സ്‌ഫോടനത്തിന്​ പിന്നിൽ ബാഹ്യ ഇടപെടലെന്ന്​ പൊലീസ് നിഗമനം

നെടുങ്കണ്ടം: കോമ്പയാറിലെ ഏലം സ്‌റ്റോറിൽ തിങ്കളാഴ്ചയുണ്ടായ സ്‌ഫോടനത്തിന്​ പിന്നിൽ ബാഹ്യ ഇടപെടല്‍ ഉള്ളതായി പൊലീസ് നിഗമനം. അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്​. ഉഗ്രശബ്ദത്തോടെ ഉണ്ടായ പൊട്ടിത്തെറിയുമായി ബന്ധപ്പെട്ട്​ പൊലീസ് പലരെയും ചോദ്യം ചെയ്​തു വരുകയാണ്. സ്‌റ്റോറില്‍ സൂക്ഷിച്ചിരുന്ന സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ചതാണെന്ന അഭ്യൂഹം പൊലീസ് തള്ളി. അങ്ങനെ സംഭവിച്ചതായിരുന്നെങ്കില്‍ കെട്ടിടം പൂര്‍ണമായും തകരുമായിരുന്നെന്ന്​ അന്വേഷണ ഉദ്യോഗസ്ഥനായ നെടുങ്കണ്ടം സി.ഐ. ബി.എസ്. ബിനു പറഞ്ഞു. സംഭവം നടന്ന ഉടൻ തീയണക്കാനും മറ്റുമായി സ്ഥലത്തെത്തിയത് പ്രദേശവാസികളാണ്. സംശയാസ്പദമായി ഒന്നും കണ്ടെത്താന്‍ ഇവര്‍ക്കോ പൊലീസിനോ കഴിഞ്ഞിട്ടില്ല. വെന്‍റിലേഷനിലൂടെ മണ്ണെണ്ണയും തിന്നറും അകത്തേക്ക് ഒഴിച്ച്​ ആരോ തീയിട്ടതായി വീട്ടുകാര്‍ സംശയിക്കുന്നു. അകത്തെ ഭിത്തിയിൽ മണ്ണെണ്ണ സാന്നിധ്യമുള്ള കരിയും തിന്നറി‍ൻെറ രൂക്ഷഗന്ധവും കണ്ടെത്തിയതിനാല്‍ പൊലീസും വീട്ടുകാരുടെ സംശയം ശരിവെക്കുന്നു. വന്‍ അപകടമാണ് ഒഴിവായത്. സ്റ്റോറിനുള്ളിലെ മുറിയില്‍ കിടന്നുറങ്ങുകയായിരുന്ന അന്തർ സംസ്ഥാന തൊഴിലാളി നിസ്സാര പരിക്കോടെയാണ് രക്ഷപ്പെട്ടത്. കോമ്പയാര്‍ ബ്ലോക്ക് നമ്പര്‍ 738ല്‍ ഇ.എച്ച്.​ മുഹമ്മദ് ബഷീറി‍ൻെറ ഉടമസ്ഥതയിലെ ഗ്രീന്‍ ഗോള്‍ഡ്​ കാര്‍ഡമം ഡ്രയര്‍ എന്ന ഏലം സ്റ്റോറിൽ തിങ്കളാഴ്ച പുലര്‍ച്ച 3.20നായിരുന്നു സ്ഫോടനം. വീടിനോട് ചേര്‍ന്നാണ്​ ഡ്രയര്‍ സ്ഥിതി ചെയ്യുന്നത്. ഏലം ഡ്രയറി‍ൻെറ വാതിലും നാല്​ ജനാലയും ഷട്ടറും ചിതറിത്തെറിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.