തൊടുപുഴ: അധികാരത്തിലെത്തിയാൽ യു.ഡി.എഫ് 5000 രൂപ പ്രതിമാസം പെൻഷൻ നൽകുമെന്ന് കേരള കോൺഗ്രസ് എം വർക്കിങ് ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ. കേരള കോൺഗ്രസ് ജോസഫ് വിഭാഗം ജില്ല കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 60 വയസ്സ് കഴിഞ്ഞ ആദായ നികുതിയില്ലാത്ത മുഴുവൻ പേർക്കും പ്രതിമാസം 5000 രൂപ നൽകും. ഇക്കാര്യം യു.ഡി.എഫ് അംഗീകരിച്ചിട്ടുണ്ട്. ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കുന്നത് സംബന്ധിച്ചും വ്യക്തമായ നയം യു.ഡി.എഫ് സ്വീകരിച്ചിട്ടുണ്ട്. 1964ലെയും 1993ലെയും ഭൂപതിവ് നിയമങ്ങളും ചട്ടങ്ങളും കാലോചിതമായി ഭേദഗതി ചെയ്യും. വന്യമൃഗങ്ങളിൽനിന്ന് കർഷകരെ സംരക്ഷിക്കാൻ വ്യക്തമായ പദ്ധതി കൊണ്ടുവരും. എൽ.ഡി.എഫ് സർക്കാർ ഇടുക്കിയിലെ ജനങ്ങളെ വഞ്ചിച്ചു. 5000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചെങ്കിലും ഒരു രൂപപോലും അനുവദിച്ചില്ല. കാർഷിക ഉൽപന്നങ്ങൾക്ക് ന്യായവില ഉറപ്പുവരുത്താൻ നടപടി സ്വീകരിച്ചിട്ടില്ല. റബറിന് 160 രൂപയുള്ളപ്പോഴാണ് 10 രൂപ മാത്രം അധികം തറവില നിശ്ചയിച്ചത്. റബറിൻെറയും തേങ്ങയുടെയും മറ്റു സുഗന്ധവിളയുടെയും ഉൽപാദനച്ചെലവിൻെറ ഒന്നര ഇരട്ടി തറവില നിശ്ചയിക്കണമെന്ന നയം സർക്കാർ കാറ്റിൽ പറത്തി. ജോസഫ് പറഞ്ഞു. ജില്ല പ്രസിഡൻറ് പ്രഫ. എം.ജെ. ജേക്കബ് അധ്യക്ഷത വഹിച്ചു. കെ. ഫ്രാൻസിസ് ജോർജ്, മാത്യു സ്റ്റീഫൻ, ഷീല സ്റ്റീഫൻ, അഡ്വ. ജോസി ജേക്കബ്, എം. മോനിച്ചൻ, ജോസ് പൊട്ടൻപ്ലാക്കൽ, നോബിൾ ജോസഫ്, സുരേഷ് വാലുമ്മേൽ, ജോയി കൊച്ചുകരോട്ട്, അഡ്വ. എബി തോമസ്, ബിനു തുടങ്ങിയവർ സംസാരിച്ചു. മനുഷ്യാവകാശ കമീഷൻ ഇടപെട്ടു; സേനാപതിയിലെ റോഡ് സഞ്ചാരയോഗ്യമാക്കി തൊടുപുഴ: സംസ്ഥാന മനുഷ്യാവകാശ കമീഷൻ ഇടപെട്ടതിനെ തുടർന്ന് സേനാപതി പഞ്ചായത്തിലെ മുതിരേപ്പടി-മാവറ സിറ്റി-അംഗൻവാടി റോഡ് പുനരുദ്ധരിച്ച് ഗതാഗതയോഗ്യമാക്കി. റോഡിൻെറ ദുരവസ്ഥക്കെതിരെ മാവറ സിറ്റി സ്വദേശികൾ സമർപ്പിച്ച പരാതിയിൽ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് സേനാപതി പഞ്ചായത്ത് സെക്രട്ടറിക്ക് ഉത്തരവ് നൽകിയിരുന്നു. പ്രദേശവാസി 100 മീറ്റർ നീളത്തിൽ മൂന്നടിയോളം താഴ്ത്തി റോഡിൽനിന്ന് മണ്ണെടുത്തതിനെ തുടർന്നാണ് റോഡ് തകർന്നതെന്ന് പരാതിയിൽ പറയുന്നു. മണ്ണെടുത്ത ഭാഗത്ത് മഴവെള്ളം നിറഞ്ഞ് കുണ്ടും കുഴിയുമായി. സേനാപതി പഞ്ചായത്തിൽ നാട്ടുകാർ പരാതി നൽകിയിട്ടും നടപടിയെടുക്കാത്തതിനെ തുടർന്നാണ് കമീഷനിൽ പരാതി നൽകിയത്. നോട്ടീസ് ലഭിച്ചതോടെ റോഡ് പൂർവസ്ഥിതിയിലാക്കിയതായി നാട്ടുകാർ അറിയിച്ചു. പി.എസ്. മോഹനനാണ് പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.