ബസ് സ്റ്റാൻഡിലെ പാർക്കിങ്​: കൗൺസിലിൽ ഭരണ-പ്രതിപക്ഷ വാക്​പോര്​

കട്ടപ്പന: പഴയ ബസ്​സ്റ്റാൻഡ്​ വാഹന പാർക്കിങ്ങിന്​ ലേലം ചെയ്ത്​ നൽകിയതിനെച്ചൊല്ലി നഗരസഭ കൗൺസിൽ യോഗത്തിൽ ഭരണ-പ്രതിപക്ഷ വാക്​പോര്​. തുടർന്ന്​, വിഷയം സ്റ്റിയറിങ് കമ്മിറ്റിക്ക് വിട്ടു. പഴയ സ്റ്റാൻഡിലെ പാർക്കിങ്ങിൽ അവിടുത്തെ വ്യാപാരികൾ എതിർപ്പ്​ പ്രകടിപ്പിച്ച സാഹചര്യത്തിൽ വിഷയം ചർച്ച ചെയ്യാൻ സർവകക്ഷി യോഗം വിളിക്കണമെന്ന് പ്രതിപക്ഷ അംഗങ്ങൾ ആവശ്യപ്പെട്ടു. എന്നാൽ, കുറച്ച്​ വ്യാപാരികളെ മാത്രം ബാധിക്കുന്ന വിഷയമായതിനാൽ അവരുമായി ചർച്ച ചെയ്ത്​ വിഷയം പരിഹരിക്കണമെന്നായിരുന്നു ഭരണപക്ഷ അംഗങ്ങളുടെ നിലപാട്​. ഒടുവിൽ വിഷയം സ്റ്റിയറിങ് കമ്മിറ്റിക്ക് വിടാൻ തീരുമാനിച്ചതോടെയാണ് ബഹളം അവസാനിച്ചത്. പഴയ സ്റ്റാൻഡിൽ വാഹന പാർക്കിങ്ങിന്​ നഗരസഭ സ്ഥാപിച്ച ഇരുമ്പ് ദണ്ഡുകൾ വ്യാപാരികൾ കഴിഞ്ഞ ദിവസം പിഴുത്​ മാറ്റിയിരുന്നു. ഏകപക്ഷീയമായാണ് സ്റ്റാൻഡ് ലേലത്തിൽ നൽകിയതെന്നാണ് പ്രധാന ആക്ഷേപം. ബുധനാഴ്ച രാത്രിയാണ് നഗരസഭ ജീവനക്കാർ പൊലീസ് സംരക്ഷണത്തിൽ പാർക്കിങ്ങിന്​ ഇരുമ്പുദണ്ഡുകൾ സ്ഥാപിച്ചത്. പതിറ്റാണ്ടുകളായി ബസ്​സ്റ്റാൻഡായി പ്രവർത്തിച്ചിരുന്ന ഗ്രൗണ്ട് പണം ഈടാക്കി വാഹന പാർക്കിങ്ങിന്​ നൽകുന്നത്​ സ്റ്റാൻഡിലെ കച്ചവടത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് വ്യാപാരികൾ പറയുന്നത്​. ഇവർക്ക്​ സി.ഐ.ടി.യു പിന്തുണ പ്രഖ്യാപിച്ചിട്ടുമുണ്ട്​. നഗരസഭ സ്റ്റിയറിങ് കമ്മിറ്റി ചേർന്ന് വ്യാപാരികളുമായി ചർച്ച നടത്തി വിഷയം പരിഹരിക്കാനാണ് നീക്കം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.