നിയന്ത്രണംവിട്ട കാർ ഡാമിൽ മുങ്ങി; ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴക്ക്

ഇരട്ടയാർ ഡാമി​ൽ വ്യാഴാഴ്​ച രാത്രിയായിരുന്നു​ അപകടം കട്ടപ്പന: കാർ നിയന്ത്രണംവിട്ട് റോഡിൽനിന്ന് തെന്നിമാറി ഇരട്ടയാർ ഡാമിൽ പതിച്ചു. ഡ്രൈവർ രക്ഷപ്പെട്ടു. കട്ടപ്പന ഇരുപതേക്കർ സ്വദേശിയായ 32 കാരനാണ് മരണക്കയത്തിൽനിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടത്. വ്യാഴാഴ്​ച രാത്രി 11.30ഓടെ ഇരട്ടയാർ നോർത്തിനുസമീപം ഇരട്ടയാർ ജലാശയത്തിലാണ് അപകടം. ഇരട്ടയാർ ഡാമി​ൻെറ തീര​െത്ത റിങ്​ റോഡിലൂടെ കാർ ഓടിച്ചു കട്ടപ്പനയിലേക്ക് വരുകയായിരുന്നു ഡ്രൈവർ. അപകടസമയം ഡ്രൈവർ മാത്രമേ വാഹനത്തിൽ ഉണ്ടായിരുന്നുള്ളൂ. ജലാശയത്തിന്​ സമീപം ഇറക്കത്തിലായിരുന്നു അപകടം. പുതുതായി ടാറിങ്​ കഴിഞ്ഞ റോഡിലെ ഇറക്കത്തിൽ പെട്ടെന്ന് കാർ തെന്നിമാറുകയായിരുന്നു. ഇരുട്ടും മൂടൽമഞ്ഞും ഉണ്ടായിരുന്നതിനാൽ റോഡ് ശരിക്ക് കാണാനും ഡ്രൈവർക്ക് കഴിഞ്ഞിരുന്നില്ല. കാറി​ൻെറ മുൻഭാഗം മൺതിട്ടയിൽ കുത്തിയ ശേഷമാണ് ജലാശയത്തിലേക്ക് കുത്തനെ കാർ വീണത്. ഈ സമയം ഡ്രൈവർ പുറത്തേക്ക് ചാടിയതാണ് രക്ഷയായത്. രക്ഷപ്പെട്ട ഡ്രൈവർ കനത്ത ഇരുട്ടിൽ സമീപത്തുണ്ടായിരുന്ന വീടുകളിൽ എത്തി സഹായം അഭ്യർഥിച്ചു. നാട്ടുകാർ ടോർച്ചുകളുമായി എത്തിയെങ്കിലും കാർ ജലാശയത്തിൽ താഴ്​ന്നുപോയിരുന്നു. വെള്ളിയാഴ്​ച രാവിലെ ഡാമിലെ മീൻപിടിത്തക്കാർ മുളംചങ്ങാടവും വള്ളങ്ങളുമായി എത്തി ജലാശയത്തിൽ മുങ്ങിത്തപ്പി കാർ കണ്ടെത്തുകയായിരുന്നു. തുടർന്ന് പ്ലാസ്​റ്റിക് കയർ കാറിൽ കെട്ടി ​െക്രയി​ൻെറ സഹായത്തോടെ കരയിൽ എത്തിച്ചു. ഒരുമണിക്കൂർ റോഡ് ഗതാഗതം തടസ്സപ്പെട്ട​ു. ജലാശയത്തിനും റോഡിനുമിടയിൽ സംരക്ഷണമതിൽ ഇല്ലാത്തതാണ് പ്രശ്​നമായത്​. രാത്രി കനത്ത മഞ്ഞിൽ കാഴ്ച മറയുന്നതിനാൽ എപ്പോഴും അപകടസാധ്യതയുള്ള മേഖലയാണിവിടം. അടിയന്തരമായി റോഡിന്​ സംരക്ഷണ വേലി നിർമിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.