കട്ടപ്പന: കട്ടപ്പന താലൂക്ക് ആശുപത്രിയിൽ വൈദ്യുതി മുടങ്ങിയാൽ ജനറേറ്റർ ഇല്ലാത്തതിനാൽ ദന്തരോഗ വിഭാഗത്തിൽ എത്തുന്നവർക്ക് വിദഗ്ധ ചികിത്സ ലഭിക്കുന്നില്ലെന്ന് പരാതി. ഇതോടൊപ്പം കട്ടപ്പനയിലെ ദന്ത ഡോക്ടറുടെ സേവനം രണ്ട് ദിവസത്തേക്ക് ഉപ്പുതറ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്കുകൂടി ലഭ്യമാക്കാൻ നിർദേശം വന്നതും കട്ടപ്പനയിലെ ദന്തരോഗികളെ ദുരിതത്തിലാക്കി. കട്ടപ്പന താലൂക്ക് ആശുപത്രിയിൽ ആഴ്ചയിൽ ആറ് ദിവസം പ്രവർത്തിച്ചിരുന്ന ദന്ത ചികിത്സ വിഭാഗം ഇപ്പോൾ നാലുദിവസമാണ് പ്രവർത്തിക്കുന്നത്. ജനറേറ്റർ ഇല്ലാത്തതിനാൽ വൈദ്യുതി മുടങ്ങുമ്പോൾ ചികിത്സ ലഭ്യമല്ല. ദന്ത ചികിത്സ വിഭാഗം പ്രവർത്തിക്കുന്ന പഴയ കെട്ടിടത്തിൽ ജനറേറ്റർ സൗകര്യം ഇല്ല. ഇവിടെ ജനറേറ്റർ സ്ഥാപിക്കണമെങ്കിൽ പഴയ വയറിങ് പൂർണമായി മാറ്റി സ്ഥാപിക്കേണ്ടിവരും. വൈദ്യുതി മുടങ്ങുമ്പോൾ വെളിച്ചക്കുറവുമൂലം വിദഗ്ധ ചികിത്സ നൽകാൻ കഴിയാത്തതിനാൽ പലപ്പോഴും രോഗികളെ മടക്കിയയക്കുകയാണെന്ന് പറയപ്പെടുന്നു. കാഷ്വാലിറ്റി പ്രവർത്തിക്കുന്ന കെട്ടിടത്തിൽ ജനറേറ്റർ സൗകര്യമുണ്ടെങ്കിലും അവിടെ ദന്തവിഭാഗം പ്രവർത്തിക്കാൻ ആവശ്യമായ സ്ഥലസൗകര്യമില്ല. ഇതാണ് രോഗികളെ വലക്കുന്നത്. ദന്ത ഡോക്ടറുടെ സേവനം രണ്ട് ദിവസത്തേക്ക് ഉപ്പുതറ സി.എച്ച്.സിയിലേക്കുകൂടി മാറ്റിയതോടെയാണ് താലൂക്ക് ആശുപത്രിയിൽ ദന്തരോഗ ചികിത്സ നാല് ദിവസമായി ചുരുങ്ങിയത്. നാരായൻ അനുസ്മരണം തൊടുപുഴ: സോക്കർ സ്കൂളിന്‍റെയും ഇൻസയുടെയും ആഭിമുഖ്യത്തിൽ അന്തരിച്ച എഴുത്തുകാരൻ നാരായന്‍റെ അനുസ്മരണം സംഘടിപ്പിച്ചു. ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. നാരായനെ വായിക്കാനും അദ്ദേഹത്തിന്‍റെ ആശയങ്ങൾ ഉയർത്തിക്കാട്ടാനും ഇടുക്കി ജില്ലക്കാർക്ക് കടമയുണ്ടെന്ന് എം.പി പറഞ്ഞു. ഇതോടൊപ്പം സോക്കർ സ്കൂളിൽ നാരായൻ ലൈബ്രറിയും പ്രവർത്തനം ആരംഭിച്ചു. ഇൻസ പ്രസിഡന്‍റ് രാജൻ തെക്കുംഭാഗം അധ്യക്ഷത വഹിച്ചു. റോയി ബുക്ക്മീഡിയ അനുസ്മരണ പ്രഭാഷണം നടത്തി. പി.എ. സലിംകുട്ടി സ്വാഗതം പറഞ്ഞു. TDL Anusmaranam തൊടുപുഴ സോക്കർ സ്കൂളും ഇൻസയും ചേർന്ന് സംഘടിപ്പിച്ച നാരായൻ അനുസ്മരണം ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യുന്നു കരുതൽ മേഖല: സർക്കാറിന്‍റെ ഒളിച്ചുകളി തിരിച്ചറിഞ്ഞു -യു.ഡി.എഫ് തൊടുപുഴ: കരുതൽ മേഖലയുടെ വിഷയത്തിൽ സംസ്ഥാന സർക്കാർ നടത്തിയ ഒളിച്ചുകളി ജനം തിരിച്ചറിഞ്ഞെന്നും സർക്കാർ വാക്കുപാലിച്ചു എന്ന സി.പി.എം അവകാശവാദം എട്ടുകാലി മമ്മൂഞ്ഞിന്‍റെ വീൺവാക്ക് പോലെയാണെന്നും യു.ഡി.എഫ് ജില്ല ചെയർമാൻ അഡ്വ. എസ്. അശോകനും കൺവീനർ പ്രഫ. എം.ജെ. ജേക്കബും പ്രസ്താവനയിൽ പറഞ്ഞു. 2011ൽ കേന്ദ്രമന്ത്രി ജയറാം രമേശ് പത്ത് കിലോമീറ്റർ കരുതൽ മേഖല പ്രഖ്യാപിച്ചപ്പോൾ 12 കിലോമീറ്റർ ആക്കണമെന്ന് വി.ഡി. സതീശൻ വാദിച്ചു എന്ന ആരോപണം ശുദ്ധ അസംബന്ധമാണ്. ജനവാസകേന്ദ്രങ്ങൾ കരുതൽ മേഖലയിൽ ഉൾപ്പെടുത്തരുതെന്നാവശ്യപ്പെട്ട് നിയമസഭക്ക് അകത്തും പുറത്തും ശക്തമായ പോരാട്ടം നടത്തുന്ന വി.ഡി. സതീശന് എതിരെ ഉന്നയിച്ച ആരോപണം രാഷ്ട്രീയ സദാചാരബോധമുണ്ടെങ്കിൽ സി.പി.എം പിൻവലിക്കണം. സംരക്ഷിത വനമേഖലക്ക് ചുറ്റും പത്ത് കിലോമീറ്റർ വരെ കരുതൽ മേഖലയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഹരിത ട്രൈബ്യൂണലിൽ ഹരജി നൽകിയ കൃഷി മന്ത്രി പി. പ്രസാദിനെ മന്ത്രസഭയിൽനിന്ന് പുറത്താക്കാൻ കൂട്ടാക്കാത്ത സി.പി.എമ്മിന് ഈ വിഷയത്തിൽ കോൺഗ്രസിനെതിരെ ശബ്ദിക്കാൻ അർഹതയില്ലെന്നും യു.ഡി.എഫ് നേതാക്കൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.