ജൈവകൃഷി പ്രോത്സാഹനത്തിന്​ 'ഞങ്ങളും കൃഷിയിലേക്ക്​'

തൊടുപുഴ: ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം എല്ലാവരെയും കൃഷിമുറ്റ​ത്തേക്കിറക്കുക എന്ന ലക്ഷ്യവുമായി 'ഞങ്ങളും കൃഷിയിലേക്ക്​' പദ്ധതിയുമായി കൃഷിവകുപ്പ്​. പച്ചക്കറി കൃഷിയിൽ സ്യയം പര്യാപ്തത നേടുന്നതിനൊപ്പം സുരക്ഷിത ഭക്ഷണം ഉറപ്പാക്കുകയുമാണ്​ ലക്ഷ്യം. ഇതിന്‍റെ ഭാഗമായി ജില്ലയിൽ എല്ലാ വാർഡുകളിലും കാർഷിക ഗ്രൂപ്പുകൾ രുപവത്​കരിക്കും. ഒരു വാർഡിൽ 200 കുടുംബങ്ങളെ ഉൾപ്പെടുത്തി ഒരു ഗ്രൂപ്പുണ്ടാക്കും. അവരിൽനിന്ന്​ ഒരു പഞ്ചായത്തിൽ 10 ഗ്രൂപ്പെങ്കിലും രൂപവത്​കരിക്കും. അവരുടെ നേതൃത്വത്തിലാകും കൃഷി. തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്നാണ്​ പദ്ധതി നടപ്പാക്കുക. സ്ത്രീകൾ, യുവാക്കൾ, പ്രവാസികൾ എന്നിവർ ഉൾപ്പെടുന്നതാകും ഗ്രൂപ്പുകൾ. നെല്ല്​, പച്ചക്കറി, കിഴങ്ങുവർഗങ്ങൾ എന്നിവയിൽ ഗ്രൂപ്പുകൾ ആരംഭിക്കും. ഓരോ ഗ്രൂപ്പിലും ഒരുമിച്ചോ പലയിടങ്ങളിലോ കൃഷിചെയ്യാം. കൃഷിയിൽ ഏർപ്പെട്ടവർക്ക്​ ധനസഹായം നൽകും. വിദൂര ആദിവാസി മേഖലയായ ഇടമലക്കുടിയിലും പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നുണ്ട്​. 600 ഗ്രൂപ്പെങ്കിലും ജില്ലയിൽ ഉണ്ടാകുമെന്നാണ്​ കൃഷിവകുപ്പ്​ പ്രതീക്ഷ. പദ്ധതിയുടെ ഭാഗമായി ജില്ലയിൽ മാതൃക കൃഷി പ്ലോട്ട്​ തെരഞ്ഞെടുക്കും. വണ്ടിപ്പെരിയാർ, അരിക്കുഴ, കരിമണ്ണൂർ എന്നിവയാണ്​ കൃഷിവകുപ്പിന്‍റെ ഫാമുകൾ. ഇതിൽ ഏതെങ്കിലും ഒന്നിനെയാകും മാതൃക പ്ലോട്ടായി കണ്ടെത്തുക. ​ജില്ലയുടെ ഒരു കൃഷി മാതൃക തന്നെ ഇവിടെയെത്തുന്നവർക്ക്​ മനസ്സിലാകുന്ന തരത്തിലാകും പ്ലോട്ട്​ സജ്ജീകരിക്കുക. ഇതോടൊപ്പം ജില്ലയിൽ 8000 സോയിൽ ഹെൽത്ത്​ കാർഡുകളും കൃഷിക്കാർക്ക്​ നൽകാനുള്ള ഒരുക്കം പൂർത്തിയായിവരുന്നതായി കൃഷിവകുപ്പ്​ അധികൃതർ പറഞ്ഞു. എല്ലാ വീടുകളിലും പോഷകത്തോട്ടം നിർമിക്കാനും തീരുമാനിച്ചു. കൃഷിക്കാവശ്യമായ ഭൂമി കണ്ടെത്തുന്നതിലടക്കം കൃഷിവകുപ്പിന്‍റെ നിർദേശങ്ങളുണ്ടാകും. വീടുകൾ, സ്കൂളുകൾ, കോളജ്​ എന്നിവ കേന്ദ്രീകരിച്ചുള്ള കൃഷിക്കും പിന്തുണ നൽകും. അതത്​ പഞ്ചായത്തുകളിൽ എത്ര ഗ്രൂപ്പുകൾ ഉണ്ടാക്കാൻ കഴിയും എന്നതിനെക്കുറിച്ചുള്ള ചർച്ചകൾ അതത്​ കൃഷിഭവനുകളുമായി ബന്ധപ്പെട്ട്​ നടന്നുവരികയാണെന്നും വേഗത്തിൽ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട്​ ​ നിർദേശം കൊടുത്തിട്ടുണ്ടെന്നും പ്രിൻസിപ്പൽ കൃഷി ഓഫിസർ ഇൻചാർജ്​ ആൻസി തോമസ്​ പറഞ്ഞു. വിളകളിലെ ഹോമിയോ പരിചരണം; മുന്നറിയിപ്പുമായി കാർഷിക സർവകലാശാല തൊടുപുഴ: വിവിധ പേരുകളിൽ കൃഷിയിൽ ഹോമിയോ മരുന്നുകൾ ചില സ്വകാര്യ വ്യക്തികളും ഏജൻസികളും പ്രചരിപ്പിച്ച്​ വരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും കർഷകർ ജാഗ്രത പാലിക്കണമെന്നും കേരള കാർഷിക സർവകലാശാല. കാർഷിക വിളകളിലെ ഹോമിയോ പരിചരണം സംബന്ധിച്ച സോഷ്യൽ മീഡിയ പ്രചാരണങ്ങൾ സജീവമാണ്. ഹോമിയോ മരുന്നുകൾ വിളകളിൽ ഉൽപാദന വർധന ഉണ്ടാക്കുമെന്നും വരൾച്ചയെ പ്രതിരോധിക്കുമെന്നുമാണ്​ വാർത്തകൾ പരക്കുന്നത്​. ഇത്തരം വ്യാജപ്രചാരണങ്ങളിൽ വഞ്ചിതരാകരുത്. കൃഷിയിൽ ഹോമിയോ മരുന്നുകളുടെ ഉപയോഗം ഭാരതീയ കാർഷിക ഗവേഷണ കൗൺസിലോ കേരള കാർഷിക സർവകലാശാലയോ അംഗീകരിക്കുകയോ ശിപാർശ ചെയ്യുകയോ ചെയ്​തിട്ടില്ല. കർഷകർ സർവകലാശാലയുടെ പാക്കേജ് ഓഫ് പ്രാക്ടീസ് പ്രകാരമുള്ള സസ്യ സംരക്ഷണ മാർഗ്ഗങ്ങൾ ഉപയോഗിക്കണമെന്നും അധികൃതർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.