ദ​ുരന്ത മേഖലകളിൽ കൃഷി മന്ത്രി സന്ദർശിച്ചു

ഇടുക്കി: കനത്ത മഴയിലും മണ്ണിടിച്ചിലിലും കൃഷിനാശം സംഭവിച്ച കർഷകർക്ക് സാധ്യമായ രീതിയിൽ എല്ലാ സഹായവും സർക്കാറി​ൻെറ ഭാഗത്തുനിന്നും നൽകുമെന്ന് കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞു. കൂട്ടിക്കൽ ഉൾപ്പെടെ ഇടുക്കി, കോട്ടയം ജില്ലകളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായ വിവിധ പ്രദേശങ്ങളിൽ സന്ദർശിച്ചു. കൊക്കയാർ ദുരിതാശ്വാസ ക്യാമ്പും സന്ദർ​ശിച്ചു. ജില്ലയിലെ അമലഗിരി, നിർമലഗിരി, നാരകം പുഴ, പൂവഞ്ചി, കൊടികുത്തി എന്നീ പ്രദേശങ്ങളും മന്ത്രിയും സംഘവും സന്ദർശിച്ചു. എം.എൽ.എമാരായ വാഴൂർ സോമൻ, സെബാസ്​റ്റിൻ കുളത്തിങ്കൽ എന്നിവരും ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. കൃഷി നാശനഷ്​ടങ്ങൾ കർഷകർക്ക് ഓൺലൈനായോ, അക്ഷയകേന്ദ്രങ്ങൾ, കൃഷിഭവനുകൾ എന്നിവ മുഖേനയോ രേഖപ്പെടുത്തുന്നതിനും നഷ്​ടപരിഹാരത്തിന് അപേക്ഷിക്കുന്നതിനും സൗകര്യമുണ്ട്. കൃഷിനാശമുണ്ടായി പത്ത്​ ദിവസത്തിനകം തന്നെ അപേക്ഷകൾ ഓൺലൈനായി നൽകണം. 30 ദിവസത്തിനകം ഉദ്യോഗസ്ഥർ സ്ഥലപരിശോധന നടത്തി അർഹമായ ആനുകൂല്യത്തിനുള്ള ശിപാർശ സർക്കാറിലേക്ക് കൈമാറണമെന്ന്​ മന്ത്രി നിർദേശിച്ചു. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്​ പ്രത്യേകം ഉദ്യോഗസ്ഥ സംഘത്തെ നിയമിച്ചിട്ടുണ്ട്. എല്ലാ ജില്ലാകേന്ദ്രങ്ങളിലും കൃഷിവകുപ്പ് കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്. കൂടാതെ കൃഷി മന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ച്​ കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്. കൃഷി ഭൂമി പൂർവ നിലയിലാക്കുന്നതിന്​ അനുയോജ്യമായ പദ്ധതികൾ ആവിഷ്കരിക്കും. മണ്ണു സംരക്ഷണ വകുപ്പ്​ ഇതിനുവേണ്ട പ്രവർത്തനങ്ങൾ ആലോചിക്കും. തൊഴിലുറപ്പ് പദ്ധതിയെ ഈ പ്രവർത്തനങ്ങളുടെ ഭാഗമാക്കുന്നതിനുള്ള സാധ്യത സർക്കാർതലത്തിൽ ആലോചിച്ച് തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.