മൂന്നാറിൽ മഴ തുടരുന്നു; രണ്ട്​ വീട്​ തകർന്നു

മൂന്നാർ: ശക്തമായ മഴയും കാറ്റും തുടരുന്ന മൂന്നാറിൽ രണ്ട് വീടുകൂടി തകർന്നു. ലക്ഷംവീട് കോളനിയിൽ ഓട്ടോറിക്ഷ തൊഴിലാളികളായ മുനീഷ്, അർപ്പുതരാജ് എന്നിവരുടെ വീടാണ് ഞായറാഴ്ച രാത്രി തകർന്നത്. ആർക്കും പരിക്കില്ല. മൂന്നാർ -വട്ടവട റോഡിൽ തിങ്കളാഴ്ച രാവിലെ മരം വീണ് ഗതാഗതം തടസ്സപ്പെട്ടിരുന്നു. ഉച്ചകഴിഞ്ഞ് തടസ്സം നീക്കി. പോതമേട് റോഡിൽ മണ്ണിടിച്ചിലിനെ തുടർന്ന് കൽക്കെട്ട് തകർന്ന് റോഡിൽ വീണു. പുതുക്കുടി ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലത്തെ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. ചെറിയ വാഹനങ്ങൾക്ക് കുണ്ടള, വട്ടവട ഭാഗത്തേക്ക് പോകാൻ കെ.ഡി.എച്ച്​.പി കമ്പനിയുടെ തോട്ടത്തിലൂടെയുള്ള റോഡ് തുറന്നുനൽകി. വലിയ വാഹനങ്ങളുടെ ഗതാഗതം നിരോധിച്ചിട്ടുണ്ട്. ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനെത്തുടർന്ന് മാട്ടുപ്പെട്ടി അണക്കെട്ട് തിങ്കളാഴ്ച രാവിലെ തുറന്നു. മൂന്ന് ഷട്ടറാണ് തുറന്നത്. ദേവികുളം ഗ്യാപ് റോഡിലെ തടസ്സം നീക്കാനുള്ള ശ്രമങ്ങൾ മൂന്നാം ദിവസവും തുടരുകയാണ്. ഇതുവഴിയുള്ള വാഹന ഗതാഗതം കുഞ്ചിത്തണ്ണി വഴി തിരിച്ചുവിട്ടു. മഴയും കാറ്റും മാറ്റമില്ലാതെ തുടരുന്നതിനാൽ വിവിധ സർക്കാർ വകുപ്പുകൾ ജാഗ്രതയിലാണ്. ചിത്രം 1 ലക്ഷംവീട് കോളനിയിൽ തകർന്ന വീടുകൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.