റോഡ് നിര്‍മാണം; ഭിന്നശേഷിക്കാരന്‍റെ വീട്ടിലേക്കുള്ള വഴി ഗര്‍ത്തമായി

നെടുങ്കണ്ടം: റോഡ് നിര്‍മാണത്തെ തുടര്‍ന്ന് വീട്ടിലേക്കുള്ള വഴി അടഞ്ഞതോടെ വീല്‍ചെയറില്‍ ജീവിതം തള്ളിനീക്കുന്ന യുവാവ്​ ആറുമാസമായി ആശുപത്രിയില്‍ പോലും പോകാനാവാതെ ദുരിതത്തില്‍. നെടുങ്കണ്ടം സുപ്രന്‍പടി മണിയാക്കുപാറയില്‍ ഗ്രേസിയുടെ മകന്‍ ടിബിന്‍ എം.വര്‍ഗീസിന്‍റെ വഴിയാണ് അടഞ്ഞത്. ആറുമാസം മുമ്പ് നെടുങ്കണ്ടം - കൗന്തി റോഡിന്‍റെ ഭാഗമായ നിര്‍മാണ പ്രവര്‍ത്തനങ്ങളെ തുടര്‍ന്നാണ് ഇവരുടെ വീട്ടിലേക്കുള്ള വഴി അടഞ്ഞത്. വഴി സഞ്ചാരയോഗ്യമാക്കി നല്‍കാമെന്ന ഉറപ്പിലാണ് ഇവരുടെ വഴിയില്‍ കല്‍കെട്ട് നിര്‍മിക്കുകയും മണ്ണ് നിക്ഷേപിക്കുകയും ചെയ്തത്. എന്നാല്‍, കല്‍കെട്ട് ഇടിഞ്ഞതിനെ തുടര്‍ന്ന് മണ്ണും കല്ലും വീടിന് സമീപം വരെ ഒഴുകിയെത്തി. മസ്‌കുലര്‍ ഡിസ്ട്രോഫി ബാധിതനായ ടിബിന് പരസഹായമില്ലാതെ എണീറ്റ് നില്‍ക്കാന്‍പോലും കഴിയില്ല. വീല്‍ ചെയറിലാണ് ജീവിതം. ശാരീരിക ബുദ്ധിമുട്ടുകള്‍ മൂലം ആറാംക്ലാസില്‍ പഠനം നിര്‍ത്തി. കൂലിവേലക്കാരിയാണ്​ അമ്മ ഗ്രേസി. ആറുമാസത്തിലധികമായി, വീട്ടില്‍നിന്ന് പുറത്തിറങ്ങാനാവാതെ വിഷമിക്കുകയാണ് ടിബിന്‍. ആശുപത്രിയില്‍ പോകാന്‍പോലും മാര്‍ഗമില്ലാത്ത അവസ്ഥ. എട്ടുവര്‍ഷം മുമ്പ് സന്നദ്ധ പ്രവര്‍ത്തകര്‍ നിര്‍മിച്ചുനല്‍കിയ വീട്ടിലാണ്, ടിബിനും മാതാവും കഴിയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.