ഉദ്യോഗസ്ഥർക്ക്​ കോവിഡ്​; ബോഡിനായ്​ക്കന്നൂർ ഏലക്ക ലേലകേന്ദ്രം ​അടച്ചുപൂട്ടി

കട്ടപ്പന: ടെക്​നിക്കൽ സൂപ്പർവൈസർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചതിനെത്തുടർന്ന്​ ബോഡിനായ്​ക്കന്നൂരിലെ ഏലക്ക ലേലം വേണ്ടെന്നുവെച്ച്​ സ്​പൈസസ്​ പാർക്ക്​ അടച്ചു. നെടുങ്കണ്ടം സുഗന്ധഗിരി സ്‌പൈസസ് ഏജൻസിയുടെ ഓൺലൈൻ ലേലമാണ് ബോഡിനായ്ക്കന്നൂരിൽ നടക്കേണ്ടിയിരുന്നത്. എന്നാൽ, ഒരാൾക്ക്​ രോഗം സ്ഥിരീകരിക്കുകയും മറ്റുള്ളവർ ക്വാറ​ൻറീനിൽ പോകേണ്ട സാഹചര്യവുമുണ്ടായതോടെയാണ്​ സാമ്പിൾ ഏലക്കയുമായി പോയ ഏജൻസികളെ മടക്കിയയച്ച്​ രണ്ടാഴ്​ചത്തേക്ക്​ ലേലകേന്ദ്രം അടച്ചത്​. തമിഴ്നാട്ടിലെ ലേലകേന്ദ്രം അടച്ചതോടെ കുമളി പുറ്റടി സ്‌പൈസസ് പാർക്കിലെ ലേലവും അനിശ്ചിതത്വത്തിലായി. ചൊവ്വാഴ്​ച നടക്കേണ്ട കുമളി സ്‌പൈസ്‌മോർ കമ്പനിയുടെ ലേലവും നടക്കാനിടയില്ലെന്ന്​ പുറ്റടി സ്‌പൈസസ് പാർക്ക്‌ അധികൃതർ അറിയിച്ചു. ലേലത്തിൽ പങ്കെടുക്കുന്ന കച്ചവടക്കാരിൽ ഏറെയും തമിഴ്നാട്ടിൽ നിന്നാണ് വരേണ്ടത്. ബോഡിനായ്ക്കന്നൂരിലെ ലേലകേന്ദ്രം അടക്കുകയും ഈ ലേല കേന്ദ്രത്തിൽ വന്നുപോയവർ നിരീക്ഷണത്തിൽ കഴിയണമെന്ന്​ നിർദേശിച്ചിരിക്കുന്നതിനാലും കൂടുതൽ വ്യാപാരികളും അവരുടെ ഏജൻറുമാരും വരാനിടയില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.