ഈ മെഡിക്കൽ കോളജ്​ എന്ന്​ നന്നാകും?

തൊടുപുഴ: അംഗീകാരത്തിനുള്ള നടപടികൾ ഓരോ വർഷവും നീളുന്നു, ആവശ്യത്തിന്​ ജീവനക്കാരില്ലാതെ ചികിത്സ സംവിധാനങ്ങൾ താളം തെറ്റുന്നു, അനുകൂലമല്ലാത്ത റിപ്പോർട്ട്​ ​ദേശീയ മെഡിക്കൽ കമീഷന്​ നൽകി മെഡിക്കൽ കോളജിനെ ഇല്ലാതാക്കാൻ ഉന്നതതലത്തിൽതന്നെ കരുനീക്കം, ​നിയമിക്കപ്പെടുന്ന ഡോക്ടർമാർ ഇടുക്കിയിൽ ജോലി ചെയ്യാൻ മടിച്ച്​ മുങ്ങി നടക്കുന്നു...ഇടുക്കിയുടെ പ്രതീക്ഷയായ ഗവ. മെഡിക്കൽ കോളജിന്‍റെ അവസ്ഥയാണിത്​. പാരാമെഡിക്കൽ ജീവനക്കാരുടെ കുറവുമൂലം കാര്യക്ഷമമായി പ്രവർത്തിക്കാൻ കഴിയാത്ത​ത്ര പ്രതിസന്ധിയിലാണി​പ്പോൾ മെഡിക്കൽ കോളജ്​. അടിസ്ഥാനസൗകര്യങ്ങൾപോലും ഇവിടെയില്ലെന്ന്​ സംസ്ഥാന മനുഷ്യാവകാശ കമീഷൻ കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു. ആവശ്യമായതിന്‍റെ പകുതി മാത്രമേ നിലവിൽ പാരാമെഡിക്കൽ ജീവനക്കാരുള്ളു. സ്റ്റാഫ്​ നഴ്​സ്​, നഴ്​സിങ്​ അസിസ്റ്റന്‍റ്​, ഫാർമസി, ലാബ്​, സി.ടി സ്കാൻ, റേഡിയോഗ്രഫി, എക്​സ്​റേ വിഭാഗങ്ങളിലെല്ലാം ജീവനക്കാരുടെ കുറവുണ്ട്​. സ്റ്റാഫ്​ നഴ്​സുമാർ 39 പേരും നഴ്​സിങ്​ അസിസ്റ്റന്‍റുമാർ 23 പേരും കുറവാണ്​. റേഡിയോ​ഗ്രാഫർ 12 പേരുണ്ടായിരുന്നത്​ ഏഴായി കുറഞ്ഞു. ഇ.സി.ജിയിൽ അഞ്ച്​ പേരുണ്ടായിരുന്നത്​ രണ്ടായി. ലാബിൽ മൂന്ന്​ ജീവനക്കാരുടെ കുറവുണ്ട്​. ആവശ്യത്തിന്​ പാരാമെഡിക്കൽ ജീവനക്കാരില്ലാത്തതിനാൽ പുതിയ കെട്ടിടത്തിൽ കിടത്തിച്ചികിത്സ തുടങ്ങാനാകുന്നില്ല. 24 മണിക്കൂറുമുണ്ടായിരുന്ന എക്സ്​റേ, അൾട്രസൗണ്ട്​, ഫാർമസി, ഇ.സി.ജി തുടങ്ങി പല വിഭാഗങ്ങളുടെയും പ്രവർത്തനം ഭാഗികമായി ചുരുങ്ങി. ആരോഗ്യ മന്ത്രി, ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ, കലക്ടർ എന്നിവരെയെല്ലാം പ്രശ്​നങ്ങൾ ബോധ്യപ്പെടുത്തിയെങ്കിലും പരിഹാര നടപടികൾ ഉണ്ടായിട്ടില്ല. രേഖകൾ പ്രകാരം ഡോക്ടർമാരുടെ കുറവില്ല. പ​ക്ഷേ നിയമിക്ക​പ്പെട്ട പലർക്കും ഇടുക്കിയിലെത്തി ജോലി ചെയ്യാൻ സമ്മതമല്ല. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം മാത്രമാണ്​ ഇവർ ജോലിക്കെത്തുക. ഉള്ള ജീവനക്കാർ നിയമാനുസൃത അവധിപോലും എടുക്കാതെ വിശ്രമമില്ലാതെ ജോലി ചെ​യ്യേണ്ട അവസ്ഥയാണ്​. Box അംഗീകാരം ഇനിയും അകലെ 2014 ജൂലൈയിൽ പ്രവർത്തനം ആരംഭിച്ച മെഡിക്കൽ കോളജിന്​ ഇനിയും അംഗീകാരം ലഭിച്ചിട്ടില്ല. അതിനാൽ എം.ബി.ബി.എസ്​ പ്രവേശനം മുടങ്ങിക്കിടക്കുകയാണ്​. കഴിഞ്ഞ ഫെ​ബ്രുവരിയിൽ ദേശീയ മെഡിക്കൽ കമീഷൻ അംഗങ്ങൾ മെഡിക്കൽ കോളജ്​ സന്ദർശിച്ചിരുന്നു. അധ്യാപകരുടെയും ഡോക്ടർമാരുടെയും കുറവടക്കം ന്യൂനതകൾ ചൂണ്ടിക്കാട്ടി അംഗീകാരം നൽകാനാവില്ലെന്നറിയിച്ച്​ ​ കമീഷൻ കത്തയച്ചു. അപാകതകൾ പരിഹരിക്കാൻ 15 ദിവസത്തെ സമയവും അനുവദിച്ചു. അപാകതകൾ പരിഹരിച്ച്​ വിശദ റിപ്പോർട്ട്​ കമീഷന്​ സമർപ്പിച്ചിട്ടുണ്ട്​. ഇതിൽ മേയ്​ അവസാനത്തോടെ തീരുമാനമാകുമെന്നും അംഗീകാരം ലഭിക്കുമെന്നാണ്​ പ്രതീക്ഷയെന്നും മെഡിക്കൽ കോളജ്​ അധികൃതർ പറയുന്നു. മുൻ വർഷങ്ങളിൽ യഥാസമയം അപേക്ഷ സമർപ്പിക്കുന്നതിലും അപാകതകൾ പരിഹരിക്കുന്നതിലുമുണ്ടായ വീഴ്ചയാണ്​ അംഗീകാരം വൈകാൻ കാരണം. വിരമിച്ച ഒരു മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ദേശീയ കമീഷന്​ നൽകിയ റിപ്പോർട്ടുകളത്രയും മെഡിക്കൽ കോളജിന്​ പ്രതികൂലമായിരുന്നു. അല്ലെങ്കിൽ നിലവിലെ സൗകര്യങ്ങൾ വെച്ച്​ നാലുവർഷം മുമ്പ്​ അംഗീകാരം കിട്ടേണ്ടതായിരുന്നെന്നാണ്​ പറയുന്നത്​. കഴിഞ്ഞ ഫെബ്രുവരിയിൽ കമീഷൻ അംഗങ്ങൾ പരിശോധനക്ക്​ വരുമ്പോൾതന്നെ അധ്യാപകരുടെയും ഡോക്ടർമാരുടെയും കുറവ്​ ഉണ്ടായിരുന്നു. അത്​ പരിഹരിക്കുമെന്ന്​ കൃത്യമായ ഉറപ്പ്​ ബന്ധപ്പെട്ടവർ നൽകിയിരുന്നെങ്കിൽ ഇതിനകം അംഗീകാരം ലഭിക്കുമായിരുന്നു. ഒരിക്കലും വരില്ലെന്ന്​ ഉറപ്പുള്ളവരെയാണ്​ പലപ്പോഴും ഇടുക്കി മെഡിക്കൽ കോളജിലേക്ക്​ നിയമിക്കുന്നത്​. ഇതുമൂലം അംഗീകാരം നേടിയെടുക്കാനുള്ള നടപടി പലപ്പോഴും യഥാസമയം ഉണ്ടാകാറില്ല. അംഗീകാരം ലഭിക്കാനാവശ്യമായ സൗകര്യങ്ങൾ ഇടുക്കി മെഡിക്കൽ കോളജിനില്ലെന്ന റിപ്പോർട്ടാണ്​ വിരമിച്ച ഡി.എം.ഇ എല്ലാ കേന്ദ്രങ്ങളിലും നൽകിയത്​. കഴിഞ്ഞ ചില വർഷങ്ങളിൽ അംഗീകാരത്തിന്​ അപേക്ഷിച്ചിട്ടുപോലുമില്ല എന്നതും മെഡിക്കൽ കോളജിനോട്​ അധികൃതർ പുലർത്തുന്ന അവഗണനക്ക്​ തെളിവാണ്​. TDL Medical college ഇടുക്കി ഗവ. മെഡിക്കൽ കോളജ്​​ കെട്ടിട സമുച്ചയം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.