കാടിറങ്ങുന്ന ഭീതി...

കാടിറങ്ങുന്ന ഭീതി തൊടുപുഴ: കോടികൾ ചെലവഴിച്ചിട്ടും വന്യജീവികളുടെ ആക്രമണത്തിൽനിന്ന്​ മോചനമില്ലാതെ മലയോര ജില്ല. വന്യജീവി ശല്ല്യം തടയാനുള്ള വിവിധ പദ്ധതികൾക്കായി 10 വർഷത്തിനിടെ ഒമ്പതുകോടി ജില്ലയിൽ ചെലവഴിച്ചിട്ടുണ്ടെന്നാണ് വനംവകുപ്പി‍ൻെറ കണക്ക്​. ഈ കാലയളവിൽ ജില്ലയിൽ വന്യജീവി ആക്രമണത്തിൽ 63പേർ മരിക്കുകയും 536പേർക്ക് പരിക്കേൽക്കുകയും അഞ്ച്​ കോടിയുടെ കൃഷിനാശം സംഭവിക്കുകയും ചെയ്തു. വന്യജീവിശല്യം നാൾക്കുനാൾ വർധിക്കുന്നതല്ലാതെ പദ്ധതികളുടെ പ്രയോജനം കർഷകർക്ക് ലഭിക്കുന്നില്ല. സൗരോർജത്തി‍ൻെറയും വൈദ്യുതിയുടെയും വേലികൾ, കിടങ്ങുകൾ, ക്രാഷ് ഗാർഡ് റോപ്പ് ഫെൻസിങ്, എസ്​.എം.എസ്​ അലേർട്ട്, ദ്രുതപ്രതികരണ സേനയുടെയും ജനകീയ ജാഗ്രത സമിതിയുടെയും സേവനം എന്നിവ ഉൾപ്പെടെ പദ്ധതികളാണ് വിവിധ ഘട്ടങ്ങളിലായി വനംവകുപ്പ് നടപ്പാക്കിയത്. പദ്ധതി നടത്തിപ്പ്​ പലപ്പോഴും അശാസ്ത്രീയമാകുന്നു എന്നാണ്​ വിമർശനം. 10 വർഷത്തിടെ കാട്ടാന ആക്രമണത്തിൽ ഒരാൾപോലും മരിക്കാത്ത ആനകുളത്ത് 1.2 കിലോമീറ്റർ ഡ്രാഷ് ഗാർഡ് വേലി, സൗരോർജ വേലി, കിടങ്ങുകൾ എന്നിവ സ്ഥാപിക്കാനായി വനംവകുപ്പ്​ 1.44 കോടി ചെലവഴിച്ചു. എന്നാൽ, 36പേർ കാട്ടാന ആക്രമണത്തിൽ മരിച്ച പൂപ്പാറ, സിങ്കുകണ്ടം ഉൾപ്പെടുന്ന ദേവികുളം ഡിവിഷനൽ ഫോറസ്റ്റ്​ ഓഫിസിന് കീഴിൽ ഇതേ കാലയളവിൽ എത്ര ചെലവഴിച്ചുവെന്നതി‍ൻെറ കണക്കുപോലുമില്ല. എന്നാൽ, വിവിധ പദ്ധതികൾ നടപ്പാക്കി എന്നാണ്​ വനംവകുപ്പി‍ൻെറ അവകാശവാദം. ആനക്കുളത്ത് 53 ലക്ഷം മുടക്കി 1.2 കിലോമീറ്റർ ക്രാഷ് ഗാർഡ് വേലി നിർമിച്ചത് 2019ലാണ്. രണ്ട് വശങ്ങളും തുറന്ന രീതിയിലാണ്​ ഈ പദ്ധതി നടപ്പാക്കിയത്. ഇവിടെ അറ്റകുറ്റപ്പണിക്ക്​ നാലുലക്ഷം കൂടി ചെലവഴിച്ചു. എന്നാൽ, ഗുണനിലവാരം ഇല്ലാത്ത സാമഗ്രികൾ ഉപയോഗിച്ച്​ നടത്തിയ നിർമാണം ഇപ്പോൾ തകർന്നനിലയിലാണ്​. TDL Fencing വന്യജീവി ശല്യം തടയാൻ ആനക്കുളത്ത്​ സ്ഥാപിച്ച വേലി തകർന്നനിലയിൽ പകലും പുലിയിറങ്ങുന്നു; പ്രാണഭയത്തിൽ തോട്ടം തൊഴിലാളികൾ മൂന്നാർ: രാത്രികാലങ്ങളിൽ വളർത്തുമൃഗങ്ങളെ ആക്രമിച്ചിരുന്ന വന്യജീവികൾ പകൽസമയത്ത് എത്തുന്നത് പതിവായതോടെ ജനം ഭീതിയിൽ. മൂന്നാറിലെ തേയിലത്തോട്ടങ്ങളിലാണ് പകല്‍ പോലും പുലിയും കടുവയും എത്തുന്നത്. തോട്ടങ്ങളിൽ തൊഴിലാളികൾ ജോലിചെയ്യുമ്പോൾ പുലിയും കടുവയും മുന്നിലെത്തിയ സംഭവങ്ങൾ പലതാണ്​. എന്നിട്ടും സുരക്ഷയൊരുക്കാൻ വനംവകുപ്പ് തയാറാകുന്നില്ലെന്നാണ് ജനങ്ങളുടെ പരാതി. മൂന്നാർ ടൗണിലെ ക്ഷേത്രത്തിനുസമീപം കഴിഞ്ഞ ആഴ്ച് പുലിയുടെ കാല്‍പ്പാടുകള്‍ കണ്ടിരുന്നു. തൊട്ടടുത്ത ദിവസം മൂന്നാര്‍ ടൗണിനോടുചേർന്ന ഗ്രഹാംസ്ലാന്‍ഡ് എസ്‌റ്റേറ്റിലും പുലിസാന്നിധ്യം സ്ഥിരീകരിച്ചു. തേയിലത്തോട്ടത്തില്‍ പണിയെടുക്കുകയായിരുന്ന തൊഴിലാളിയാണ്​ പുലിയെ നേരിട്ടുകണ്ടത്. തൊഴിലാളികളെല്ലാം ജോലിക്കിറങ്ങിയ സമയത്ത് രാവിലെ 10 മണിയോടെയായിരുന്നു സംഭവം. കഴിഞ്ഞമാസം കല്ലാര്‍ പുതുക്കാടിലെ തൊഴിലാളി പുലിയുടെ ആക്രമണത്തില്‍നിന്ന്​ രക്ഷപ്പെട്ടത് തലനാരിഴക്കാണ്​. കഴിഞ്ഞ ഒരുവര്‍ഷത്തിനിടക്ക്​ അമ്പതോളം കന്നുകാലികളാണ് പുലിയുടെയും കടുവയുടെയും ആക്രമണത്തിന് ഇരയായത്. വിഷയത്തിൽ അനാസ്ഥ തുടരുന്ന വനംവകുപ്പി‍ൻെറ സമീപനത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.