കട്ടപ്പന: പ്രാരാബ്ധം കൊണ്ട് നിവർന്നുനിൽക്കാൻ കഴിയാതെവന്നപ്പോൾ ജനാർദനനോട് അമ്മ പറഞ്ഞു. ഇനി പഠിക്കാൻ പോകണ്ട. വല്ല തൊഴിലും പഠിക്ക്. അങ്ങനെ ആറാം ക്ലാസിൽ പഠനം നിർത്തിയതാണ് കട്ടപ്പന വാഴവര മുളകരമേട് കുഴിയാനിപ്പള്ളിയിൽ കെ.ടി. ജനാർദനൻ (61). അമ്മയുടെ വാക്കുകൾ കേട്ട ജനാർദനൻ അന്ന് ഒത്തിരി കരഞ്ഞു. പക്ഷേ, നിവൃത്തികേടുകൊണ്ട് അമ്മയെ അനുസരിക്കാതിരിക്കാൻ കഴിഞ്ഞില്ല. അങ്ങനെ 1973ൽ പഠനം നിലച്ചെങ്കിലും ആ ആഗ്രഹം മനസ്സിൽ വിങ്ങലായിനിന്നു. പഠനം നിർത്തി നിർമാണ ജോലിക്കായി ഇറങ്ങിയ ജനാർദനൻ ഇതിനിടയിലും തുടർന്നുപഠിക്കാനുള്ള അവസരങ്ങൾ തേടിക്കൊണ്ടേയിരുന്നു. ഇതിനിടയിൽ വിവാഹം കഴിഞ്ഞു. കുടുംബജീവിതം തുടങ്ങി. വർഷങ്ങൾക്കുശേഷം തുടർ പഠനമെന്ന ചിന്ത ജനാർദനനെ എത്തിച്ചത് സാക്ഷരത മിഷൻെറ ഏഴാംതരം തുല്യത ക്ലാസിൽ. പ്രായം തടസ്സമല്ലാതായതോടെ 2018ൽ സാക്ഷരത മിഷൻെറ ഏഴാംതരം തുല്യത ക്ലാസിൽ ചേർന്ന് പഠിച്ചു. മികച്ച വിജയം നേടാനായി. അങ്ങനെ ആറാം ക്ലാസിൽ നിലച്ച പഠനം ഏഴാംതരം പാസ്സായി വീണ്ടും തുടങ്ങി. പിന്നീട് പത്താംതരം വരെയെങ്കിലും പഠിക്കണമെന്ന ആഗ്രഹമായി. തുടർന്ന് കട്ടപ്പന ഗവ. ട്രൈബൽ ഹൈസ്കൂളിലെ സമ്പർക്ക പഠന ക്ലാസിൽ എല്ലാ ഞായറാഴ്ചയും മുടങ്ങാതെ പത്താംതരം തുല്യത ക്ലാസിൽ എത്തി. വെള്ളിയാഴ്ച പരീക്ഷഫലം പ്രഖ്യാപിച്ചപ്പോൾ ജനാർദനന് 88 ശതമാനം മാർക്ക്. കോവിഡ് മൂലം പണി കുറഞ്ഞതിനാൽ കൂടുതൽ സമയം പഠനത്തിന് വിനിയോഗിച്ചു. അങ്ങനെ ആറാം ക്ലാസിൽ നിലച്ചുപോയ വിദ്യാഭ്യാസം 61ാം വയസ്സിൽ പത്താംതരം വിജയിച്ച് ജനാർദനൻ വീണ്ടെടുത്തു. ഭാര്യ രാധാമണിയുടെ പിന്തുണയാണ് ജനാർദനന് പ്രേരണയായത്. വിവാഹിതരായ രണ്ട് മക്കളുണ്ട്. 1982ൽ പൂത്താറിൽനിന്നാണ് ജനാർദനനും കുടുംബവും മുളകരമേട്ടിലെത്തിയത്. സാക്ഷരത മിഷൻ ജില്ല കോഡിനേറ്റർ പി.എം. അബ്ദുൽകരീമാണ് ജനാർദനന് വേണ്ട സഹായങ്ങൾ നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.