ഓഫ്റോഡ് വാഹനങ്ങൾ നിയന്ത്രണമില്ലാതെ പായുന്നു; അപകടം പെരുകുന്നു

പീരുമേട്: ഓഫ് റോഡ്​ സവാരി നടത്തുന്ന വാഹനങ്ങൾ പതിവായി​ അപകടങ്ങൾക്കിടയാക്കിയിട്ടും ഇവർക്കെതിരെ നടപടി സ്വീകരിക്കുന്നതിൽ വീഴ്​ച. വാഗമൺ, പരുന്തുംപാറ, മദാമ്മക്കുളം തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലാണ് സഞ്ചാരികളുമായി ഇത്തരം വാഹനങ്ങൾ പായുന്നത്.​ പുൽമേടുകളിൽ ജിപ്പ് ഓടിച്ചുകയറ്റിയും ഗട്ടർ നിറഞ്ഞ ഇടറോഡുകളിൽ അമിതവേഗത്തിൽ ഓടിച്ചുമാണ് സാഹസികത. സഞ്ചാരികളിൽനിന്ന്​ അമിതകൂലി വാങ്ങിയാണ് ഓഫ്റോഡ് ജീപ്പുകളുടെ ഈ സവാരി. പരുന്തുംപാറ വിനോദസഞ്ചാര കേന്ദ്രത്തിൽ ചൊവ്വാഴ്​ച ജീപ്പ് മറിഞ്ഞ് തമിഴ്​നാട്​ സ്വദേശികളായ 11പേർക്ക് പരിക്കേറ്റിരുന്നു. കഴിഞ്ഞ ജനുവരിയിൽ വാഗമൺ ഉളുപ്പുണിയിൽ ഓഫ് റോഡ് വാഹനം മറിഞ്ഞ് ഒരാൾ മരിച്ചു. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ വാഗമണ്ണിൽ നിരവധി അപകടങ്ങളാണ് ഉണ്ടായത്. 40ൽപരം വിനോദസഞ്ചാരികൾക്ക് പരിക്കേറ്റിരുന്നു. കഴിഞ്ഞവർഷം ഓഫ് റോഡ്​ സവാരിക്കിടെ നിയന്ത്രണംവിട്ട ജീപ്പ് പാലത്തിൽനിന്ന് പുഴയിൽവീണ് ആറുപേർക്ക് പരിക്കേറ്റു. വാഗമണ്ണിൽനിന്ന് ഉളുപ്പുണിയിലേക്കാണ് ഓഫ് റോഡ്​ സഞ്ചാരം. ജീപ്പുകളിൽ അമിതമായി സഞ്ചാരികളെ കുത്തിനിറച്ച് ചെറിയ പാതകളിലൂടെ വേഗത്തിൽ പായുമ്പോൾ നിയന്ത്രണംവിട്ട് വാഹനം മറിഞ്ഞാണ്​ ഒട്ടുമിക്ക അപകടങ്ങളും ഉണ്ടാകുന്നത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.