പ്രതീക്ഷ ആയിരത്തോളം ഒഴിവുകൾ; 400 പേരെ മാത്രം ഉള്‍പ്പെടുത്തി മുഖ്യപട്ടിക

തൊടുപുഴ: ജൂനിയര്‍ കോഓപറേറ്റിവ് ഇന്‍സ്‌പെക്ടര്‍, ഓഡിറ്റര്‍ തസ്തികയിലേക്ക് പി.എസ്‌.സി നടത്തിയ പരീക്ഷയുടെ മുഖ്യപട്ടികയില്‍ ഉൾപ്പെട്ടത്​ ചുരുക്കം ഉദ്യോഗാർഥികൾ. ആയിരത്തോളം ഒഴിവുകള്‍ ഉണ്ടാകാനിടയുള്ള സാഹചര്യത്തിലാണ് 400 പേരെ ഉള്‍പ്പെടുത്തി പട്ടിക പുറത്തിറക്കിയത്. ഇതോടെ പരീക്ഷയെഴുതിയ നൂറുകണക്കിന് ഉദ്യോഗാര്‍ഥികൾ നിരാശയിലാണ്​. ചുരുക്കപ്പട്ടിക ഈ മാസം രണ്ടിനാണ് പ്രസിദ്ധീകരിച്ചത്. 2015ല്‍ ഈ തസ്തികയില്‍ റാങ്ക് ലിസ്​റ്റ്​ പ്രസിദ്ധീകരിച്ചപ്പോള്‍ മുഖ്യപട്ടികയില്‍ 992 പേരെ ഉള്‍പ്പെടുത്തുകയും 935 പേര്‍ക്ക് നിയമനം നല്‍കുകയും ചെയ്തിരുന്നു. 2018 മുതല്‍ 2021വരെ 390 ഒഴിവുകള്‍ നിലവിലുണ്ട്. 2024 വരെ ലിസ്​റ്റിന്​ പ്രാബല്യമുണ്ട്. ഇക്കാലയളവില്‍ സഹകരണ വകുപ്പില്‍നിന്നു മാത്രം 800ഓളം പേര്‍ വിരമിക്കും. ഒരു വര്‍ഷം ആകുമ്പോഴേക്കും ഈ റാങ്ക് ലിസ്​റ്റിലെ മുഴുവന്‍ പേര്‍ക്കും നിയമനം ലഭിച്ച് ലിസ്​റ്റ്​ റദ്ദാക്കുന്ന സാഹചര്യം ഉണ്ടാകുമെന്ന്​ ഉദ്യോഗാര്‍ഥികള്‍ ചൂണ്ടിക്കാട്ടുന്നു. ഭൂരിഭാഗം ഉദ്യോഗാര്‍ഥികളും പരീക്ഷ എഴുതാനുള്ള പ്രായപരിധി കഴിയാറായവരാണ്. നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും സഹകരണ മന്ത്രിക്കും പി.എസ്.സി ചെയര്‍മാനും ഉള്‍പ്പെടെയുള്ളവര്‍ക്ക് നിവേദനം നല്‍കിയതായും ഉദ്യോഗാർഥികൾ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.