25 ശതമാനം ​പോലും ചെലവഴിച്ചില്ല; പദ്ധതി നിർവഹണത്തിൽ ത്രിതല പഞ്ചായത്തുകൾക്ക്​ വീഴ്ച

ചെറുതോണി: സാമ്പത്തികവർഷം അവസാനിക്കാൻ ഒരുമാസം മാത്രം ശേഷിക്കെ വിവിധ വികസന പ്രവർത്തനങ്ങൾക്കായി സർക്കാർ അനുവദിച്ച തുകയുടെ 25 ശതമാനം പോലും ത്രിതല പഞ്ചായത്തുകൾക്ക്​ വിനിയോഗിക്കാൻ കഴിഞ്ഞില്ലെന്ന്​ ആക്ഷേപം. ജില്ല പഞ്ചായത്തുപോലും 26 ശതമാനം തുക മാത്രമാണ് വിനിയോഗിച്ചത്. കുടിവെള്ളം, വൈദ്യുതി, റോഡുകൾ തുടങ്ങി അടിസ്ഥാന സൗകര്യം ഒരുക്കുന്നതിൽ വരെ ഭൂരിപക്ഷം ഗ്രാമപഞ്ചായത്തുകളും വീഴ്ച വരുത്തിയതായാണ്​ നിരീക്ഷണം. വികസന പ്രവർത്തനങ്ങൾ അടിയന്തരമായി നടപ്പാക്കേണ്ട ഇടമലക്കുടി ഗോത്ര പഞ്ചായത്തിൽ ഇതുവരെ 18 ശതമാനം തുക മാത്രമാണ് ചെലവ​ഴിച്ചത്​. ജനപ്രതിനിധികളുടെ അറിവില്ലായ്മയും ഉദ്യോഗസ്ഥരുടെ അനാസ്ഥയും മൂലം മികച്ച രീതിയിൽ നടക്കേണ്ട വികസന പ്രവർത്തനങ്ങളാണ് പലതും പാഴായത്​. ജില്ലയിൽ നല്ല രീതിയിൽ പ്രവർത്തിച്ച ഏക പഞ്ചായത്ത് വട്ടവടയാണ്. 86 ശതമാനം തുകയുടെ വികസന പ്രവർത്തനങ്ങൾ ഇവിടെ നടപ്പാക്കി. ബ്ലോക്ക്​ പഞ്ചായത്തുകളിൽ ദേവികുളം, അഴുത, അടിമാലി പഞ്ചായത്തുകൾ 30 ശതമാനം ഫണ്ടുപോലും വിനിയോഗിച്ചില്ല. പദ്ധതികൾ ആസൂത്രണ സമിതികളിൽ പാസാക്കിയെടുക്കുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങൾക്കുള്ള താൽപര്യം ശരിയായ വിധത്തിൽ പൂർത്തീകരിക്കാൻ കാണിക്കുന്നില്ലെന്നാണ്​ ഉയരുന്ന ആക്ഷേപം. പഞ്ചായത്തുകൾക്കായി അനുവദിച്ച തുകയിൽ 25 ശതമാനം പോലും വികസന പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചില്ല. പട്ടികജാതി പട്ടികവർഗത്തിനായി ബജറ്റിൽ അനുവദിച്ച തുകയിൽ 10 ശതമാനം മാത്രമാണ് വാങ്ങിയിട്ടുള്ളു. മൃഗസംരക്ഷണ വകുപ്പിലും ഫണ്ടനുവദിച്ചെങ്കിലും 25 ശതമാനത്തിൽ താഴെയാണ് വിനിയോഗിച്ചിട്ടുള്ളതെന്നുകാണാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.