ലോക് ഡൗൺ കൊച്ചി തുറമുഖത്തെ കയറ്റിറക്കുമതിയെ ബാധിക്കുന്നു

മട്ടാഞ്ചേരി: കോവിഡ് വ്യാപനത്തെ തുടർന്ന് പടിഞ്ഞാറൻ കൊച്ചിയിൽ ഏർപ്പെടുത്തിയ ലോക് ഡൗൺ കൊച്ചി തുറമുഖത്തെ കയറ്റിറക്കുമതിയെ സാരമായി ബാധിക്കുന്നു. ലോക് ഡൗണിനെ തുടർന്ന് പടിഞ്ഞാറൻ കൊച്ചിയിലെ ഷിപ്പിങ്ങുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സംരംഭകരെയും ജീവനക്കാരെയും ജോലി സ്ഥലത്തേക്ക് പോകാൻ അനുവദിക്കാത്ത പൊലീസ് നടപടിയാണ് കാരണം. ഷിപ്പിങുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സംരംഭകരിലും ജീവനക്കാരിലും ഭൂരിഭാഗവും താമസിക്കുന്നത് പടിഞ്ഞാറൻ കൊച്ചിയിലാണ്. വില്ലിങ്ടൺ ഐലൻഡ്​, വല്ലാർപാടം കണ്ടെയ്നർ ട്രാൻസ്ഷിപ്മൻെറ് ടെർമിനൽ എന്നിവിടങ്ങളിലാണ് ജോലികൾ നടക്കുന്നത്. സമയത്തിന് ക്ലിയറിങ് ജോലികൾ പൂർത്തിയാക്കിയില്ലെങ്കിൽ കയറ്റിറക്കുമതി സംരംഭകരെ സാരമായി ബാധിക്കും. ക്ലിയറിങ് ജീവനക്കാർ എത്തിയാൽ മാത്രമേ കയറ്റുമതിക്കുള്ള കണ്ടെയ്നർ ടെർമിനലിന് അകത്തേക്ക് പ്രവേശിപ്പിക്കൂ. ജീവനക്കാരന് എത്താൻ കഴിയാതിരുന്നാൽ കണ്ടെയ്നർ ലോറിയിൽ ഇരിക്കുന്ന അത്രയും ദിവസത്തെ വാടക കയറ്റുമതി സംരംഭകൻ നൽകേണ്ടി വരും. രാജ്യത്തെ സമ്പൂർണ ലോക് ഡൗണിൽ കയറ്റിറക്കുമതിക്ക് ഇളവുകൾ നൽകിയ വേളയിൽ ജീവനക്കാർക്ക് ജോലി സ്ഥലത്തേക്ക് പോകാനും വരാനും അനുവാദം നൽകിയിരുന്നു. സംരംഭകർക്കും ജീവനക്കാർക്കും ജോലി സ്ഥലത്തേക്ക് പോകാനും വരാനുമുള്ള നടപടികൾ ബന്ധപ്പെട്ടവർ അടിയന്തരമായി കൈക്കൊള്ളണമെന്നും ഇന്ത്യൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ്​ ഇൻഡസ്ട്രി പ്രസിഡൻറ് സണ്ണി മലയിൽ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.