകുന്ന ഫിറ്റ്നസിന്റെ അടിസ്ഥാനത്തിലാണ് ബോട്ട് സർവിസ്. ടിക്കറ്റുകൾ നൽകുന്നതിലും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഒരു ബോട്ടിലേക്ക് കയറ്റാവുന്ന യാത്രക്കാരുടെ എണ്ണവും പരിമിതപ്പെടുത്തി. മുമ്പുണ്ടായിരുന്നതിൽനിന്ന് 20 മുതൽ 40 ശതമാനം വെട്ടിക്കുറച്ചു. എല്ലാ ബോട്ടിലും ലൈഫ് ഗാർഡുകളും ലൈഫ് ബോയകളും ഉണ്ട്. യാത്രക്കാരുടെ എണ്ണത്തിനനുസരിച്ചാണ് ലൈഫ് ജാക്കറ്റുകളുള്ളത്. അഞ്ച് സമയങ്ങളിലാണ് തേക്കടിയിൽ ബോട്ട് സവാരി.
അതേസമയം, തേക്കടി ദുരന്തത്തിന് പിന്നാലെ റിട്ട. ജസ്റ്റിസ് മൊയ്തീൻകുഞ്ഞിന്റെ നേതൃത്വത്തിൽ സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും റിപ്പോർട്ടിൽ തുടർ നടപടിയുണ്ടായില്ല. എന്നാൽ, അപകടശേഷം തേക്കടിയിലെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളും പരിശോധനകളും ശക്തമാക്കി.
അതിനിടെ, തിരക്കുള്ള സമയങ്ങളിൽ വൈകിയും ബോട്ട് യാത്ര നടത്തുന്നുണ്ടെന്ന വിമർശനമുയരുന്നുണ്ട്. തമിഴ്നാട് ബോട്ടിൽ കൂടുതലായി തൊഴിലാളികളെ മുല്ലപ്പെരിയാറിലേക്ക് കൊണ്ടുപോകുന്ന സാഹചര്യമുണ്ടെന്ന ആക്ഷേപവും നിലനിൽക്കുന്നു.
ചെറുതോണി: ഇടുക്കി ഡാമിൽ വനം വന്യജീവി വകുപ്പ് ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായി നടത്തുന്ന ബോട്ടുസവാരി എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണെന്ന് അധികൃതർ. ഒരേ സമയം 20 പേർക്കു മാത്രമേ സഞ്ചരിക്കാൻ അനുവാദം കൊടുക്കൂ.
ഇതിൽ രണ്ടുപേർ ജീവനക്കാരാണ്. യാത്രക്കാർക്ക് ആവശ്യമായ സഹായവും നിർദേശങ്ങളും നൽകും. ആവശ്യമുള്ള ലൈഫ് ജാക്കറ്റ് ബോട്ടിലുണ്ട്. ഇതിനും പുറമെ അടിയന്തര സഹായം നൽകാൻ അഞ്ച് ലൈഫ് ബോയയും ബോട്ടിലുണ്ട്. ഒരു ലൈഫ് ബോ അഞ്ചു പേർക്ക് ഉപയോഗിക്കാം. രണ്ടു നിരീക്ഷണ ബോട്ടുകൾ സദാസമയവും ഡാമിലുണ്ടെന്നും അധികൃതർ പറഞ്ഞു.
തൊടുപുഴ: ബോട്ട് യാത്ര നടത്തുന്നവർ ജീവനക്കാർ നൽകുന്ന കൃത്യമായ നിർദേശങ്ങളും മുന്നറിയിപ്പുകളും പാലിക്കണമെന്ന് ജില്ല ഫയർ ഓഫിസറുടെ നിർദേശം. ബോട്ട് യാത്രയിലെ അപകടസാധ്യതകളെക്കുറിച്ച് സഞ്ചാരികളും ബോധവാന്മാരാകേണ്ടതുണ്ട്.സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള ബോട്ട് യാത്രകളിൽനിന്നും മറ്റ് വിനോദങ്ങളിൽനിന്നും മാറിനിൽക്കാൻ എല്ലാവരും ശ്രദ്ധിക്കണം. ബോട്ടിൽ കയറുമ്പോൾ നിർബന്ധമായും ലൈഫ് ജാക്കറ്റ് ധരിക്കണം.
ബോട്ടിന് താങ്ങാവുന്നതിലേറെ ആളുകളെ കയറ്റുന്നില്ലെന്ന് ഉറപ്പ് വരുത്തണം. ആളുകളുടെ എണ്ണം കൂടുതലുള്ള ബോട്ടിൽ ഒരു കാരണവശാലും യാത്ര ചെയ്യരുത്. കനത്ത മഴയും കാറ്റും ഉള്ളപ്പോഴും വെളിച്ചം കുറവുള്ളപ്പോഴും യാത്ര ഒഴിവാക്കുക. സീറ്റിൽ ഇരിക്കുകയോ ഒരിടത്ത് നിൽക്കുകയോ ചെയ്യുക. ബോട്ട് സുരക്ഷിതമായി നിർത്തിയശേഷം മാത്രമേ ഇറങ്ങാവൂ. കുട്ടികളുടെ മേൽ എപ്പോഴും ശ്രദ്ധവേണം.
കൈക്കുഞ്ഞുങ്ങളെ കൂട്ടിയുള്ള ബോട്ട് യാത്രകൾ ഒഴിവാക്കുക. ബോട്ടിന്റെ ബാലൻസ് നഷ്ടപ്പെടുന്ന വിധത്തിലുള്ള പ്രവൃത്തികൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. ബോട്ട് യാത്രക്കിടെ സാഹസിക സെൽഫിയടക്കമുള്ള കാര്യങ്ങൾ ഒഴിവാക്കണമെന്നും ഇടുക്കി ജില്ല ഫയർ ഓഫിസർ കെ.ആർ. അഭിലാഷ് പറഞ്ഞു.
മുട്ടം: ജലാശയങ്ങളിലെ അപകടങ്ങൾ തുടർക്കഥയാകുമ്പോഴും സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാൻ ജനങ്ങളും അവ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ അധികൃതരും തയാറാകുന്നില്ല. വള്ളം മറിഞ്ഞും കുളിക്കാനിറങ്ങുമ്പോൾ ഒഴുക്കിൽപെട്ടും നിരവധി ജീവനാണ് ഇടുക്കിയിലെ വിവിധ ജലാശയങ്ങളിൽ പൊലിഞ്ഞത്. ഇടുക്കി അണക്കെട്ടിന്റെ ഭാഗമായ കുളമാവ് ജലാശയത്തിൽ കോഴിപ്പിള്ളി വല്ല്യവീട്ടിൽ ദിവാകരൻ (55) മരിച്ചതാണ് അവസാന സംഭവം. സുഹൃത്തുക്കൾക്ക് ഒപ്പം മീൻ പിടിക്കാൻ പോകവെ വള്ളം മറിഞ്ഞാണ് അപകടമുണ്ടായത്. ദിവാകരനൊപ്പം ഉണ്ടായിരുന്ന രണ്ടുപേരെ നാട്ടുകാർ കരക്ക് എത്തിച്ചു. ദിവാകരന്റെ മൃതദേഹം കണ്ടെത്താൻ കഴിഞ്ഞത് മൂന്നാം ദിവസമാണ്.
2021 ഏപ്രിൽ മാസം 21ന് പുല്ലേക്കുന്നേൽ അരുൺ ദാമോദരൻ (39) മരിച്ചതാണ് മറ്റൊരു സംഭവം. വള്ളത്തിൽ സുഹൃത്തുക്കളുമായി ചേർന്ന് മീൻ പിടിക്കാനായി വല വിരിക്കുന്നതിനിടെ വള്ളം മറിഞ്ഞായിരുന്നു ഈ അപകടവും. കൂടെയുണ്ടായിരുന്നവർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അര മണിക്കൂറിലേറെ സമയം നടത്തിയ തിരച്ചിലിനൊടുവിൽ ജീവനറ്റ ശരീരമാണ് ലഭിച്ചത്.
ചെറുവിലക്ക് വാങ്ങുന്ന ഫൈബർ വള്ളങ്ങളിലാണ് ഇവർ മീൻ പിടിക്കാൻ പോകുന്നത്. അല്ലാത്ത സമയങ്ങളിൽ കുട്ടികളും സ്ത്രീകളും ഉൾെപ്പടെ ഈ വള്ളങ്ങളിൽ ചുറ്റി സഞ്ചരിക്കാറുമുണ്ട്. ഈ സമയങ്ങളിലൊന്നും യാതൊരു സുരക്ഷ ഉപകരണങ്ങളും ഈ വള്ളത്തിൽ കരുതാറില്ല. ലൈഫ് ജാക്കറ്റോ ചെറു ട്യൂബുകളോ ടയറുകളോ കരുതിയാൽ പോലും രക്ഷപ്പെടാൻ കഴിയും. എന്നാൽ, ഇതൊന്നും ശ്രദ്ധിക്കാനോ അതിനുവേണ്ട നിർദേശങ്ങൾ നൽകാൻ അധികൃതരോ തയാറാകുന്നില്ല.
സ്വകാര്യ വ്യക്തികളുടെ പത്തിലധികം വള്ളങ്ങൾ മലങ്കര ജലാശയത്തിൽ ഇറക്കിയിട്ടുണ്ട്. ഇതിൽ സുരക്ഷ ഉപകരണങ്ങൾ ഇല്ല. കാറ്റിൽ ആടി ഉലഞ്ഞാൽ ഇവ മറിയുകയും മുങ്ങിത്താഴുകയും ചെയ്യും. വള്ളം മറിഞ്ഞുള്ള അപകടങ്ങൾക്ക് പുറമെ കുളിക്കാനിറങ്ങുന്നവർ അപകടത്തിൽപെടുന്നതും നിത്യസംഭവമാണ്. മറ്റിടങ്ങളിൽനിന്നും എത്തുന്ന വിനോദ സഞ്ചാരികളാണ് ഇതിൽ അധികവും. പ്രധാന ഇടങ്ങളിൽ പോലും സൂചന ബോർഡുകൾ സ്ഥാപിച്ച് ഒരുപരിധി വരെ അപായ മുന്നറിയിപ്പ് നൽകാനാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.