* അട്ടിമറി പ്രതീക്ഷ വിടാതെ എൽ.ഡി.എഫ് തൊടുപുഴ: അവസാനനിമിഷം അട്ടിമറി ഉണ്ടായില്ലെങ്കിൽ തൊടുപുഴ നഗരസഭ യു.ഡി.എഫ് ഭരിക്കും. മുന്നണി അടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ സീറ്റ് നേടിയ യു.ഡി.എഫിന് രണ്ട് കോൺഗ്രസ് വിമതരുടെ നിലപാട് നിർണായകമായിരിക്കെ അവരിൽ ഒരാളുടെ പിന്തുണ ഉറപ്പാക്കിയതോടെയാണ് ഭരണം ലഭിക്കുന്നതിന് സാധ്യത ഏറിയത്. 35 അംഗ നഗരസഭയിൽ യു.ഡി.എഫ്- 13, എൽ.ഡി.എഫ്- 12, ബി.ജെ.പി-8, കോൺഗ്രസ് വിമതർ 2 എന്നിങ്ങനെയാണ് കക്ഷിനില. ബി.ജെ.പി വിട്ടുനിൽക്കുന്ന സാഹചര്യം പ്രതീക്ഷിക്കുന്ന തെരഞ്ഞെടുപ്പിൽ വിമതരുടെ നിലപാട് നിർണായകമായിരുന്നു. രണ്ട് വിമതരും ഒരുമിച്ച് എൽ.ഡി.എഫിനൊപ്പം നിൽക്കുന്ന സാഹചര്യമുണ്ടായാൽ നഷ്ടപ്പെടുമായിരുന്ന ഭരണമാണ് കോൺഗ്രസ് മുനിസിപ്പൽ മണ്ഡലം പ്രസിഡൻറ് ഷാജഹാൻെറ നോമിനിയായ വിമത, നിസ സക്കീർ അനുകൂല നിലപാടിലായതോടെ യു.ഡി.എഫ് ഉറപ്പിച്ചത്. ഭരണം മാറ്റിമറിക്കാനാകാത്ത സാഹചര്യത്തിൽ 12ാം വാര്‍ഡില്‍നിന്ന് വിജയിച്ച കോൺഗ്രസ് വിമതൻ സനീഷ് ജോര്‍ജും യു.ഡി.എഫുമായി ധാരണയായതായി സൂചനയുണ്ട്. 12ാം വാർഡ് വിമതനെയും യു.ഡി.എഫിൽനിന്ന് മറ്റാരെയെങ്കിലും അടർത്തിയെടുത്ത് അവസാനവട്ട കളികൾ അണിയറയിൽ സജീവമായിരിക്കെ അട്ടിമറി സാധ്യത തള്ളാനും കഴിയില്ലെന്ന സ്ഥിതിയുണ്ട്. യു.ഡി.എഫിൽനിന്ന് ആരെയെങ്കിലും കൂടി മറുപക്ഷത്തെത്തിച്ച് 12ാം വാർഡ് വിമതൻെറ സഹായത്തോടെ ഭരണം ഉറപ്പിക്കാൻ ഞായറാഴ്ച വൈകിയും ഇടതു നേതൃത്വവും കോൺഗ്രസിലെ വിമത വിഭാഗവും ശ്രമം തുടരുകയാണ്. ഇത്തവണ വിജയിച്ചുവന്ന മുൻ മുൻസിപ്പൽ വൈസ് ചെയർമാൻെറ ഭാര്യയെയും ലീഗ് സീറ്റിൽ വിജയിച്ച വനിതയെയും ആണ് എൽ.ഡി.എഫ് പ്രധാനമായും ഉന്നംവെക്കുന്നത്. മറ്റ് ചിലരെയും ചാക്കിലാക്കാൻ ശ്രമമുണ്ട്. നിസ സക്കീർ ഇടത് വാഗ്ദാനം തള്ളിയ സാഹചര്യത്തിലാണിത്. യു.ഡി.എഫിൽനിന്ന് ഒരാളെ കിട്ടിയാൽ അവശേഷിച്ച കോൺഗ്രസ് വിമതനെയും കൂട്ടി വിജയിക്കാമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ് കരുനീക്കം. ഭരണം യു.ഡി.എഫിനായാൽ മുതലിയാർമഠം വാർഡിൽ വിജയിച്ച ഷീജ ഷാഹുൽഹമീദ് വൈസ് ചെയർപേഴ്സനായി ഒരു ടേമിലെങ്കിലും ഉണ്ടാകുമെന്നും ഉറപ്പായിട്ടുണ്ട്. നഗരസഭ ചെയർമാൻ: ജോസഫ് ജോണിന് സാധ്യത തൊടുപുഴ: യു.ഡി.എഫിൽ കൂടുതൽ അംഗങ്ങളുള്ള മുസ്ലീം ലീഗ് ചെയർമാൻ പദവിക്ക് അവകാശവാദവുമായി രംഗത്തുണ്ടെങ്കിലും സംസ്ഥാനതല മുന്നണി ധാരണയുടെ അടിസ്ഥാനത്തിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് തൊടുപുഴ നഗരസഭ അധ്യക്ഷപദം നൽകാൻ സാധ്യത. കോൺഗ്രസിന് ചെയർമാൻ പദവി കിട്ടണമെന്ന ആവശ്യമുണ്ടെങ്കിലും ആദ്യ ഒരുവർഷം ജോസഫ് വിഭാഗത്തിലെ അഡ്വ. ജോസഫ് ജോൺ വരുമെന്നാണ് സൂചന. തുടർന്നുള്ള വർഷങ്ങളിൽ കോൺഗ്രസിനും മുസ്ലിംലീഗിനും ചെയർമാൻ പദവി വീതിക്കും. ജോസഫിൻെറ തട്ടകമെന്ന നിലയിലാണ് ഈ ആനുകൂല്യം. ഉപാധ്യക്ഷ സ്ഥാനത്തേക്ക് മിക്കവാറും ലീഗ് അംഗമാകും വരിക. ജെസി ജോണിക്കാണ് വൈസ് ചെയർപേഴ്സൻ പദവിലേക്ക് കൂടിയ സാധ്യത. കോൺഗ്രസിനാണ് അധ്യക്ഷപദമെങ്കിൽ തൊടുപുഴ ടൗൺ സഹകരണബാങ്ക് പ്രസിഡൻറ് കെ. ദീപകിനാണ് സാധ്യത. ലീഗിന് ചെയർമാൻ പദവി ലഭിച്ചാൽ മലേപറമ്പ് വാർഡ് കൗൺസിലർ അബ്ദുൽ കരീമാകും സ്ഥാനത്തെത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.