p2 lead അതിർത്തിയിൽ ക്ഷീരവികസന വകുപ്പുമായി ചേർന്ന് പാൽ പരിശോധിക്കും തൊടുപുഴ: ഭക്ഷണത്തിലെ മായം ചേർക്കലിനെതിരെ ഭക്ഷ്യസുരക്ഷ വകുപ്പ് ഓണക്കാല പരിശോധന ശക്തമാക്കുന്നു. ഭക്ഷ്യസുരക്ഷ കമീഷണറുടെ ഉത്തരവ് പ്രകാരം സ്ക്വാഡുകൾ രൂപവത്കരിച്ച് ആഗസ്റ്റ് 29 മുതൽ പ്രത്യേക പരിശോധന തുടങ്ങാനാണ് തീരുമാനം. ഇതിനായി രണ്ട് സ്പെഷൽ സ്ക്വാഡുകൾ ജില്ലയിൽ രൂപവത്കരിച്ചിട്ടുണ്ട്. മൊത്ത വിതരണ കേന്ദ്രങ്ങളിൽ ഓണവിപണി ലക്ഷ്യമിട്ട് എത്തുന്ന ശർക്കര, വെളിച്ചെണ്ണ, ഭക്ഷ്യഎണ്ണകൾ, പപ്പടം, പായസം മിക്‌സ്, നെയ്യ്, പഴം, പച്ചക്കറികൾ, പയർ, പരിപ്പ് എന്നിവയുടെ ഗുണനിലവാരം പരിശോധിക്കും. മായം ചേർത്തെന്ന് സംശയം തോന്നുന്ന ഭക്ഷ്യവസ്തുക്കളുടെ സാമ്പിളുകൾ റീജനൽ അനലറ്റിക്കൽ ലാബിലേക്ക് അയച്ച് പരിശോധനക്ക് വിധേയമാക്കും. ഹോട്ടൽ, റസ്റ്റാറന്റ്, വൈകുന്നേരങ്ങളിൽ പ്രവർത്തിക്കുന്ന തട്ടുകടകൾ, വഴിയോര കച്ചവടങ്ങൾ തുടങ്ങിയ ഇടങ്ങളിലും പരിശോധന നടത്തും. ലേബൽ ഇല്ലാതെ വിൽക്കുന്ന ഭക്ഷ്യവസ്തുക്കളും പരിശോധനക്ക് വിധേയമാക്കും. ഏഴ് മാസത്തിനിടെ ജില്ലയിൽ ഭക്ഷ്യ സുരക്ഷ വകുപ്പ് നടത്തിയ പരിശോധനയിൽ ആരോഗ്യത്തിന് സുരക്ഷിതമല്ലാത്ത 14 ഭക്ഷ്യവസ്തുക്കൾ പിടികൂടിയിരുന്നു. ശർക്കര, ലഡു, വറ്റൽമുളക്, ബംഗാളി മിച്ചർ, അൽഫാം, കപ്കേക്ക് എന്നിവ ഇതിൽ ഉൾപ്പെടും. ജില്ലയിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഭക്ഷ്യ വസ്തുക്കൾ പിടികൂടിയത്. ഇതിൽ നിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കൾ വിൽപനക്ക് വെച്ച അഞ്ച് സ്ഥാപനങ്ങൾക്കെതിരെയും ലേബൽ പ്രദർശിപ്പിക്കാത്ത ഭക്ഷ്യവസ്തുക്കൾ വിറ്റ ആറ് പേർക്കെതിരെയും നടപടിക്ക് നിർദേശം നൽകിയിട്ടുണ്ട്. ഓണക്കാലത്ത് താൽക്കാലിക സ്റ്റാളുകൾ നടത്താൻ ഉദ്ദേശിക്കുന്നവർ ഭക്ഷ്യസുരക്ഷാ രജിസ്‌ട്രേഷൻ എടുക്കണം. രജിസ്‌ട്രേഷൻ എടുക്കാത്തവരെ വിൽപന നടത്താൻ അനുവദിക്കില്ല. ഭക്ഷ്യസുരക്ഷ വകുപ്പിന്റെ സഞ്ചരിക്കുന്ന മൊബൈൽ ലാബ് പരിശോധന സ്‌ക്വാഡിന്റെ കൂടെ ഉണ്ടാവും. ജില്ലയിൽ വിവിധ സർക്കിളുകളിലായാണ് ഓൺലൈൻ ലാബ് പരിശോധനക്ക് എത്തുന്നത്. ജില്ലയിലേക്ക് രണ്ട് ഭക്ഷ്യ സുരക്ഷ ഓഫിസർമാരെ കൂടി നിയോഗിച്ചിട്ടുണ്ട്. ചെക്പോസ്റ്റിൽ ക്ഷീരവികസന വകുപ്പിന്‍റെ സഹായത്തോടെ പാൽ പരിശോധന ഉണ്ടാകും. ഓണക്കാലത്ത് ഏറ്റവുമധികം വില്‍പന നടക്കുന്ന ഭക്ഷ്യവസ്തുക്കൾ വാങ്ങുമ്പോള്‍ ശ്രദ്ധ പുലര്‍ത്തണമെന്നും ഭക്ഷ്യസുരക്ഷ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരക്കുറവോ നിയമലംഘനങ്ങളോ ശ്രദ്ധയില്‍പ്പെട്ടാല്‍ കർശന നടപടിയുണ്ടാകുമെന്ന് അസി. ഫുഡ് സേഫ്റ്റി കമീഷണർ എം.ടി. ബേബിച്ചൻ പറഞ്ഞു. പാൽ അതിർത്തി കടന്ന് എത്തുന്നു, പരിശോധനയില്ലാതെ പീരുമേട്: തമിഴ്നാട്ടിൽനിന്ന് പരിശോധനയില്ലാതെ കുമളി വഴി അതിർത്തി കടന്ന് പാൽ എത്തുന്നു. ടാങ്കർ ലോറികളിൽ എത്തുന്ന പാൽ വിവിധ പേരുകളിൽ പായ്ക്കറ്റുകളിലാക്കി വിൽക്കുകയാണ് ചെയ്യുന്നത്. പാക്കറ്റ് പാൽ എത്തുന്നത് മൊത്ത വിതരണക്കാർ വാങ്ങിയാണ് വിതരണം നടത്തുന്നത്. ദിവസേന നിരവധി വാഹനങ്ങൾ അതിർത്തി കടന്ന് എത്തുമ്പോഴും ഗുണമേന്മ പരിശോധന നടക്കുന്നില്ല. പാലക്കാട്ടെ മീനാക്ഷിപുരം ചെക്പോസ്റ്റിൽ യൂറിയ കലർന്ന പാൽ പരിശോധനയിൽ പിടികൂടിയിരുന്നു. തുടർന്നാണ് കുമളി, കമ്പംമെട്ട് ചെക്ക് പോസ്റ്റുകൾ വഴി എത്തുന്ന പാലും പരിശോധിക്കണമെന്ന ആവശ്യം ഉയരുന്നത്. തമിഴ്നാട്ടിൽ നിന്നെത്തുന്ന പായ്ക്കറ്റ് പാലിന് ലാഭം കൂടുതൽ ലഭിക്കുന്നതിനാൽ വിൽപന ഏറെയാണ്. ചില ഹോട്ടലുകളിൽ തമിഴ്നാട് പാൽ മാത്രമാണ് ഉപയോഗിക്കുന്നത്. ഒരു ലിറ്റർ പാൽ വിൽക്കുമ്പോൾ മിൽമ പാൽ വിൽക്കുന്നതിലും ഇരട്ടിയിലധികം ലാഭം ലഭിക്കുന്നതിനാൽ ഇത്തരം പാൽ വിൽക്കാൻ കച്ചവടക്കാർക്കും താൽപര്യമാണ്. ശീതികരണ സംവിധാനങ്ങൾ ഇല്ലാതെയും മണിക്കൂറുകളോളം തമിഴ്നാട് പാൽ സൂക്ഷിക്കാനും സാധിക്കും. മുൻ കാലങ്ങളിലെ പരിശോധനയിൽ ഗുണ നിലവാരമില്ലെന്ന് കണ്ടെത്തിയ പായ്ക്കറ്റ് പാൽ പുതിയ പേരിൽ വീണ്ടും വിപണിയിൽ എത്തിയതായും വിവരങ്ങളുണ്ട്. ഓണക്കാലത്ത് പാലിന് ആവശ്യക്കാർ ഏറെയാണ്. തമിഴ്നാട്ടിൽ നിന്ന് പായ്ക്കറ്റ് പാലുമായി പിക്അപ് ജീപ്പ് ഉൾപ്പെടെയുള്ള വാഹനങ്ങൾ രാത്രി കാലങ്ങളിൽ എത്തുന്നതായും വിവരമുണ്ട്. ഇടുക്കി കൂടാതെ കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളിലേക്കും വാഹനങ്ങൾ പോകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.