ചെറുതോണി: വാത്തിക്കുടി മുൻ വില്ലേജ് ഓഫിസറും നിലവിൽ രാജാക്കാട് സർവേ സൂപ്രണ്ട് ഓഫിസിൽ ഹെഡ് ക്ലർക്കുമായ എം.ബി. ഗോപാലകൃഷ്ണൻ നായർക്കെതിരായ അച്ചടക്ക നടപടി ജില്ല കലക്ടർ റദ്ദാക്കി. വാത്തിക്കുടിയിൽ വില്ലേജ് ഓഫിസറായിരിക്കെ ഇദ്ദേഹത്തിനെതിരെ ലഭിച്ച പരാതികളിൽ കഴമ്പില്ലെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് യത്. 2021 ഡിസംബറിലാണ് വില്ലേജ് ഓഫിസറായിരുന്ന ഗോപാലകൃഷ്ണനെ അച്ചടക്ക നടപടിയുടെ ഭാഗമായി തരം താഴ്ത്തി സർവേ സൂപ്രണ്ട് ഓഫിസിലേക്ക് ഹെഡ് ക്ലർക്കായി സ്ഥലം മാറ്റിയത്. ഇതിനെതിരെ വിശദവിവരങ്ങൾ ഉൾപ്പെടുത്തി തന്‍റെ നിരപരാധിത്വം ബോധ്യപ്പെടുത്തി ഗോപാലകൃഷ്ണൻ ജില്ല കലക്ടർക്ക് കഴിഞ്ഞ ജനുവരിയിൽ നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇദ്ദേഹത്തിനെതിരായ പരാതികളിൽ കഴമ്പില്ലെന്ന് ബോധ്യപ്പെട്ടത്. ഇടുക്കി ബ്ലോക്ക് പഞ്ചായത്തിന്‍റെ പെരിയാർവാലി പുനരധിവാസ പദ്ധതി നടത്തിപ്പിൽ വിയോജിപ്പ് പ്രകടിപ്പിച്ചതിന്‍റെ പേരിലാണ് ചിലർ ഗോപാലകൃഷ്ണനെതിരെ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ സർക്കാർ പ്രതിനിധി എന്ന നിലയിൽ വില്ലേജ് ഓഫിസർ രേഖകൾ സൂക്ഷിക്കുന്നതിലും ഹാജർ രേഖപ്പെടുത്തുന്നതിലും പൊതുജനങ്ങളോടും ജനപ്രതിനിധികളോടും മാന്യമായി പെരുമാറുന്നതിലും കൃത്യത പാലിക്കണമെന്ന പൊതുവായ കർശന നിർദേശം നൽകിയാണ് കലക്ടർ ഉത്തരവ് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.