ബോഡിമെട്ടിലെ കസ്റ്റംസ്​ ഹൗസ്​ മഴയിൽ തകര്‍ന്നു

ഇടുക്കി: കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ കേരള-തമിഴ്നാട് അതിർത്തിയിലെ തിരുവിതാംകൂർ രാജഭരണകാലത്തെ ചുങ്കപ്പിരിവ് കേന്ദ്രം തകർന്നു. ബോഡിമെട്ടിലെ കസ്റ്റംസ് ഹൗസാണ് തകർന്നത്. നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ ചരിത്ര സ്മാരകം കേരളവും-തമിഴ്നാടും അതിർത്തി പങ്കിടുന്ന ബോഡിമെട്ടിൽ ചുങ്കം പിരിക്കാൻ തിരുവിതാകൂർ രാജഭരണകാലത്ത് പണികഴിപ്പിച്ചതാണ്. കസ്റ്റംസ് ഹൗസ് എന്ന പേരിൽ രാജമുദ്രയോടെ പതിറ്റാണ്ടുകളായി തലയുയർത്തിനിന്ന കെട്ടിടം കേരളം രൂപവത്​കരിച്ചതോടെ വാണിജ്യ, ആദായ നികുതി വകുപ്പിന്‍റെ അതിര്‍ത്തി ചെക്ക്പോസ്റ്റ് ഓഫിസായി. വാണിജ്യ നികുതി വകുപ്പിന്‍റെ അതിര്‍ത്തി ചെക്ക് പോസ്റ്റുകളുടെ പ്രവര്‍ത്തനം നിലച്ചതോടെ കസ്റ്റംസ് ഹൗസിന്‍റെ പ്രൗഢിയും മങ്ങിത്തുടങ്ങി. അറ്റകുറ്റപ്പണിക്ക്​ സര്‍ക്കാറിന് പദ്ധതി സമര്‍പ്പിച്ച് കാത്തിരിക്കുന്നതിനിടെയാണ് കെട്ടിടം തകർന്നത്. ചിത്രം TDL Chunkapirivu മഴയിൽ തകർന്ന ബോഡിമെട്ട്​ കസ്റ്റംസ്​ ഹൗസ്​ വന്യമൃഗ ശല്യം: ജനവാസകേന്ദ്രങ്ങളിൽ ഇനി സ്ഥിരം കാവൽ ഇടുക്കി: മലയോര മേഖലയില്‍ വന്യമൃഗ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ ജനവാസ പ്രദേശങ്ങളില്‍ സ്ഥിരം വാച്ചറെ നിയമിക്കാന്‍ തീരുമാനം. ശാന്തന്‍പാറ ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ ചേര്‍ന്ന അടിയന്തര യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ ദിവസം ആനയിറങ്കലിലെ തൊഴിലാളി ലയത്തിൽ കാട്ടാനയിറങ്ങി റേഷന്‍ കട നശിപ്പിച്ചതിനെ തുടര്‍ന്നാണ് യോഗം വിളിച്ചത്. കാട്ടാനകളുടെ സ്ഥിരം സഞ്ചാരപാതകളില്‍ സൗരോർജ വേലി നിർമിക്കണമെന്ന നിർദേശം സമർപ്പിക്കാനും തീരുമാനമായി. അഗ്നിരക്ഷ സേനയിൽനിന്ന്​ പ്രത്യേക പരിശീലനം ലഭിച്ച 20 പേരടങ്ങുന്ന എമര്‍ജന്‍സി റെസ്‌ക്യൂ ടീമിനെ ആവശ്യമായ സംവിധാനങ്ങളോടെ വിട്ടുനല്‍കും. ദ്രുതപ്രതികരണ സേനയുടെ സേവനവും ഉറപ്പാക്കുമെന്ന്​ പഞ്ചായത്ത് പ്രസിഡന്‍റ്​ ലിജു വര്‍ഗീസ് അറിയിച്ചു. ബ്ലോക്ക് പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ ആവശ്യമായ സ്ഥലങ്ങളില്‍ മിനി മാസ്റ്റ്​ ലൈറ്റ് സ്ഥാപിച്ചു നല്‍കും. ഏഴ് മാസത്തിനിടെ അഞ്ച് തവണയാണ് ആനയിറങ്കലിലെ റേഷന്‍ കട കാട്ടാന തകര്‍ത്തത്. ഏതാനും ദിവസം മുമ്പ് ഇതേ റേഷന്‍ കടയും സമീപത്തെ അംഗൻവാടിയും ഒറ്റയാന്‍ തകര്‍ത്തിരുന്നു. പകല്‍പോലും ജനവാസ മേഖലയില്‍ കാട്ടാന തമ്പടിക്കുകയാണെന്നും കൃഷിക്കും ജീവനും ഭീഷണിയാണെന്നും തൊഴിലാളികള്‍ യോഗത്തില്‍ പറഞ്ഞു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ ഉഷാകുമാരി മോഹന്‍കുമാര്‍, ദേവികുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ എന്‍.ആര്‍. ജയന്‍, ശാന്തന്‍പാറ പഞ്ചായത്ത് അംഗങ്ങള്‍, വനം-പൊലീസ്-റവന്യൂ ഉദ്യോഗസ്ഥർ തുടങ്ങിയവര്‍ പങ്കെടുത്തു. ഫോട്ടോ TDL Anayirankal : ആനയിറങ്കല്‍ തൊഴിലാളി ലയത്തിലെ റേഷന്‍കട കാട്ടാന തകർത്ത നിലയില്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.