സ്കൂളിലെത്താൻ കഴിയാത്ത കുട്ടികൾക്ക്​ പിന്തുണയേകാൻ വിദ്യാലയ സമിതികൾ

P2 LEAD തൊടുപുഴ: ഇനിയും സ്കൂളിലെത്താൻ ബുദ്ധിമുട്ട്​ നേരിടുന്ന കുട്ടികളെ കണ്ടെത്തി അവർക്ക്​ പിന്തുണ നൽകുന്നതിനുള്ള നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്​. സ്കൂളുകൾ തുറന്നെങ്കിലും ജില്ലയിലെ ആദിവാസി-പിന്നാക്ക മേഖലയിലെ ചിലയിടങ്ങളിൽ കുട്ടികൾ സ്കൂളിലെത്താൻ ബുദ്ധിമുട്ടുകയാണ്​. ഗതാഗതസൗകര്യങ്ങളുടെ അഭാവമാണ്​​ കാരണമായി ചൂണ്ടിക്കാട്ടുന്നത്​. ഈ സാഹചര്യത്തിലാണ്​ വിദ്യാലയ സമിതികളുടെ നേതൃത്വത്തിൽ വിദ്യാർഥികളെ കണ്ടെത്തി അവർക്ക്​ വേണ്ട സഹായം ഒരുക്കുന്നത്​. സ്കൂളുകൾ പൂർണസജ്ജമായെങ്കിലും മറയൂരടക്കം ജില്ലയിലെ ചില മേഖലകളിൽ കുട്ടികൾ ക്ലാസുകളിൽ എത്താത്ത സാഹചര്യമുണ്ട്​. ഇവർക്ക്​ വിദ്യാഭ്യാസ വളന്‍റിയർമാരു​ടെ സഹായത്തോടെ പാഠഭാഗങ്ങളടക്കം എത്തിച്ചു നൽകുകയാണ്​ ചെയ്യുന്നത്​. ഇതിനായി പഞ്ചായത്തിന്‍റെയും ട്രൈബൽ വകുപ്പിന്‍റെയും സഹായം തേടിയിട്ടുണ്ട്​. 5000ഓളം എസ്​.ടി വിഭാഗത്തിലുള്ള കുട്ടികളാണ്​ ജില്ലയിലുള്ളത്​. ഇതിൽ നൂറോളം കുട്ടികൾ കോവിഡിനുശേഷം സ്കൂളിലെത്തിയിട്ടില്ല. ഇവർ ഓൺലൈൻ ക്ലാസിൽ പ​ങ്കെടുക്കുന്നുമില്ല. ഒന്ന്​​ മുതൽ 12ാം ക്ലാസുവരെയുള്ള കുട്ടികളാണ്​ ഇവർ. സ്കൂളുകൾ പൂർണമായി തുറന്നതോടെ പലരും സ്കൂളിലെത്തിത്തുടങ്ങിയിട്ടുണ്ട്​​. വരാത്തവർക്കാണ്​ വിദ്യാലയ സമിതികളോട്​ അവർക്ക്​ വേണ്ട സഹായം നൽകാൻ നിർദേശം നൽകിയിരിക്കുന്നത്​. തമിഴ്​നാടുമായി അതിർത്തി പങ്കിടുന്ന ചില മേഖലയിലെ കുട്ടികളും സ്കൂളിൽ എത്താതിരിക്കുന്നുണ്ടെന്നാണ്​ വിവരം. കോവിഡ്​ കാലത്ത്​ കുട്ടികളിൽ പലരും മാതാപിതാക്കൾക്കൊപ്പം തമിഴ്​നാട്ടിലേക്ക്​ പോയതായും വിവരമുണ്ട്​. ഇത്തരം കുട്ടികളുടെ വിവരശേഖരണവും നടക്കുന്നുണ്ട്​. പരീക്ഷ സമയമാകു​മ്പോൾ ഇവരും തിരികെയെത്തുമെന്നാണ്​ അധികൃതരുടെ കണക്കുകൂട്ടൽ. കോവിഡ്​ കാലത്ത്​ പ്രതിഭാകേന്ദ്രങ്ങൾ തുറന്നതുവഴി ട്രൈബൽ മേഖലയിലടക്കം കുട്ടികളെ സജീവമായി നിലനിർത്താൻ കഴിഞ്ഞുവെന്നാണ്​ വിദ്യാഭ്യാസ വകുപ്പ്​ ചൂണ്ടിക്കാട്ടുന്നത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.