ചെറുതോണി: ജില്ലയിൽ സി.പി.എമ്മിനെ നയിക്കാൻ സി.വി. വർഗീസ് അമരത്തേക്ക്. കുടിയേറ്റ കർഷകത്തൊഴിലാളിയായ ചെള്ളക്കുഴിയിൽ വർഗീസ്-ഏലിയാമ്മ ദമ്പതികളുടെ മൂന്നാമത്തെ മകനാണ് സി.വി. എന്ന് സുഹൃത്തുക്കൾ വിളിക്കുന്ന സി.വി. വർഗീസ്. കോട്ടയം ജില്ലയിലെ പെരുമ്പനച്ചിയിൽനിന്ന് കട്ടപ്പനയിലേക്ക് കുടിയേറി പിന്നീട് തങ്കമണിയിൽ സ്ഥിരതാമസമാക്കിയ വർഗീസ്, തങ്കമണി സെന്‍റ് തോമസ് എൽ.പി സ്ക്കൂളിലാണ് പ്രാഥമിക വിദ്യാഭ്യാസം ആരംഭിച്ചത്. ഹൈസ്ക്കൂൾ വിദ്യാഭ്യാസം കട്ടപ്പന സെന്‍റ് ജോർജ് ഹൈസ്കൂളിലായിരുന്നു. 24 കിലോമീറ്റർ കാൽനടയായി സഞ്ചരിച്ചായിരുന്നു പഠനം. കഠിനമായ ജീവിതാനുഭവങ്ങൾ താണ്ടിയ ബാല്യമാണ് സി.വിക്ക് പൊതുപ്രവർത്തനത്തിലെ കരുത്ത്. 1979ൽ ഡി.വൈ.എഫ്.ഐ യൂനിറ്റ് സെക്രട്ടറിയായി പൊതുപ്രവർത്തനം ആരംഭിച്ചു. അക്കാലത്ത് ഉദയഗിരിയിൽ പാർട്ടി ഉണ്ടാക്കാൻ തങ്കമണി ലോക്കൽ സെക്രട്ടറി ചുമതലപ്പെടുത്തിയത് സി.വിയെ ആണ്. യു.ഡി.എഫ് ഭരണകാലത്ത് സർക്കാർ ആശുപത്രിയിൽ നടപ്പാക്കിയ ഒ.പി ചാർജിനെതിരായ സമരത്തിന് മുന്നോടിയായി 15 ദിവസം നീണ്ട യൂത്ത് മാർച്ച് ജില്ലയാകെ നടത്തി. മാർച്ചിനെ തുടർന്ന് അടിമാലിയിൽ എട്ടു ദിവസം വർഗീസ് നിരാഹാരമനുഷ്ഠിച്ചു. 1981ൽ തങ്കമണി ലോക്കൽ സെക്രട്ടറി, 1984ൽ ഇടുക്കി ഏരിയ കമ്മിറ്റി അംഗവും 1997ൽ ഏരിയ സെക്രട്ടറിയുമായി. ആയിരത്തിൽപരം പാലിയേറ്റിവ് രോഗികൾക്ക് പരിചരണമേകുന്ന സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റിയുടെ സ്ഥാപകനും അഡ്മിനിസ്ട്രേറ്ററുമായും പ്രവർത്തിക്കുന്നു. ഭാര്യ: ജിജിമോൾ. മക്കൾ: ജീവാമോൾ, അമൽ. മരുമകൻ: സജിത്. 39 അംഗ ജില്ല കമ്മിറ്റി കുമളി: സി.പി.എമ്മിൻെറ പുതിയ 39 അംഗ ജില്ല കമ്മിറ്റിയിൽ പത്തുപേർ പുതുമുഖങ്ങളാണ്. നാലുപേർ വനിതകളും. മുൻ കമ്മിറ്റിയിലെ എട്ടുപേർ ഒഴിവായി. പത്തംഗ ജില്ല സെക്രട്ടേറിയറ്റും രൂപവത്കരിച്ചു. എം.ജെ. വാവച്ചൻ, ടി.എസ്. ബിസി, എം.എൻ ഹരിക്കുട്ടൻ, കെ.കെ വിജയൻ, പി.ബി സബീഷ്, രമേശ് കൃഷ്ണൻ, ടി.എം ജോൺ, സുമ സുരേന്ദ്രൻ, സുശീല ആനന്ദ്, വി. സിജിമോൻ എന്നിവരാണ് ജില്ല കമ്മിറ്റിയിലെ പുതുമുഖങ്ങൾ. കെ.കെ ജയചന്ദ്രൻ, സി.വി. വർഗീസ്, പി.എസ്. രാജൻ, കെ.വി. ശശി, വി.വി. മത്തായി, കെ.എസ്. മോഹനൻ, വി.എൻ. മോഹനൻ, ആർ. തിലകൻ, റോമിയോ സെബാസ്റ്റ്യൻ, ഷൈലജ സുരേന്ദ്രൻ എന്നിവരാണ് സെക്രട്ടേറിയറ്റ് അംഗങ്ങൾ. മറ്റ് ജില്ല കമ്മിറ്റി അംഗങ്ങൾ: പി.എൻ. വിജയൻ, എൻ.വി. ബേബി, കെ.ആർ. സോദരൻ, എൻ.കെ. ഗോപിനാഥൻ, വി.എ. കുഞ്ഞുമോൻ, ജി. വിജയാനന്ദ്, കെ.എൽ. ജോസഫ്, എം.ജെ. മാത്യു, കെ.എം. ഉഷ, ടി.ജെ. ഷൈൻ, കെ.ടി. ബിനു, എം.വി. ശശികുമാർ, എം. ലക്ഷ്‌മണൻ, ടി.കെ. ഷാജി, ആർ. ഈശ്വരൻ, നിശാന്ത് വി.ചന്ദ്രൻ, മുഹമ്മദ് ഫൈസൽ, വി.ആർ സജി, എൻ.പി സുനിൽകുമാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.