ദുരിതാശ്വാസ ക്യാമ്പുകളിൽനിന്ന്​ മോചനമില്ലാതെ

പ്രളയമണ്ണിൻ കണ്ണീരാഴം (ലോക്കൽ പരമ്പര 3) നാലുവർഷം മുമ്പ്​ പ്രളയത്തിന്‍റെ കുത്തൊഴുക്കിൽ ജീവിതം തകർന്ന ഹൈറേഞ്ചിലെ നിരവധി കുടുംബങ്ങൾ ഇപ്പോഴും ദുരിതക്കയത്തിൽനിന്ന് കരകയറാനാവാതെ നിസ്സഹായാവസ്ഥയിലാണ്​. കിടപ്പാടം നഷ്ടപ്പെട്ടതോടെ അന്തിയുറങ്ങാനുള്ള ഇടവും കൃഷി നശിച്ചതോടെ ഉപജീവനമാർഗവും ഇല്ലാതായവർ നിരവധി. ഇനിയെങ്കിലും തങ്ങളുടെ പാർപ്പിട പ്രശ്​നങ്ങൾക്ക് പരിഹാരം കാണാൻ അധികൃതർ കണ്ണുതുറക്കണമെന്നാണ് ഇവരുടെ അഭ്യർഥന. കട്ടപ്പന മേഖലയിൽ 2018ലെ പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർ കഴിഞ്ഞ നാല്​ വർഷമായി വാടകവീടുകളിലാണ് കഴിയുന്നത്. ഇതിൽ തവളപ്പാറ നിവാസികളുടെ ദുരിതജീവിതത്തിന് ഒരു പരിഹാരവും ഉണ്ടായിട്ടില്ല. മഴക്കാലമെത്തിയാൽ ദുരിതാശ്വാസ ക്യാമ്പിൽ കഴിയാൻ വിധിക്കപ്പെട്ടവരാണ് തവളപ്പാറയിലെ ഏതാനും കുടുംബങ്ങൾ. മുൻ വർഷങ്ങളിലേതിന് സമാനമായ പ്രകൃതിദുരന്തങ്ങൾ ആവർത്തിക്കുമോയെന്ന ആശങ്കയിലാണ്​ പ്രദേശവാസികൾ. ഓരോ മഴക്കാലമെത്തുമ്പോഴും മണ്ണിടിച്ചിൽ ഉണ്ടാകുമോയെന്ന ഭീതിയിലാണ്​ തവളപ്പാറ പ്രദേശശത്ത 34 കുടുംബങ്ങൾ. കഴിഞ്ഞ രണ്ട്​ പ്രളയങ്ങളിലും തവളപ്പാറയിൽ ഉണ്ടായത് വലിയ നാശനഷ്ടങ്ങളാണ്. ഉരുൾപൊട്ടലിൽ മൂന്ന്​ കുടുംബങ്ങളുടെ വീടുകൾ പൂർണമായി തകർന്നു. വാടകവീട്​ തന്നെ ആശ്രയം പുനരധിവാസ പാക്കേജുകൾ സർക്കാർ പ്രഖ്യാപിച്ചിരുന്നെങ്കിലും പല കുടുംബങ്ങൾക്കും ഇപ്പോഴും വാടക വീടുകളിൽനിന്ന് മോചനമായിട്ടില്ല. മഴ ആരംഭിച്ചതോടെ തവളപ്പാറ മേഖലയിൽ പലയിടങ്ങളിലും ഉറവകൾ രൂപപ്പെട്ടിരുന്നു. വീണ്ടും ശക്തമായ മഴ ഉണ്ടായാൽ മണ്ണിടിച്ചിൽ സംഭവിക്കാൻ സാധ്യത ഏറെയാണ്. ഈ മേഖലയിൽ പലയിടത്തായി ഭൂമിയിൽ വിള്ളലുകളും രൂപപ്പെട്ടിട്ടുണ്ട്​. ഗതിമാറിയൊഴുകുന്ന ചാലുകൾ മഴക്കാലത്തിന് മുമ്പ്​ പൂർവസ്ഥിതിയിലാക്കണമെന്ന ആവശ്യം പ്രദേശവാസികൾ മുന്നോട്ടുവെച്ചിരുന്നു. നഗരസഭ ഇടപെട്ട് ഈ പ്രശ്‌നം പരിഹരിക്കണമെന്നാണ് ആവശ്യം. ഇവർക്ക് അനുയോജ്യമായ വാസസ്ഥലം കണ്ടെത്തി പുനരധിവാസം ഉറപ്പാക്കാനുള്ള പ്രാരംഭ നടപടികൾ സർക്കാർ തുടങ്ങിയിരുന്നെങ്കിലും പിന്നീട് ഇക്കാര്യത്തിൽ മെല്ലെപ്പോക്ക് നയമാണ് ഉണ്ടായതെന്നും പ്രദേശവാസികൾ പറയുന്നു. അറിയണം, ഈ കുടുംബങ്ങളുടെ സങ്കടം 2018ലെ പ്രളയത്തിൽ വീടുൾപ്പെടെ സകലതും നഷ്ടമായിട്ടും ദുരിതാശ്വാസ സഹായംപോലും ലഭിക്കാതെ ദുരിതത്തിലാണ്​ നാല്​ കുടുംബങ്ങൾ. 2018 ആഗസ്റ്റ്​ എട്ടിനുണ്ടായ ഉരുൾപൊട്ടലിൽ വീട് തകർന്ന മുളകരമേട് സ്വദേശികളായ സന്തോഷ്, പേക്കാട് ജിജി ജോസഫ്, പാറക്കടവ് തവളപ്പാറ സ്വദേശി ഹരി, കുന്തളംപാറ സ്വദേശി മിനി രാധാകൃഷ്ണൻ എന്നിവരാണ് ഇപ്പോഴും സർക്കാറിന്‍റെ കനിവ്​ കാത്ത് വാടകവീടുകളിൽ കഴിയുന്നത്. കഴിഞ്ഞ പ്രളയത്തിൽ നഗരസഭ പരിധിയിൽ വീട് പൂർണമായും തകർന്ന അഞ്ച് കുടുംബങ്ങൾക്ക്​ 10 ലക്ഷം രൂപയുടെ ദുരിതാശ്വാസ സഹായം പ്രഖ്യാപിച്ചിരുന്നു. എന്നാൽ, വർഷം നാല്​ കഴിഞ്ഞിട്ടും സഹായമോ വീടോ ലഭിച്ചില്ല. ആയുസ്സിന്‍റെ പ്രയത്നമത്രയും ഒരുനിമിഷംകൊണ്ട് മൺകൂനയായി മാറിയ ദുരന്തത്തിൽനിന്ന്​ തലനാരിഴക്കാണ് സന്തോഷും കുടുംബവും രക്ഷപ്പെട്ടത്. അന്നത്തെ മഴയും മണ്ണിടിച്ചിലും സന്തോഷിനും കുടുംബത്തിനും ബാക്കിവെച്ചത് വീടിന്റെ ഒരുഭാഗം മാത്രമാണ്. സംസ്ഥാന സർക്കാറിന്‍റെ പ്രളയ ദുരിതാശ്വാസ പദ്ധതിപ്രകാരം വീട്​ പൂർണമായും തകർന്നവർക്കുള്ള 10 ലക്ഷം രൂപ ഇവർക്ക്​ പ്രഖ്യാപിച്ചെങ്കിലും ഇപ്പോഴും സന്തോഷിന്‍റെയടക്കം കിടപ്പാടം നഷ്ടപ്പെട്ട കുടുംബങ്ങൾ വാടകവീട്ടിലാണ് അന്തിയുറങ്ങുന്നത്. ഇവർ താമസിച്ചിരുന്ന സ്ഥലത്ത്​ വീട് നിർമിക്കാൻ കഴിയില്ലെന്ന്​ ഉദ്യോഗസ്ഥർ റിപ്പോർട്ട്​ നൽകിയതിന്‍റെ അടിസ്ഥാനത്തിലാണ് ഇവർക്ക്​ തുക അനുവദിച്ചത്. തുടർന്ന് സർക്കാർ ഓഫിസുകളിലും കലക്ടറേറ്റിലും കയറിയിറങ്ങിയെങ്കിലും തുക ലഭിച്ചില്ല. തുക ലഭിക്കാൻ​ എന്താണ് തടസ്സമെന്ന്​ തങ്ങൾക്ക്​ മനസ്സിലാകുന്നില്ലെന്നും ഇവർ പറയുന്നു. എല്ലാവരും കടുത്ത സാമ്പത്തിക പ്രയാസത്തിലൂടെയാണ് കടന്നുപോകുന്നത്. അടുത്ത മഴക്കാലം ആരംഭിക്കുന്നതിന്​ മുമ്പെങ്കിലും സ്വന്തം വീട്ടിലേക്ക് മാറണം എന്ന ആഗ്രഹത്തിലാണ് ഇവർ. അതിന് സർക്കാർ കനിയുമെന്നാണ്​ പ്രതീക്ഷ. (തുടരും) ചിത്രം TDL Kattappana: പ്രളയത്തിൽ തകർന്ന സന്തോഷിന്‍റെ വീടിന്‍റെ അവശേഷിച്ച ഭാഗം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.