കോടികളുടെ ചന്ദനം കാക്കാൻ ഓല മറച്ച കുടിൽ

കൊള്ളക്കാരെയും വന്യമൃഗങ്ങളെയും അതിജീവിക്കാന്‍ മുളവടി മറയൂര്‍: പതിനായിരം കോടിയിലധികം മൂല്യമുള്ള ഏഷ്യയിലെതന്നെ ഏറ്റവും വലുതും വിശിഷ്​ടവുമായ മറയൂരിലെ ചന്ദനക്കാട് സംരക്ഷണത്തിലേ​ർപ്പെടുന്ന താൽക്കാലിക ജീവനക്കാർക്ക്​ ദുരിതം. മണത്തിലും ഗുണത്തിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന മറയൂര്‍ ചന്ദനത്തി​ൻെറ പ്രശസ്​തിപോലെതന്നെ സംരക്ഷണവും ഏറെ ദുര്‍ഘടം പിടിച്ചതാണ്​. ആന, കാട്ടുപോത്ത് തുടങ്ങിയ വന്യമൃഗങ്ങള്‍ വിഹരിക്കുന്ന ഇടതൂര്‍ന്ന വനത്തില്‍ ആയുധധാരികളായ മോഷ്​ടാക്കളില്‍നിന്ന്​ ചന്ദനം സംരക്ഷിക്കുക ഏറെ പ്രയാസമുള്ള കാര്യമാണ്​. ചന്ദനവനത്തിനുള്ളില്‍ ഷെഡുകള്‍ സ്ഥാപിച്ച് 24 മണിക്കൂറും താൽക്കാലിക വാച്ചര്‍മാരെയും ഗാര്‍ഡുകളെയും നിരീക്ഷണത്തിൽ ഏ​ർപ്പെടുത്തിയാണ് സംരക്ഷണം. എന്നാല്‍, ഇത്തരത്തില്‍ സംരക്ഷണത്തിലേർപ്പെടുന്ന ജീവനക്കാര്‍ക്ക് മതിയായ അടിസ്ഥാനസൗകര്യങ്ങളോ സുരക്ഷസംവിധാനങ്ങ​േളാ ഇല്ല. ഇവര്‍ ഇന്നും രാത്രികാലങ്ങളില്‍ കാവല്‍ കിടക്കുന്നത് വര്‍ഷങ്ങള്‍ക്കുമുമ്പ്​ കമ്പുകള്‍ കൂട്ടിക്കെട്ടി ഓലക്കീറ് മറച്ച് നിർമിച്ച കുടിലുകളിലാണ്. ഇതില്‍ ചുരുക്കം ചില ഷെഡുകള്‍ പുതിയ രീതിയില്‍ നിർമിച്ചുനല്‍കിയെങ്കിലും ഭൂരിഭാഗവും ശോചനീയമാണ്. കൈകളില്‍ ആയുധങ്ങളുമായെത്തുന്ന മോഷ്​ടാക്കളെ നേരിടാന്‍ മുളവടിയാണ്​ ഇവർ ഉപയോഗിക്കുന്നത്​. കാടുകളില്‍ കാവല്‍മാടങ്ങളില്‍ സംരക്ഷണത്തിലേര്‍പ്പെടുന്ന ജീവനക്കാര്‍ക്ക് ഷെഡ് ഉൾപ്പെടെയുള്ളവ ഘട്ടംഘട്ടമായി പുനഃസ്ഥാപിച്ചു വരുകയാണെന്നും മറ്റുള്ള ഷെഡുകളും പുനഃസ്ഥാപിക്കാനുള്ള നടപടി സ്വീകരിച്ച​ുവരുകയാണെന്നും മറയൂര്‍ റേഞ്ച്​ ഓഫിസര്‍ ബി. രഞ്​ജിത്ത് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.