തോട്ടം മേഖലയിലെ വിദ്യാർഥികൾക്ക്​ സ്കൂൾ യാത്ര വൻബാധ്യതയാകുന്നു

മൂന്നാർ: സ്കൂളുകൾ പൂർണതോതിൽ പ്രവർത്തനം ആരംഭിച്ചതോടെ വൻതുക യാത്രക്കൂലി നൽകി സ്കൂളിലെത്താൻ കുട്ടികൾ ബുദ്ധിമുട്ടുന്നു. മൂന്നാറിലെ വിവിധ തോട്ടം മേഖലകളിലെ കുട്ടികൾക്കാണ്​ ചെലവേറിയ സ്കൂൾ യാത്ര വെല്ലുവിളിയാകുന്നത്​. മൂന്നാറിൽനിന്ന്​ അകലെയുള്ള ആറ്റുകാട്, വിരിപാറ, ലക്ഷ്മി, നല്ലതണ്ണി എന്നിവിടങ്ങളിലെ കുട്ടികൾ ട്രിപ് വാഹനങ്ങളെ ആശ്രയിച്ച് സ്കൂളിലെത്തേണ്ട അവസ്ഥയാണ്​. വിവിധ എസ്​റ്റേറ്റുകളിൽനിന്ന്​ മൂന്നാറിലേക്ക് വരുന്ന ട്രിപ് ഓട്ടോയും ജീപ്പുകളുമാണ് ഏക ആശ്രയം. പക്ഷേ ഒരുവശത്തേക്ക്​ മാത്രം 10 മുതൽ 50 രൂപ വരെ വണ്ടിക്കൂലി നൽകേണ്ടിവരുന്നു. മറ്റ് യാത്രക്കാർ നൽകുന്ന അതേ തുക കുട്ടികളും നൽകേണ്ടിവരുന്നതോടെ രക്ഷിതാക്കൾ ബുദ്ധിമുട്ടുകയാണ്. ഒരു ദിവസം സ്കൂളിൽ പോയിവരാൻ 50 മുതൽ 100രൂപ ചെലവാക്കേണ്ടിവരും. ചില വീടുകളിൽ രണ്ടും മൂന്നും കുട്ടികൾ സ്കൂളിൽ പോകേണ്ടി വന്നാൽ വൻതുക രക്ഷിതാക്കൾ കണ്ടെത്തണം. സ്കൂളുകളിൽ വാഹനങ്ങൾ ഉണ്ടെങ്കിലും ഒരു മാസത്തേക്ക് അറ്റകുറ്റപ്പണിയും മറ്റ് ചെലവുകളും നടത്തി ഓടിക്കാൻ തയാറാകാത്തതാണ്​ രക്ഷിതാക്കൾക്ക് വിനയായത്. കുട്ടികളുടെ യാത്രച്ചെലവ് കുറക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.