ആൾക്ഷാമം; കുമളി, വണ്ടിപ്പെരിയാർ പൊലീസ്​ സ്റ്റേഷനുകളിൽ പ്രതിസന്ധി

കുമളി: ഉദ്യോഗസ്ഥക്ഷാമത്തെ തുടർന്ന്​ പൊലീസ്​ സ്റ്റേഷനുകളിൽ പ്രതിസന്ധി. കുമളി, വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനുകളാണ്​ കടുത്ത പ്രതിസന്ധി നേരിടുന്നത്​. ജില്ലയിലെ നാല് എ ഗ്രേഡ് സ്റ്റേഷനിലൊന്നായ കുമളിയിൽ കേസന്വേഷണവും ഇതോടെ വഴിമുട്ടി. ഇതോടൊപ്പം, സ്റ്റേഷൻ വാഹനങ്ങളുടെ ഇന്ധന​ക്വോട്ട വെട്ടിക്കുറച്ചതും പ്രവർത്തനത്തെ കാര്യമായി ബാധിക്കുമെന്നാണ് വിവരം. ഹൈറേഞ്ചിലെ രണ്ട് പ്രധാന സ്റ്റേഷനാണ് കുമളിയും വണ്ടിപ്പെരിയാറും. കുമളിക്ക്​ സംസ്ഥാന അതിർത്തി, തേക്കടിയുടെ കവാട പട്ടണം എന്നിങ്ങനെ പ്രാധാന്യങ്ങൾ ഏറെയാണ്. തോട്ടം മേഖലയിൽ ഏറ്റവും അധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സ്റ്റേഷനാണ് വണ്ടിപ്പെരിയാറിലേത്. ഇരുസ്റ്റേഷനിലും ആവശ്യത്തിന് സേനാംഗങ്ങൾ ഇല്ലാതായതോടെ ടൗണിലെ ട്രാഫിക് നിയന്ത്രണവും പാളി. ജീവനക്കാരുടെ കുറവുമൂലം കുമളി സ്റ്റേഷനിൽ 24 മണിക്കൂറും പ്രവർത്തിച്ചിരുന്ന കൺട്രോൾ റൂം അടച്ചുപൂട്ടി. ഇവിടെ മൂന്ന്​ ഗ്രേഡ് എസ്.ഐമാർ ഉൾപ്പെടെ 12 പേരാണ് മുമ്പ് ഉണ്ടായിരുന്നത്. ട്രാഫിക് പൊലീസ് യൂനിറ്റ് ഇല്ലാത്ത കുമളിയിൽ ട്രാഫിക് ഡ്യൂട്ടിക്ക് ആകെ ഉള്ളത് രണ്ട് വിമുക്തഭടന്മാർ മാത്രമാണ്. സ്റ്റേഷനിൽ ആളില്ലാത്തപ്പോൾ ഇവരെ ചേർത്താണ് കേസന്വേഷണത്തിന് പോകുന്നത്. കുമളി സ്റ്റേഷനിൽ 48 പേരാണ് രേഖയിലുള്ളത്. കോടതി ഡ്യൂട്ടിക്കും സംസ്ഥാനത്തിന്​ പുറത്തുള്ള അന്വേഷണത്തിനും പോകുന്നവരെ ഒഴിച്ചുനിർത്തിയാൽ പലപ്പോഴും 20 പേരിൽ താഴെ പേരാണുണ്ടാവുക. സ്റ്റേഷൻ ഡ്യൂട്ടി, വി.ഐ.പി ഡ്യൂട്ടി, മുമ്പുള്ളവയുടെ രേഖകൾ ശരിയാക്കൽ ഉൾപ്പെടെ പിടിപ്പതുജോലിയാണ്​ ഇവർക്കുള്ളത്​. ഇതേ അവസ്ഥയാണ് വണ്ടിപ്പെരിയാറിലും. ഇവിടെ, ടൗണിലെ ട്രാഫിക് കുരുക്ക് പൊലീസിനുതന്നെ നാണക്കേടാണ്​. ഇത്തരത്തിൽ പൊലീസ് സ്റ്റേഷനുകളിൽ ആവശ്യത്തിന് ജീവനക്കാരില്ലാതെ പ്രതിസന്ധിയിലാകുമ്പോഴും മുല്ലപ്പെരിയാറിൽ കൂട്ടത്തോടെ പൊലീസ് വിശ്രമത്തിലാണ്. ഒരു ഡിവൈ.എസ്.പിക്ക്​ കീഴിൽ മൂന്നു ഇൻസ്പെക്ടർമാരും പത്തിലധികം ഗ്രേഡ് എസ്.ഐമാരും ഉൾപ്പെടെ അമ്പതിലധികം ഉദ്യോഗസ്ഥരാണ് ഇവിടെയുള്ളത്. മുല്ലപ്പെരിയാർ സബ് ഡിവിഷനിൽ 120 സേനാംഗങ്ങളാണുള്ളത്. ഇതിൽ ഒരേസമയം 50 പേരോളമാണ് ഡാമിലുള്ളത്. കടുവസങ്കേതത്തിന്​ നടുവിലെ ഡാമിൽ റിസർവ് പൊലീസ് സേനാംഗങ്ങളെ ഉപയോഗിച്ച് സുരക്ഷ ഒരുക്കാമെന്നിരിക്കെയാണ് കേസന്വേഷണത്തിൽ കഴിവുതെളിയിച്ച ഒരുസംഘം ഉദ്യോഗസ്ഥർ മുല്ലപ്പെരിയാറിൽ വെറുതെ ഇരിക്കുന്നത്. ഇവരെ സ്റ്റേഷനുകളിലേക്ക് നിയോഗിച്ചാൽ ജില്ലയിലെ പല സ്റ്റേഷനുകളിലും കേസന്വേഷണം വേഗത്തിലാകുമെന്ന് സേനാംഗങ്ങൾതന്നെ പറയുന്നു. .......... cap: സംസ്ഥാന അതിർത്തിയിലെ കുമളി പൊലീസ് സ്റ്റേഷൻ ......

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.