കടൽകയറ്റവും കോവിഡും; തീരം ദുരന്തമുഖത്ത്

പല്ലന: കോവിഡ് സമൂഹവ്യാപനത്തിനൊപ്പം കടൽ കയറ്റ ഭീഷണികൂടി ആയപ്പോൾ വിറങ്ങലിച്ചു നിൽക്കുകയാണ് ജില്ലയുടെ തീരപ്രദേശം. ആറാട്ടുപുഴ, പതിയാങ്കര, തൃക്കുന്നപ്പുഴ തീരങ്ങളിൽ കോവിഡ് സമൂഹവ്യാപനം കഴിഞ്ഞ ദിവസമാണ് റിപ്പോർട്ട്‌ ചെയ്തത്. തുടർന്ന് പ്രദേശം മുഴുവൻ ക​ണ്ടെയ്​ൻമൻെറ്​ സോൺ ആക്കിയിരുന്നു. കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ച മൂന്നുപേർ 90ലധികം പേരുമായാണ് പ്രാഥമിക സമ്പർക്കത്തിൽ ഏർപ്പെട്ടിട്ടുള്ളത്. ഇത് സ്ഥിതി കൂടുതൽ ആശങ്കയുണ്ടാക്കുന്നു. തീരങ്ങളിൽ കോവിഡ് വ്യാപന ഭീഷണി ഗുരുതരമായിട്ടും പരിശോധന വേണ്ട അളവിൽ നടക്കുന്നില്ല എന്ന ആരോപണം ശക്തമാണ്. ജില്ലയിൽ ആകെ 200നും 300നും ഇടയിൽ മാത്രമാണ് ഒരു ദിവസം സ്രവപരിശോധന നടക്കുന്നത്. സ്രവപരിശോധനഫലം വൈകുന്നതും അവസ്ഥ കൂടുതൽ ഗുരുതരമാക്കുന്നു. ഫലം വൈകുന്നതിനാൽ ക്വാറൻറീനിൽ കഴിയുന്ന പലരും പുറത്തിറങ്ങി നടക്കുന്ന അവസ്ഥയും ഉണ്ട്. തൃക്കുന്നപ്പുഴ പഞ്ചായത്ത്‌ വാർഡ് 16ൽ രോഗം സ്ഥിരീകരിച്ച്​ രണ്ടുദിവസം കഴിഞ്ഞാണ്​ കണ്ടെയ്​ൻമൻെറ് സോണായി കലക്ടർ പ്രഖ്യാപിച്ചത്. ഈ മേഖലയിൽ തന്നെയാണ് കടൽകയറ്റവും രൂക്ഷമായിരിക്കുന്നത്. തൃക്കുന്നപ്പുഴ പഞ്ചായത്ത്‌ 12, 13 വാർഡുകളിൽ രൂക്ഷമായ കടൽകയറ്റമാണ് കഴിഞ്ഞ ദിവസം അനുഭവപ്പെട്ടത്. തീരദേശ റോഡ് മുഴുവൻ തകർന്നു. വീടുകളിൽ മുഴുവൻ വെള്ളം കയറി. പല വീടുകളും തകർച്ചയുടെ വക്കിലാണ്. കോവിഡ് സമൂഹ വ്യാപനവും കടൽകയറ്റവുംകൂടി ആയപ്പോൾ താങ്ങാനാവാത്ത പ്രയാസത്തിലാണ് ഓരോ തീരദേശ കുടുംബവും. കടൽഭിത്തി ഉടൻ വേണം -പാനൂർ മുസ്‌ലിം ജമാഅത്ത്​ കമ്മിറ്റി പല്ലന: കടൽകയറ്റം രൂക്ഷമായ പ്രദേശങ്ങളിൽ ഉടൻ കടൽഭിത്തി കെട്ടാനുള്ള സംവിധാനം ഒരുക്കണമെന്ന് പാനൂർ മുസ്‌ലിം ജമാഅത്ത്​ കമ്മിറ്റി ആവശ്യപ്പെട്ടു. ഏറെ നാളായി തീരവാസികളെ ഇത് പറഞ്ഞുപറ്റിക്കുന്നു. ഉടൻ പരിഹാരം ഉണ്ടാകണം എന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. കടൽക്ഷോഭ പ്രദേശങ്ങളിൽ മഹല്ല്​ നേതൃത്വത്തിൽ ഭക്ഷണം വിതരണം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.