എസ്​.എസ്​.എൽ.സി: വിദ്യാർഥികൾ നാളെ പരീക്ഷഹാളിലേക്ക്​

​11,628 പേരാണ്​ ജില്ലയിൽ പരീക്ഷ എഴുതുന്നത്​ തൊടുപുഴ: കോവിഡ്​ പ്രതിസന്ധികളെ അതിജീവിച്ച്​​ ജില്ലയിലെ പത്താംക്ലാസ്​ വിദ്യാർഥികൾ പരീക്ഷ ഹാളിലേക്ക്​. മാർച്ച്​ 31 മുതൽ ഏപ്രിൽ 29വരെയാണ്​ എസ്​.എസ്​.എൽ.സി പരീക്ഷ. ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിടാൻ കുട്ടികളെ സജ്ജരാക്കുന്നതിനുള്ള അന്തിമഘട്ട പ്രവർത്തനങ്ങളാണ്​ ഇപ്പോൾ സ്കൂളുകളിൽ നടക്കുന്നത്​. കലക്ടറുടെ സാന്നിധ്യത്തിൽ പരീക്ഷയുടെ മുന്നൊരുക്കം അവലോകനം ചെയ്തു. 6085 ആൺകുട്ടികളും 5543 പെൺകുട്ടികളുമടക്കം ​11,628 വിദ്യാർഥികളാണ്​ ഇത്തവണ ജില്ലയിൽനിന്ന്​ എസ്​.എസ്​.എൽ.സി പരീക്ഷ എഴുതുന്നത്​. ഇതിൽ 3391പേർ സർക്കാർ സ്കൂളുകളിൽനിന്ന്​ 7371പേർ എയ്​ഡഡിൽനിന്ന്​ 661പേർ അൺ എയ്​ഡഡിൽനിന്ന്​ 205പേർ ഐ.എച്ച്​.ആർ.ഡിയിൽനിന്നുമാണ്​. 1654 പട്ടികജാതി വിദ്യാർഥികളും 661 പട്ടികവർഗ വിദ്യാർഥികളും പരീക്ഷ എഴുതുന്നവരിൽ ഉൾപ്പെടുന്നു. സർക്കാർ മേഖലയിൽ 79ഉം എയ്​ഡഡിൽ 70ഉം അൺ എയ്​ഡഡിൽ എട്ടും ഐ.എച്ച്​.ആർ.ഡിയിൽ അഞ്ചും പരീക്ഷകേന്ദ്രങ്ങളാണ്​ സജ്ജമാക്കിയിരിക്കുന്നത്​. ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതുന്ന സർക്കാർ സ്കൂൾ കല്ലാർ ജി.എച്ച്​.എസാണ്:​ 378​പേർ. എയ്​ഡഡിൽ കരിമണ്ണൂർ സെന്‍റ്​ ജോസഫ്​സ്​ എച്ച്​.എസ്​.എസും (322) അൺ എയ്​ഡഡിൽ കട്ടപ്പന ഒ.ഇ.എം.എസ്​.എച്ചും (171),​ ഐ.എച്ച്​.ആർ.ഡിയിൽ അടിമാലി ടി.എച്ച്​.എസുമാണ്​ (84) വിദ്യാർഥികളുടെ എണ്ണത്തിൽ ഒന്നാംസ്ഥാനത്ത്​. ഏറ്റവും കുറവ്​ വിദ്യാർഥികൾ യഥാ​ക്രമം ശാന്തൻപാറ ജി.എച്ച്​.എസിലും (അഞ്ച്​ കുട്ടികൾ), മുക്കുളം എസ്​.ജി.എച്ച്​.എസിലും (ആറ്​), നെടുങ്കണ്ടം എസ്​.ടി.എയും (മൂന്ന്​), പുറപ്പുഴ ജി.ടി.എച്ച്​.എസിലും (25) ആണ്​. ഒരു​ക്കം പൂർത്തിയായി; പരീക്ഷക്ക്​ സജ്ജം എസ്​.എസ്​.എൽ.സി പരീക്ഷക്കുള്ള ഒരുക്കം എല്ലാം പൂർത്തിയായതായി ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ശശീന്ദ്രവ്യാസ്​ പറഞ്ഞു. എല്ലാ ചീഫ്​ സൂപ്രണ്ടുമാരുടെയും യോഗം ചേർന്ന്​ കാര്യങ്ങൾ വിലയിരുത്തി. കോവിഡ്​ പൂർണമായി മാറിയിട്ടില്ലാത്തതിനാൽ കഴിഞ്ഞതവണ പരീക്ഷക്ക് സ്വീകരിച്ച മുൻകരുതലുകളും മാനദണ്ഡങ്ങളും ഇത്തവണയും തുടരും. ​പാഠഭാഗങ്ങൾ പൂർണമായും പഠിപ്പിച്ചുകഴിഞ്ഞു. ഇൻവിജിലേ​റ്റർമാരെ നിയമിച്ചിട്ടുണ്ട്​. കലക്ടറുടെ സാന്നിധ്യത്തിൽ പരീക്ഷയുടെ തയാറെടുപ്പുകൾ സംബന്ധിച്ച്​ വിലയിരുത്താൻ യോഗം ചേർന്നിരുന്നു. വിവിധ ഡിപ്പാർട്​മെന്‍റ്​ മേധാവികളും യോഗത്തിൽ പ​ങ്കെടുത്തു. ചോദ്യ​പേപ്പറുകൾ ബുധനാഴ്ച ട്രഷറികളിലും ബാങ്കുകളിലും എത്തിച്ച്​ സൂക്ഷിക്കും. പരീക്ഷ ദിവസം ഇവിടെനിന്ന് അതത്​ സ്കൂളുകളിലെത്തിക്കുമെന്നും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.