ബജറ്റ്​: പ്രതീക്ഷയിൽ മലയോരം

പ്രതിസന്ധി മാറാതെ ടൂറിസം, കാർഷിക മേഖലകൾ തൊടുപുഴ: കോവിഡ്​ തുടർച്ചയായി ഉണ്ടാക്കിയ ആഘാതങ്ങൾക്കിടയിലും വെള്ളിയാഴ്ച ധനമന്ത്രി അവതരിപ്പിക്കുന്ന ബജറ്റിനെ പ്രതീക്ഷയോടെ കാണുകയാണ്​ ഇടുക്കി. കോവിഡ്​ ആശങ്കകൾ മാറിത്തുടങ്ങിയെങ്കിലും​ സമസ്​ത മേഖലകളും പ്രതിസന്ധിയിൽ നട്ടം തിരിയുകയാണ്​​. പ്രത്യേകിച്ച്​ തോട്ടം മേഖല. തോട്ടവിളകളുടെ കൃഷി അനാകർഷകമായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ്​. പണിയെടുക്കുന്ന തൊഴിലാളികളുടെ വരുമാനവും ജീവിതനിലവാരവും താഴേക്ക്​ ​പോകുന്നു. തോട്ടം മേഖല അതുകൊണ്ടുതന്നെ ഏറെ പ്രതീക്ഷയോടെയാണ്​ ബജറ്റിനെ നോക്കി കാണുന്നത്​. ജില്ലയുടെ പ്രധാന വരുമാന മാർഗങ്ങളിലൊന്നായ വിനോദ സഞ്ചാര മേഖലക്ക്​ കനത്ത തിരിച്ചടിയാണ്​ കോവിഡ്​ ഏൽപിച്ചത്​​​. വ്യാപനവും തുടർന്നുള്ള നിയന്ത്രണങ്ങളും ടൂറിസം മേഖലയിലുള്ളവരുടെ ഉപജീവനം തീർത്തും പ്രതിസന്ധിയിലാക്കി​. കോവിഡാനന്തരമുള്ള ടൂറിസം സാധ്യതകൾ അവലോകനം ചെയ്​ത്​ ഈ മേഖലയിൽ ദ്രുതഗതിയിലുള്ള വളർച്ച ഉറപ്പാക്കാനുള്ള പദ്ധതികൾ ആവിഷ്​കരിക്കുമെന്നാണ് ടൂറിസം രംഗത്തുള്ളവർ പ്രതീക്ഷിക്കുന്നത്. ഈ മേഖലയിലെ ഇത്തരം പ്രശ്​നങ്ങൾ പരിഹരിക്കാൻ ഒരു പുരജ്ജീവന പാക്കേജ്​ ബജറ്റിൽ പ്രതീക്ഷിക്കുന്നുണ്ട്​. കാർഷിക മേഖലകൂടിയായ ജില്ലയിലെ കർഷകർ പലപ്പോഴും നേരിടുന്ന പ്രശ്​നമാണ്​ ഉൽപന്നങ്ങൾ വാങ്ങാനും വിപണനം ചെയ്യാനുമുള്ള പ്രതിസന്ധി. ഇത്​ പരിഹരിക്കാനും നടപടി പ്രതീക്ഷിക്കുന്നുണ്ട്​​​. യാഥാർഥ്യമാകുമോ പാക്കേജുകളിലെ ഇടുക്കി കഴിഞ്ഞ്​ രണ്ടു​ വർഷങ്ങളിലായി വലിയ പാക്കേജുകളാണ്​ ഇടുക്കി ജില്ലക്ക്​ ലഭിച്ചത്​. 2019ൽ 5000 കോടിയും 2020ൽ 5000 കോടിയുമായിരുന്നു പ്രഖ്യാപനം. ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട്​ വിഭാവനം ചെയ്ത പാക്കേജ്​ അതിന്‍റെ ഫലപ്രാപ്തിയിലേക്കെത്തിയിട്ടില്ല. കൃഷി, വ്യവസായം, ടൂറിസം എന്നിവയുടെ വികസനം, പരിസ്ഥിതി സംതുലനാവസ്ഥ പുനഃസ്ഥാപിക്കൽ, ദാരിദ്ര നിർമാർജനം എന്നിങ്ങനെ ആറ്​ മേഖലയിലായി അഞ്ചുവർഷംകൊണ്ട്​ ഇടുക്കിയു​ടെ സമഗ്ര വികസനമാണ്​ ലക്ഷ്യമിട്ടിരിക്കുന്നത്​. ഇത്​ സംബന്ധിച്ച്​ വിവിധ തലത്തിലുള്ളവരുമായി കൂടിക്കാഴ്ചകളും ചർച്ചയും നടത്തി നടപടികൾ പൂർത്തിയാക്കി സർക്കാറിന്​ സമർപ്പിച്ചിട്ടുണ്ടെന്നാണ്​​ ഇതുമായി ബന്ധപ്പെട്ട്​ അധികൃതർ ചൂണ്ടിക്കാട്ടുന്നത്​. ധനമന്ത്രി കെ.എൻ. ബാലഗോപാൽ 2021ൽ അവതരിപ്പിച്ച ബജറ്റിൽ ഈ പാക്കേജിനെക്കുറിച്ച്​ പരാമർശം ഉണ്ടായിരുന്നില്ല. മുൻ ധനമന്ത്രി തോമസ്​ ഐസക്​ അവതരിപ്പിച്ച ബജറ്റിന്‍റെ തുടർച്ചയായിരുന്നു ഇത്​. കൃത്യമായ ആസൂത്രണങ്ങളോടെ പാക്കേജ്​ നടപ്പാക്കാനുള്ള നടപടി പുരോഗമിക്കുകയാണെന്ന്​ ജില്ല ഭരണകൂടം ആവർത്തിക്കു​മ്പോഴും ഇടുക്കി ഇപ്പോഴും മറ്റ്​ ജില്ലകളെ അപേക്ഷിച്ച്​ അടിസ്ഥാന സൗകര്യങ്ങളുടെ വികസനകാര്യത്തിൽ പിന്നിലാണ്​. നടപ്പാകുമോ ഈ വാഗ്​ദാനങ്ങൾ ഇടുക്കിയു​ടെ വികസനം സാധ്യമാകണമെങ്കിൽ അടിസ്ഥാന സൗകര്യങ്ങളിൽ കൃത്യമായ പദ്ധതികൾ ആസൂത്രണം ചെയ്ത്​ നടപ്പാക്കണമെന്നാണ്​ വിദഗ്​ധർ ചൂണ്ടിക്കാട്ടുന്നത്​. മുൻ കാലങ്ങളിലെ ബജറ്റുകളിലെ പല പ്രഖ്യാപനങ്ങളും പൂർണതോതിൽ നടപ്പാക്കാനായില്ല. പൂട്ടിക്കിടക്കുന്ന തോട്ടങ്ങൾ തുറക്കാൻ നടപടി സ്വീകരിക്കുമെന്ന പ്രഖ്യാപനങ്ങൾ ഇപ്പോഴും ലക്ഷ്യത്തിലെത്താതെ കിടക്കുന്നു. ലയങ്ങളിലെ ജീവിതങ്ങൾ ഇപ്പോഴും നരകതുല്യമാണ്​​. വന്യമൃഗശല്യത്തിന്​ തടയിടാനും മുമ്പ്​​ പ്രഖ്യാപിച്ച പദ്ധതികൾക്ക്​ കഴിഞ്ഞിട്ടില്ല. ടൂറിസം സെന്‍ററുകളെ പുനരുജ്ജീവിപ്പിക്കുമെന്ന പ്രഖ്യാപനങ്ങൾ പലപ്പോഴും ഉയർന്ന്​ കേൾക്കുന്ന ഒന്നാണ്​. പ്രധാന ടൂറിസം കേന്ദ്രങ്ങളെ കോർത്തിണക്കി സർക്യൂട്ട്​ എന്ന പ്രഖ്യാപനവും നടപ്പായില്ല. സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയാത്ത പദ്ധതികളുമുണ്ട്​. മലങ്കര ടൂറിസം പദ്ധതി ഒരു ഉദാഹരണം മാത്രം. മൂന്നാറിലെ വിനോദ സഞ്ചാര ട്രെയിൽ എന്ന പ്രഖ്യാപനം മുൻ വർഷത്തെ ബജറ്റിലേതായിരുന്നു. കാർഷിക മേഖയലയായ ഇടുക്കിയിൽ കാർഷിക ഉൽപന്നങ്ങൾക്ക്​ താങ്ങുവില പ്രഖ്യാപിക്കണമെന്നതും ഇടുക്കിയുടെ കാലങ്ങളായുള്ള ആവശ്യമാണ്​. നാണ്യവിളകളുടെ വിലയിടിവ്​ ജില്ലയിലെ ജനങ്ങളെ വലിയ പ്രതിസന്ധിയിലാക്കുന്നുണ്ട്​. ഈ ബജറ്റ്​ ജില്ലക്ക്​ അനുകൂലമായ ഒട്ടേറെ പ്രഖ്യാപനങ്ങൾ ഉൾപ്പെട്ടതാകുമെന്നാണ്​ പ്രതീക്ഷ. പ്രതീക്ഷയിലാണ്​ അഞ്ച്​ മണ്ഡലങ്ങളും തങ്ങളുടെ മണ്ഡലത്തിലെ വികസനത്തിന്​ ആക്കം കൂട്ടുന്ന പദ്ധതികൾ ബജറ്റ്​ പ്രഖ്യാപനത്തിൽ ഉൾപ്പെടുമെന്ന പ്രതീക്ഷയിലാണ് ജനപ്രതിനിധികളും​. ​ഓരോ എം.എൽ.എമാരും തങ്ങളുടെ മണ്ഡലത്തിലേക്ക്​ വേണ്ട പദ്ധതികൾ മുൻകൂട്ടി തയാറാക്കി നൽകിയിട്ടുണ്ട്​. പീരുമേട്​ മണ്ഡത്തിൽ 2018ലെ പ്രളയത്തിൽ ഒലിച്ചുപോയ കൂട്ടിക്കൽ പാലം, കഴിഞ്ഞ പ്രളയത്തിൽ നശിച്ച ഏന്തയാർ, കൊക്കയാർ പാലം, കരിന്തരുവി പാലം എന്നിവ പുനർനിർമിക്കാൻ ഫണ്ട്​ അനുവദിക്കണമെന്ന​ ആവശ്യം പങ്കുവെച്ചിട്ടുണ്ട്​. കോലാഹലമേട്ടിലെ ഡെയറി സയൻസ്​ കോളജ്​ ലോകോത്തര നിലവാരമുള്ള സ്ഥാപനമാക്കി മാറ്റുന്നതിനുള്ള പദ്ധതികൾ സമർപ്പിച്ചിട്ടുണ്ട്​. തോട്ടം മേഖലയുടെ പുനരു​ദ്ധാരണത്തിനും തോട്ടം നയം ഫലപ്രദമായി നടപ്പാക്കാനും നടപടി കൈക്കൊള്ളണമെന്നും പൂട്ടിക്കിടക്കുന്ന തോട്ടങ്ങൾ സർക്കാർ ഏറ്റെടുക്കണമെന്നുമുള്ള ആവശ്യവും മണ്ഡലത്തിൽനിന്നുണ്ട്​​. തൊടുപുഴ-കോതായിക്കുന്ന്​ ബൈപാസിലൊരു സ്​റ്റേഡിയത്തിന്​ തുക അനുവദിക്കണമെന്ന ആവശ്യം തൊടുപുഴ എം.എൽ.എ അറിയിച്ചിട്ടുണ്ട്​. പെരുമാങ്കണ്ടം, ഈസ്​റ്റ്​ കലൂർ, ചീനിക്കുഴി ഉൾപ്പെട്ട കോട്ട റോഡ്​ നിർമാണം, കാരിക്കോട്​-തെക്കും ഭാഗം-അഞ്ചിരി-ആനക്കയം റോഡ്​ എന്നിവക്ക്​ തുക അനുവദിക്കണമെന്ന ആവശ്യവും തൊടുപുഴ ഫയർ സ്​റ്റേഷൻ കെട്ടിട നിർമാണത്തിന്​ തുക അനുവദിക്കണമെന്നതും ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്​. ഉടു​മ്പൻചോലയിൽ ആയുർവേദ മെഡിക്കൽ കോളജ്​, പുതുതായി അനുവദിച്ച പദ്ധതികൾ, റോഡ്​, പാലം എന്നിവക്ക്​ ഫണ്ട്​ പ്രതീക്ഷിക്കുന്നുണ്ട്​. ആയുർവേദ മെഡിക്കൽ കോളജിന്‍റെ 23 ഏക്കർ കൈമാറി നിർമാണോദ്​ഘാടനം നടന്നതാണ്​. ഇതിന്‍റെ നിർമാണത്തിന്​ ആവശ്യമായ തുക പ്രതീക്ഷിക്കുന്നുണ്ട്​. ഇടുക്കി പാക്കേജിൽ ഉൾപ്പെടുത്തിയുള്ള ചില പദ്ധതികളും ബജറ്റ്​ പ്രഖ്യാപനത്തിലുണ്ടാകുമെന്നാണ്​ കരുതുന്നത്​. ഇൻഡോർ സ്​റ്റേഡിയത്തിന്​ അ​ഞ്ചേക്കർ സ്ഥലം കണ്ടെത്തിയിട്ടുണ്ട്​. ഒരേക്കർ സ്ഥലത്താണ്​ ഇൻഡോർ സ്​റ്റേഡിയം. ബാക്കി നാലേക്കർ സ്ഥലത്ത്​ റോളർ സ്​കേറ്റിങ്​ ട്രാക്ക്​ ഒരുക്കണമെന്നും നിർദേശമായി നൽകിയിട്ടുണ്ട്​. തോട്ടം-കാർഷിക മേഖലയിൽ കൂടുതൽ പ്രഖ്യാപനം ഉണ്ടാകുമെന്നാണ്​ ദേവികുളം മണ്ഡലം പ്രതീക്ഷിക്കുന്നത്​. റോഡുകൾ, പാലങ്ങൾ എന്നിവയുടെ നിർമാണങ്ങളും ബജറ്റിൽ പ്രതീക്ഷിക്കുന്നുണ്ട്​. കാർഷിക മേഖലയിലേക്കുള്ള റോഡുകളുടെ പുനരുദ്ധാരണം, താലൂക്ക്​ ആശു​പത്രി വികസനം, പച്ചക്കറി സംഭരണ യൂനിറ്റ്​ എന്നിവയും ദേവികുളം മണ്ഡലത്തിന്‍റെ ബജറ്റ്​ പ്രതീക്ഷകളാണ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.