-മൂലമറ്റം സെക്ഷൻ വിഭജിച്ചാൽ മുട്ടം, കുടയത്തൂർ, വെള്ളിയാമറ്റം, അറക്കുളം പഞ്ചായത്തുകളിലെ വൈദ്യുതി വിതരണം കാര്യക്ഷമമാകും മുട്ടം: മുട്ടത്തെ വൈദ്യുതി പ്രതിസന്ധി ശാശ്വതമായി പരിഹരിക്കാൻ സെക്ഷൻ ഓഫിസ് സ്ഥാപിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ. മഴക്കാലത്ത് കാറ്റടിച്ചാൽ മുട്ടത്തെ വൈദ്യുതി ബന്ധം നിലക്കുന്ന അവസ്ഥയാണ്. പുനഃസ്ഥാപിക്കണമെങ്കിൽ മണിക്കൂറുകളോളം കാത്തിരിക്കണം. റബർ തോട്ടങ്ങളാൽ ചുറ്റപ്പെട്ട മുട്ടം പ്രദേശത്ത് ലൈനുകളിൽ മരച്ചില്ലകൾ തട്ടി വൈദ്യുതി തടസ്സം പതിവാണ്. മഴക്കാലത്ത് വൈദ്യുതി മണിക്കൂറുകളും ദിവസങ്ങളും മുടങ്ങുന്നുണ്ട്. തൊടുപുഴ സെക്ഷൻ ഓഫിസിൽനിന്ന് മൂലമറ്റം സെക്ഷൻ ഓഫിസിന്‍റെ പരിധിയിൽനിന്നുമാണ് വൈദ്യുതി എത്തിക്കുന്നത്. 15 കിലോമീറ്റർ അകലെ നിന്നുവേണം ഇവിടുത്തെ തകരാറുകൾ പരിഹരിക്കുന്നതിന് ജീവനക്കാരെത്താൻ. ഇതുമൂലം വൈദ്യുതി തടസ്സമുണ്ടായാൽ മണിക്കൂറുകൾക്കുശേഷമായിരിക്കും പരിഹരിക്കുക. മുട്ടത്ത് പുതിയ സെക്ഷൻ ഓഫിസ് പ്രവർത്തനം ആരംഭിക്കുകയാണ് ഇതിന് ശ്വാശ്വത പരിഹാരം. ഒരു സെക്ഷൻ ഓഫിസ് പ്രവർത്തിക്കുന്നതിന് ആവശ്യമായ വരുമാനം ഇവിടെയുണ്ട്. ഒരു സെക്ഷന്‍ കീഴിൽ വരേണ്ട പ്രദേശത്തിന്‍റെ ചുറ്റളവ് 10 ച. കി.മീറ്ററും 10,000 ഉപഭോക്താക്കളുമാണ്. എന്നാൽ, മൂലമറ്റത്തിനുകീഴിൽ 130 ച.കി. മീറ്ററിലധികം വിസ്തീർണവും 17,000 ത്തിലധികം ഉപഭോക്താക്കളും ഉണ്ട്. മുട്ടം മുതൽ മുത്തിയുരുണ്ടയാർ വരെയും ഈരാറ്റുപേട്ട റൂട്ടിൽ പാണ്ടിയൻമാവ് വരെയും വിശാലമായി കിടക്കുന്നതാണ് മൂലമറ്റം സെക്ഷൻ പരിധി. ഇവ കൂടുതലും കുന്നും മലയും നിറഞ്ഞ പ്രദേശവുമാണ്. മൂലമറ്റം സെക്ഷൻ വിഭജിച്ചാൽ മുട്ടം, കുടയത്തൂർ, വെള്ളിയാമറ്റം, അറക്കുളം പഞ്ചായത്തുകളിലെ വൈദ്യുതി വിതരണം കാര്യക്ഷമമാക്കാം. രാത്രിയിൽ തകരാർ ഉണ്ടായാൽ മൂലമറ്റത്തുനിന്നാണ് മുട്ടം ഉൾപ്പെടെ പ്രദേശങ്ങളിൽ ലൈൻമാൻ അടക്കം ജീവനക്കാരെത്തുന്നത്. ആവശ്യത്തിന് ജീവനക്കാരെ അനുവദിച്ച് സബ് സ്റ്റേഷനോടൊപ്പം ഒരു സെക്ഷൻ ഓഫിസ് കൂടി അനുവദിക്കണം എന്നാണ് ആവശ്യം. നിലവിൽ മുട്ടത്ത് ഒരു ഓവർസീയർ ഓഫിസ് മാത്രമാണുള്ളത്. ഒരു ഓവർസീയറുടെയും മൂന്ന് ലൈൻമാന്‍റെയും സഹായം ലഭ്യമാണെങ്കിലും ഇതു വൈകീട്ടോടെ അവസാനിക്കും. ജിവനക്കാർ തിരികെ വീടുകളിലേക്ക് മടങ്ങിയാൽ പിന്നെ വൈദ്യുതി മുടങ്ങിയാൽ പുനഃസ്ഥാപിക്കുന്നത് അടുത്തദിവസമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.