റിപ്പബ്ലിക്​ ദിനാഘോഷം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്

ഇടുക്കി: കോവിഡ് പശ്ചാത്തലത്തില്‍ ആര്‍ഭാടങ്ങള്‍ ഒഴിവാക്കി കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാകും ഇത്തവണ റിപ്പബ്ലിക്​ ദിനാഘോഷം. രാവിലെ ഒമ്പതിന് പൈനാവ് പൂര്‍ണിമ ക്ലബ് ഹാളില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിക്കും. എക്​സൈസ്, ലോക്കല്‍ പൊലീസ്, വനിത പൊലീസ്, ഫോറസ്​റ്റ്​ എന്നിവയുടെ പ്ലാറ്റൂണുകള്‍ പരേഡില്‍ അണിനിരക്കും. പൊലീസിന്‍റെ ബാന്‍ഡ് ടീം പരേഡിന് താളമൊരുക്കും. പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടാകില്ല. ക്ഷണിക്കപ്പെട്ടവരുടെ പരമാവധി എണ്ണം 50 ആയിരിക്കും. സ്റ്റുഡന്‍റ്​​ പൊലീസ്​, സ്‌കൗട്ട്സ് ആന്‍ഡ് ഗൈഡ്സ്, എൻ.സി.സി ജൂനിയര്‍ ഡിവിഷന്‍ എന്നിവയുടെ സംഘങ്ങളെ ഈ വര്‍ഷം അനുവദിക്കില്ല. സ്‌കൂള്‍ കുട്ടികൾക്ക്​ വേദിയില്‍ ദേശഭക്തി ഗാനം ആലപിക്കാനും അവസരമുണ്ടാകില്ല. ഓണ്‍ലൈന്‍ ആലാപനമാകാം. എല്ലാ സംഘങ്ങളെയും ക്ഷണിക്കപ്പെട്ടവരെയും പ്രവേശന കവാടത്തില്‍ തെര്‍മല്‍ സ്‌കാനിങ്ങിന് വിധേയരാക്കും. ആവശ്യത്തിന് ഹാന്‍ഡ് സാനിറ്റൈസറുകളും മാസ്‌കുകളും വേദിയില്‍ ലഭ്യമാക്കണം. ലഘുഭക്ഷണ വിതരണം ഒഴിവാക്കണമെന്നും പൊതുഭരണ വകുപ്പ് നിർദേശിച്ചു. രണ്ടുപേര്‍ക്കെതിരെ കാപ്പ; സാമൂഹ്യ വിരുദ്ധർക്ക്​ കരുതല്‍ തടങ്കലും ഇടുക്കി: വിവിധ കേസുകളില്‍ പ്രതികളായ യുവാക്കളെ റൗഡികളായി പ്രഖ്യാപിച്ച് അടുത്ത ആറ്​ മാസം ആഴ്ചയില്‍ ഒരു ദിവസം പീരുമേട് ഡിവൈ.എസ്.പി. മുമ്പാകെ ഹാജരാകാന്‍ എറണാകുളം ഡെപ്യൂട്ടി ഇന്‍സ്‌പെക്ട​ര്‍ ജനറല്‍ ഓഫ് പൊലീസ് നീരജ് കുമാര്‍ ഗുപ്ത നിർദേശിച്ചു. ചക്കുപള്ളം ഏഴാം മൈല്‍ വാണിയപ്പിള്ളില്‍ വീട്ടില്‍ ടിന്‍സൻ (32), കുമളി അമരാവതി രണ്ടാംമൈല്‍ കാഞ്ഞിരമറ്റത്തില്‍ വീട്ടില്‍ മനു (31) എന്നിവർക്കെതിരെയാണ്​ നടപടി. ജില്ല പൊലീസ് മേധാവി ആര്‍. കറുപ്പസ്വാമിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കാപ്പ നിയമ പ്രകാരമാണ്​ ശിക്ഷ വിധിച്ചത്. ജില്ലയില്‍ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന 390 പേരില്‍ 284 പേര്‍ക്കെതിരെ 107 സി.ആര്‍.പി.സി പ്രകാരം നടപടിയെടുത്തു. 50 പേര്‍ക്കെതിരെ റൗഡി ഹിസ്റ്ററി ഷീറ്റ് തുറക്കുകയും 'ഓപറേഷന്‍ കാവല്‍' നടപടിയുടെ ഭാഗമായി 537 പേരെ കരുതല്‍ തടങ്കലിലാക്കുകയും ചെയ്തു. കഴിഞ്ഞ വർഷം 12 പേര്‍ക്കെതിരെ കാപ്പ പ്രകാരം റിപ്പോര്‍ട്ട് കൊടുക്കുകയും നാല്​ പേര്‍ക്കെതിരെ ശിക്ഷ നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്​. ജില്ലയില്‍ സ്ഥിരമായി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ നിരീക്ഷിച്ച് വരികയാണെന്നും, ഇവര്‍ക്കെതിരെ കാപ്പ പ്രകാരം നടപടി സ്വീകരിക്കുമെന്നും ജില്ല പൊലീസ് മേധാവി ആര്‍. കറുപ്പസ്വാമി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.