മണ്ണറിഞ്ഞാൽ വിളയും സൂര്യകാന്തിയും

ഹാപ്പി മൺഡേ തൊടുപുഴ: മലയാളികള്‍ക്ക് പരിചിതമല്ലാത്ത പലതും തന്‍റെ കൃഷിയിടത്തിൽ വിളയിക്കുകയാണ്​ ഉടുമ്പന്നൂരിൽ ഒരു ഗ്രാമീണ കർഷകൻ. ആലക്കല്‍ ജയ്‌സണ്‍ വര്‍ഗീസിന്റെ ഒരേക്കര്‍ കൃഷിയിടം വിളകളുടെ ഒരു പരീക്ഷണശാലയെന്ന്​ പറയുന്നതിൽ ഒരു തെറ്റുമില്ല. സൂര്യകാന്തി, ചോളം, ഉഴുന്ന്, ചാമ, എള്ള് എന്നിങ്ങനെയുള്ള മലയാളിക്ക്​ അത്ര പരിചിതമല്ലാത്ത കൃഷികളോടാണ്​ ജയ്​സണ്​ പ്രിയം. പരീക്ഷണമായി കൃഷിയിറക്കി നേട്ടംകൊയ്ത ഈ കര്‍ഷകന്റെ കൃഷിയിടം കാണാനും കാര്‍ഷിക വിളകള്‍ തൊട്ടറിയാനും നിരവധിപ്പേരാണ് എത്തുന്നത്. ഇരിപ്പൂകൃഷി കഴിഞ്ഞുള്ള ഇടവേളയിലാണ് പാടത്ത് സൂര്യകാന്തികൃഷിയും മറ്റു വിളകളും പരീക്ഷിക്കാന്‍ ഇദ്ദേഹം ആലോചിക്കുന്നത്​. നമ്മുടെ മണ്ണിൽ ഇവയെങ്ങനെ പ്രതികരിക്കുന്നു എന്നറിയുക മാത്രമായിരുന്നു ഉദ്ദേശമെന്ന്​ ജയ്​സൺ പറഞ്ഞു. തമിഴ്‌നാട്ടിലെ ചിന്നമന്നൂരിലെത്തി സൂര്യകാന്തിയുടെ വിത്ത് ശേഖരിച്ചു. കിലോക്ക്​ 1500 രൂപയായിരുന്നു വില. 14 സെന്‍റ്​ സ്ഥലത്തായി വിത്ത് വിതച്ചത്. വിതക്കുശേഷം ട്രാക്ടര്‍ ഉപയോഗിച്ച് പാടം ഉഴുതു. 45ആം ദിവസം പൂവിട്ട് സൂര്യകാന്തി ഇപ്പോള്‍ വിളവെടുപ്പിന്​ പാകമായി. മുളച്ചുവളര്‍ന്നുനില്‍ക്കുന്ന സൂര്യകാന്തിപ്പാടം കണ്ടാല്‍ ആരുടെയും മുഖത്ത്​ കൗതുകം വിരിയും. സൂര്യകാന്തിക്ക്​ സമീപം വിവിധതരം ചോളം, ചാമ, ഉഴുന്ന്, എള്ള് എന്നിവയും കൃഷി ചെയ്തിട്ടുണ്ട്. ഉഴുന്നിന്റെ വിളവെടുപ്പ് കഴിഞ്ഞ ദിവസം നടത്തി. മികച്ച വിളവാണ് ലഭിച്ചതെന്നും നമ്മുടെ മണ്ണിലും കൃത്യമായ പരിപാലനത്തിലൂടെ ഇവയെല്ലാം വിളയുമെന്നും ഈ കർഷകൻ പറയുന്നു. മാലിദ്വീപിലായിരുന്ന ജയ്​സൺ 2017ലാണ്​ നാട്ടിലെത്തിയത്​. പിതൃസ്വത്തായി ലഭിച്ച ഒരേക്കർ വരുന്ന നെൽപാടം പ്രവാസജീവിതം നയിക്കുമ്പോഴും പരിപാലിച്ചിരുന്നു. ആറുമാസം മുമ്പ്​ ജയ്​സ‍ന്‍റെ പാടത്ത്​ വിതച്ച ബസുമതി നെല്ല്​ കൊയ്തതും മികച്ച വിജയമായിരുന്നു. നാലുകിലോ വിത്ത്​ വിതച്ചപ്പോൾ 80 കിലോ നെല്ലാണ്​​ ലഭിച്ചത്​. ബസ്​മതി നെല്ലുകുത്തി അരിയാക്കാൻ പറ്റിയ മില്ല്​ ജില്ലയിൽ വിരളമായതിനാൽ പാല​ക്കാട്​ പോകാനിരിക്കുകയാണ്​ ഇപ്പോൾ. കൃഷിയോടൊപ്പം മുട്ടക്കോഴി, താറാവ്​, മീൻകൃഷി എന്നിവയും ഒരു കൈ നോക്കുന്നുണ്ട്​. ​TDL soorya kanthi ജയ്​സൻ ത‍ന്‍റെ കൃഷിയിടത്തിലെ സൂര്യകാന്തി ചെടികൾക്കൊപ്പം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.