നെടുങ്കണ്ടം: താലൂക്ക് ആസ്ഥാനമായ നെടുങ്കണ്ടം ടൗണിൽ ഗതാഗത പരിഷ്കാരം ഇനിയും യാഥാർഥ്യമായില്ല. ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ നെടുങ്കണ്ടം ഗതാഗത ഉപദേശക സമിതി യോഗം ചേർന്ന് 16 നിർദേശങ്ങൾ പുറപ്പെടുവിക്കുകയും ഇവ ബന്ധപ്പെട്ട വകുപ്പുകളുമായി ചേർന്ന് നടപ്പാക്കാനും തീരുമാനിച്ചിരുന്നു. പാർക്കിങ്ങും അമിത വേഗവും വർധിച്ചതോടെ കാൽനടക്കാർ ത്രിശങ്കുവിലാണ്. കിഴക്കേ കവല മുതൽ പടിഞ്ഞാറേ കവലവരെ കുട്ടികൾക്കും സ്ത്രീകൾക്കും വയോധികർക്കും റോഡ് മുറിച്ചുകടക്കാനോ വ്യാപാര സ്ഥാപനങ്ങളിലേക്ക് പ്രവേശിക്കാനോ കഴിയാത്തവിധമുള്ള ൈഡ്രവിങ് അപകടം ക്ഷണിച്ചുവരുത്തുന്നു. റോഡിന് ഇരുവശത്തും പാർക്ക് ചെയ്യുന്ന വാഹനങ്ങൾ മാനദണ്ഡങ്ങൾ പാലിക്കാറില്ല. സർക്കാർ ഓഫിസിലെയും മറ്റും ജീവനക്കാരടക്കം റോഡരികിൽ രാവിലെ നിർത്തിയിടുന്ന വാഹനങ്ങൾ ഓഫിസ് സമയം കഴിഞ്ഞ് വൈകുന്നേരമാണ് തിരിച്ചെടുക്കുക. പാർക്ക് ചെയ്യുന്നതാകട്ടെ ചെറുവാഹനങ്ങൾക്കും കാൽനടക്കാർക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കും വിധവും. വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിൽ നിർത്തിയിടുന്ന വാഹനങ്ങൾ പ്രവേശന കവാടം അടച്ചും കാൽനടക്കാർക്ക് നടന്നുപോകാൻ കഴിയാത്ത വിധത്തിലുമാണ്. കുമളി-മൂന്നാർ സംസ്ഥാന പാത കടന്നുപോകുന്ന കിഴക്കേ കവല കോടതി ജങ്ഷൻ മുതൽ ബസ്സ്റ്റാൻഡ് ജങ്ഷൻവരെ റോഡിന് ഇരുവശത്തും അനധികൃതമായാണ് പാർക്കിങ്. ബി.എഡ് കോളജ് ജങ്ഷൻ മുതൽ പടിഞ്ഞാറെ കവലവരെ ബസുകൾ നിർത്തി യാത്രക്കാരെ കയറ്റിയിറക്കുന്നത് തോന്നിയതുപോലെയാണ്. എവിടെ യാത്രക്കാർ കൈകാണിക്കുന്നുവോ അവിടെ നിർത്തും. ഇത് പലപ്പോഴും പിന്നാലെ എത്തുന്ന വാഹനങ്ങൾ മുന്നിൽ നിർത്തുന്ന ബസുകളിൽ ഇടിക്കാൻ കാരണമാകുന്നു. വേഗം കുറച്ചോ സിഗ്നൽ നൽകിയോ അല്ല പല ബസുകളും ടൗണിൽ നിർത്തുന്നത്. ടൗണിൽ സീബ്രലൈനുകൾ ഉള്ള സ്ഥലത്ത് വാഹനങ്ങൾ നിർത്തുകയോ വേഗം കുറച്ചോ കാൽനടക്കാർക്ക് കടന്നുപോകാൻ അവസരം നൽകാറില്ല. അഞ്ച് റോഡുകൾ സംഗമിക്കുന്ന കിഴക്കേ കവലയിലും നാല് റോഡുകൾ ചേരുന്ന പടിഞ്ഞാറെ കവലയിലും ട്രാഫിക് ഐലൻഡ് സ്ഥാപിക്കണമെന്ന ആവശ്യത്തിനും നടപടി സ്വീകരിച്ചിട്ടില്ല. വാഹനങ്ങളുടെ അമിത വേഗവും പരിഹാരമില്ല. കിഴക്കേ കവലയിൽനിന്ന് താന്നിമൂടിനു തിരിയുന്നിടത്ത് റോഡിന് ഇരുവശത്തും അലക്ഷ്യമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് അപകടസാധ്യത വർധിപ്പിക്കുന്നു. ചരക്കുലോറികളും മറ്റും ഇവിടെ മണിക്കൂറോളമാണ് പാർക്ക് ചെയ്യുന്നത്. മാത്രവുമല്ല കോമ്പയാർ റൂട്ടിലേക്കുള്ള ബസ് സ്റ്റോപ് കൂടിയാണിവിടം. ബസ് പാർക്ക് ചെയ്യുന്നതിൻെറ മുന്നിലും പിന്നിലും ഇരുവശത്തും ഓട്ടോകളും ജീപ്പുകളും അലക്ഷ്യമായി പാർക്ക് ചെയ്യുന്നതുമൂലം കാൽനടക്കാർക്ക് ഏറെ ദുരിതം വിതക്കുകയാണ്. പ്രധാന നിർദേശങ്ങൾ -ബൈപാസ് ഗതാഗത സംവിധാനം ഒരുക്കുക -ഓട്ടോറിക്ഷ പാർക്ക് ചെയ്യുമ്പോൾ വ്യാപാര സ്ഥാപനങ്ങൾക്ക് തടസ്സം സൃഷ്ടിക്കാതിരിക്കുക -ട്രിപ് ജീപ്പ് പാർക്കിങ്ങിന് പ്രത്യേക ക്രമീകരണം -ബസുകളുടെ പാർക്കിങ്ങിന് പ്രത്യേക സ്ഥലങ്ങൾ (മൃഗാശുപത്രി മൈതാനം ക്രമീകരിക്കും) -അനധികൃത ബൈക്ക് പാർക്കിങ് നിരീക്ഷിക്കുക -സ്കൂൾ ബസുകളുടെ സഞ്ചാരപാത രാവിലെയും വൈകുന്നേരവും കുട്ടികളെ ഇറക്കിയ ശേഷം ആശാരികണ്ടം വഴിയുള്ള ഹൈവേയിലൂടെയാക്കുക
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.