തൊടുപുഴ: വാഗമൺ വട്ടപ്പതാലിലെ ക്ലിഫ് ഇൻ റിസോർട്ടിൽ സ്ത്രീകളടക്കം അറുപതോളംപേർ പങ്കെടുത്ത നിശാ പാർട്ടിയിൽ ലഹരി എത്തിച്ച സംഭവത്തിൽ എക്സൈസ് ഇൻറലിജൻസും അന്വേഷണം ആരംഭിച്ചു. റിസോർട്ടിലേക്ക് ആവശ്യമായ ലഹരിയിൽ ഭൂരിഭാഗവും എത്തിച്ചത് തൊടുപുഴ മങ്ങാട്ടുകവല സ്വദേശി അജ്മൽ സഹീറാണെന്ന് പൊലീസ് കണ്ടെത്തിയ സാഹചര്യത്തിൽ ലഹരിവസ്തുക്കൾ നൽകിയത് ആരാണെന്നും എവിടുന്നാണ് ഇവ കൊണ്ടുവന്നതെന്നുമാണ് എക്സൈസ് അന്വേഷിക്കുന്നത്. പിടിച്ചെടുത്തതിൽ 27 എൽ.എസ്.ഡി സ്റ്റാമ്പുകളും എം.ഡി.എം.എയുമടക്കമുള്ള ലഹരിവസ്തുക്കളുണ്ട്. നിശാപാർട്ടി സംഘടിപ്പിച്ചത് അറസ്റ്റിലായ മലപ്പുറം സ്വദേശി നബീലും കോഴിക്കോട് ഫറോഖ് സ്വദേശി സൽമാനുമാണെന്നാണ് പൊലീസ് പറയുന്നത്. ഇതിൽ സൽമാൻെറ കൈയിൽനിന്ന് 1,60,000 രൂപ പൊലീസ് കണ്ടെടുത്തിരുന്നു. നിശാലഹരി പാർട്ടി നടക്കുന്നെന്ന രഹസ്യവിവരത്തെ തുടർന്ന് ഇടുക്കി അഡീഷനൽ എസ്.പി എസ്. സുരേഷ്കുമാറിൻെറ നേതൃത്വത്തിൽ ഞായറാഴ്ച രാത്രി നടത്തിയ റെയ്ഡിലാണ് ലഹരിവസ്തുക്കൾ പിടിച്ചെടുത്തത്. ഒരു സ്ത്രീയടക്കം ഒമ്പതുപേരാണ് അറസ്റ്റിലായത്. 24 സ്ത്രീകളടക്കം 61പേരാണ് നിശാപാർട്ടിക്ക് ഇവിടെയെത്തിയത്. മറ്റുള്ളവരെ വിവരങ്ങൾ ശേഖരിച്ചശേഷം തിങ്കളാഴ്ച തന്നെ വിട്ടയച്ചു. വിവിധ മേഖലകളിൽ ജോലിചെയ്യുന്ന ഇവരെല്ലാം സുഹൃത്തുക്കളാണ്. അതേസമയം തൊടുപുഴ സ്വദേശിയാണെങ്കിലും അജ്മൽ എറണാകുളത്താണ്. ഇവിടെ ഒരു ഫ്ലാറ്റുണ്ട്. അജ്മലുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ അന്വേഷിച്ചുവരുകയാണെന്നും എക്സൈസ് അധികൃതർ പറഞ്ഞു. സ്പെഷൽ ഡ്രൈവ്; 125 കേസുകളിലായി 101പേർ അറസ്റ്റിൽ തൊടുപുഴ: കഞ്ചാവടക്കമുള്ള ലഹരിവസ്തുക്കളുടെ ഒഴുക്ക് തടയാൻ എക്സൈസ് ആരംഭിച്ച സ്പെഷൽ എൻഫോഴ്സ്മൻെറ് ഡ്രൈവിൽ രണ്ടുമാസത്തിനിടെ 125 കേസുകളിൽനിന്ന് 101പേർ അറസ്റ്റിൽ. 79 അബ്കാരി കേസുകളിൽനിന്ന് 55 പേരും എൻ.ഡി.പി.എസ് കേസുകളിലായി 46 പേരുമാണ് നവംബർ 25 മുതൽ ഡിസംബർ 23 വരെയുള്ള ദിവസങ്ങളിൽ എക്സൈസ് പിടിയിലായത്. ജില്ലയിൽ ഈ കാലയളവിൽ 2.671 കിലോ കഞ്ചാവ് പിടികൂടി. മൂന്ന് ഗ്രാം ഹഷീഷ് ഓയിൽ ഇതുകൂടാതെ എൽ.എസ്.ഡി സ്റ്റാമ്പും എം.ഡി.എം.എയും ചെറിയ അളവിൽ പിടികൂടി. പുകയില ഉൽപന്നങ്ങളടക്കമുള്ളവയുടെ വിൽപനയുമായി ബന്ധപ്പെട്ട് 370 കേസുകൾ കണ്ടെത്തി. ഇവരിൽനിന്ന് 74,000 രൂപ പിഴ ഈടാക്കി. തെരഞ്ഞെടുപ്പ്, ക്രിസ്മസ്, ന്യൂഇയർ എന്നിവേയാടനുബന്ധിച്ചാണ് രണ്ടുമാസം നീളുന്ന സ്പെഷൽ എൻഫോഴ്സ്മെൻറ് ഡ്രൈവ് എക്സൈസ് ആരംഭിച്ചത്. ലഹരി ഉപയോഗവും വിൽപനയും വർധിക്കാനിടയുള്ള സാഹചര്യത്തിൽ ശക്തമായ പ്രവർത്തനങ്ങളിലൂടെ വ്യാജമദ്യ വ്യാപനവും കടത്തും തടയുകയായിരുന്നു ലക്ഷ്യം. ഇതിൻെറ ഭാഗമായി നടന്ന പരിശോധനയിൽ വ്യാജവാറ്റ്, സ്പിരിറ്റ്, വ്യാജമദ്യം, വ്യാജക്കള്ള് എന്നിവയുടെ കടത്ത്, വിൽപന, വിതരണം, ഉപയോഗം എന്നിവ തടയാനായതായി എക്സൈസ് അധികൃതർ പറഞ്ഞു. വനപ്രദേശവുമായി ചേർന്നുകിടക്കുന്ന ഭാഗങ്ങളിലും വനത്തിനുള്ളിലും വ്യാജ ചാരായ ഉൽപാദനം നടക്കാൻ സാധ്യതയുണ്ടെന്ന് എക്സൈസിന് വിവരം ലഭിച്ചതിനാൽ അതിർത്തി കേന്ദ്രീകരിച്ചുള്ള സ്ഥലങ്ങളിൽ പരിശോധന നടന്നിരുന്നു. ഇതുവരെ 3238 ലിറ്റർ വിദേശമദ്യമാണ് പിടികൂടിയത്. ഇത് കൂടാതെ 21 ലിറ്റർ ചാരായവും 1548 ലിറ്റർ വാഷും 16 ലിറ്റർ വ്യാജമദ്യവും പിടിച്ചെടുത്തതായി എക്സൈസ് അധികൃതർ പറഞ്ഞു. ജില്ലയിലെ അതിർത്തി പ്രദേശങ്ങളിലുള്ള ഊടുവഴികളിലൂടെയും കുറുക്കുവഴികളിലൂടെയുമുള്ള സ്പിരിറ്റ് കടത്ത്, കോളനികൾ കേന്ദ്രീകരിച്ചുള്ള വ്യാജവാറ്റും വിൽപനയും എന്നിവക്കും സാധ്യതയുണ്ടെന്ന് അധികൃതർ പറയുന്നു. വരും ദിവസങ്ങളിലും ജില്ലയിൽ പരിശോധന തുടരുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.