പൊലീസിനെക്കൊണ്ട്​ മാപ്പ്​ പറയിച്ച തൊപ്പിപ്പാള ജാഥ

തൊടുപുഴ: സ്വാതന്ത്ര്യസമരത്തിന്‍റെ ആവേശവും അലയൊലിയും മുഴങ്ങിയ തൊടുപുഴ ഒട്ടേറെ വേറിട്ട സമരമുറകൾക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട്​. ​അതിലൊന്നായിരുന്നു സ്വാതന്ത്ര്യസമര ഭടന്മാരെ മർദിച്ച സബ്​ ഇൻസ്​പെക്ടറെക്കൊണ്ട്​ മാപ്പ്​ പറയിച്ച, തൊപ്പിപ്പാള ജാഥ എന്ന പേരിൽ ചരിത്രത്താളുകളിൽ ഇടം പിടിച്ച പ്രതിഷേധ ജാഥ. മർദകവീരന്മാരായ പൊലീസുകാർക്ക്​ താക്കീത്​ കൂടിയായിരുന്നു തൊപ്പിപ്പാള ജാഥ. ​അക്കാലത്ത്​ തൊടുപുഴയിലേക്ക്​ സ്ഥലംമാറിവന്ന സബ്​ ഇൻസ്​പെക്ടറായിരുന്നു രാമനാഥ അയ്യർ. ചെറുപ്പത്തിന്‍റെ ​തിളപ്പിനൊപ്പം പുതിയ ജോലിസ്ഥലത്ത്​ തന്‍റെ വീര്യം പ്രകടിപ്പിക്കാനുള്ള ആവേശം കൂടിയായപ്പോൾ സ്വാതന്ത്ര്യസമര ഭടന്മാരെ മർദിക്കുക എന്നത്​ രാമനാഥ അയ്യരുടെ ഹോബിയായി മാറി. വഴിയിൽ കാണുന്ന ആരെയും ഒന്ന്​ പെരുമാറണമെന്ന ശാഠ്യക്കാരൻ. കോൺഗ്രസുകാരനാണെന്ന്​ തോന്നിയാൽ വെറുതെ വിടില്ലെന്ന വാശിയും. ഇദ്ദേഹം ഒരിക്കൽ നടുക്കണ്ടത്ത് ​കൂടി വരുമ്പോൾ കോൺഗ്രസ്​ വളന്‍റിയർമാരായ കൊട്ടാരത്തിൽ നാരായണപിള്ള, സി.ഡി. ദേവസ്യ എന്നിവർ വഴിയിൽ നിൽക്കുന്നു. വണ്ടിയിൽനിന്ന്​ ചാടിയിറങ്ങിയ എസ്​.ഐ രണ്ടുപേരെയും പിടിച്ച്​ ക്രൂരമായി മർദിച്ചു. ഇതിനെതിരെ തൊടുപുഴ താലൂക്കിൽ പ്രതിഷേധം ആളിക്കത്തി. താലൂക്കിന്‍റെ വിവിധ ഭാഗങ്ങളിൽനിന്ന്​ കർഷകർ പ്രതിഷേധ ജാഥയായി തൊടുപുഴയിലേക്ക്​ നീങ്ങി. നൂറുകണക്കിനാളുകൾ തൊപ്പിപ്പാള ധരിച്ച്​ അണിനിരന്ന ജാഥ​ തൊപ്പിപ്പാള ജാഥ എന്നറിയപ്പെട്ടു. അഞ്ചിരിയിൽനിന്ന്​ പു​റപ്പെട്ട ജാഥക്ക്​ ആവേശവും അംഗബലവും കൂടുതലായിരുന്നു. അതുവരെ കോൺഗ്രസിനെ ശക്തമായി എതിർത്തിരുന്ന കുരുവിനാക്കുന്നേൽ തൊമ്മച്ചൻ എന്ന ധനാഢ്യനായിരുന്നു ജാഥയുടെ സംഘടകനും അമരക്കാരനും. കോട്ടൂർ വർക്കി, കിഴക്കേക്കുറ്റ്​ അവിരാച്ചൻ, കോലത്തുപടവിൽ മാണി, കണ്ണിക്കാട്ട്​ കുഞ്ചുലോ, പൂമറ്റം ദേവസ്യ, കണ്ടത്തിൽ മത്തായി, കളപ്പുരയിൽ കൊച്ച്​, കൊല്ലപ്പിള്ളിൽ ചാക്കോ, പൂവന്നിക്കുന്നേൽ​ ജോർജ്​, തോട്ടുപുറത്ത്​ പാപ്പു, നമ്പേരി ജോൺ, ടൈലർ കുട്ടപ്പനെന്ന ടി.വി. തോമസ്​ തുടങ്ങിയവർ ​തൊപ്പിപ്പാള ജാഥയുടെ അണിയറ ശിൽപികളിൽ ചിലരാണ്​. ജാഥക്ക്​ സമാപനം കുറിച്ച്​ തൊടുപുഴയിൽ നടന്ന വിപുലമായ പൊതുയോഗത്തിൽ സംസ്ഥാന നേതാക്കൾ പ​ങ്കെടുത്തു. തൊപ്പിപ്പാള ജാഥയുടെ ജനപങ്കാളിത്തവും വിജയവും പൊലീസിനെ അക്ഷരാർഥത്തിൽ അമ്പരപ്പിച്ചു. മർദനമേറ്റ കോൺഗ്രസ്​ വളന്‍റിയർമാരോട്​ എസ്​.ഐ രാമനാഥ അയ്യർ അന്ന്​ തന്നെ മാപ്പ്​ പറഞ്ഞു. രണ്ടുപേർക്കും 25 രൂപ വീതം ഇൻസ്​പെക്ടർ പിഴയായി നൽകിയെങ്കിലും അവർ ആ പണം നിരസിക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.