അരീപ്ലാവിൽ ഫിനാൻസിൽനിന്ന്​ 22 ലക്ഷം രൂപ പിടികൂടി

മൂലമറ്റം: കൊള്ളപ്പലിശയും ക്രമവിരുദ്ധ നടപടിയും മൂലം ഏപ്രിലിൽ അടച്ചുപൂട്ടിയ തൊടുപുഴയിലെ സ്വകാര്യ ധനകാര്യസ്ഥാപനമായ അരീപ്ലാവിൽ ഫിനാൻസിൽനിന്ന്​ 22,01,100 രൂപ പിടികൂടി. കോടതി അനുമതിയോടെയാണ്​ സ്ഥാപനം റെയ്‌ഡ്‌ ചെയ്ത് പണം പിടിച്ചെടുത്തത്. അറസ്റ്റിലായ സ്ഥാപന ഉടമ അരീപ്ലാവിൽ സിബി തോമസ് 17 ദിവസമായി റിമാൻഡിലാണ്. കുളമാവ് പൊലീസ്​ ഇൻസ്​പെക്ടർ സുനിൽ തോമസ് നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ജി.എസ്.ടി വകുപ്പ് സ്ഥാപനത്തിന്‍റെ ലൈസൻസ്​ റദ്ദാക്കിയിരുന്നു. സിബിയുടെ സ്ഥാപനത്തിൽനിന്ന്​ പലിശക്ക് പണം വാങ്ങിയ ശേഷം കേസുകളിൽപെട്ട സ്​ത്രീകളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സിബിക്കെതിരെയും സ്ഥാപനത്തിനെതിരെയും നടപടി സ്വീകരിച്ചത്. നിലവിൽ സിബിക്കെതിരെ 10 കേസുകളാണ് ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരം ചാർജ് ചെയ്തിരിക്കുന്നത്. 10 വർഷം മുമ്പ്​​ തൊടുപുഴയിലെ ഓട്ടോ തൊഴിലാളിയായിരുന്ന സിബി ചുരുങ്ങിയ കാലത്തിനുള്ളിലാണ് കോടിപതിയായി മാറിയത്. ജി.എസ്.ടി വകുപ്പിന് നൽകിയ കണക്കുപ്രകാരം 11 കോടിയുടെ ആസ്തിയുണ്ടെന്ന് പറയുന്നു. എന്നാൽ, ഇയാൾ നൽകിയിരിക്കുന്ന ചെക്ക് കേസുകൾ പ്രകാരം 30 കോടിയിലധികം രൂപയുടെ ആസ്തിയുണ്ടെന്ന് പൊലീസ് പറഞ്ഞു​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.