വളവുകളിൽ അപകടം ഒളിപ്പിച്ച്​ ദേശീയപാത

പീരുമേട്: 1972ൽ പീരുമേട് മേഖലയിലും കെ.കെ റോഡിലും ചിത്രീകരിച്ച സിനിമയാണ് 'മറവിൽ തിരിവ്' സൂക്ഷിക്കുക. പ്രേം നസീർ നായകനായ സിനിമയുടെ പേരിലൂടെ ഉദ്ദേശിച്ചത്​ റോഡിലെ കൊടുംവളവുകളെയാണ്. കുട്ടിക്കാനം മുതൽ പുല്ലുപാറ വരെയുള്ള അന്നത്തെ മലമ്പാതയായ കെ.കെ റോഡ് ആയിരുന്നു സിനിമയുടെ ലൊക്കേഷൻ. സിനിമയിറങ്ങി 50 വർഷം പിന്നിടുമ്പോഴും കെ.കെ റോഡ് ദേശീയ പാത 183 ആയി ഉയർത്തിയെങ്കിലും കൊടുംവളവുകളിൽ 'മറവിൽ തിരിവ് സൂക്ഷിക്കുക' എന്ന സൂചന ബോർഡ് സ്ഥാപിക്കേണ്ട സ്ഥിതിയാണ്. റോഡിലെ വളവുകൾ നിവർത്തുകയും വീതി വർധിപ്പിക്കുകയും ചെയ്​തെങ്കിലും റോഡിലേക്ക് വളർന്നുനിൽക്കുന്ന കാട്ടുചെടികൾ വളവുകളിൽ ഡ്രൈവർമാരുടെ കാഴ്ച മറക്കുകയാണ്​. ഇതുമൂലം ആദ്യമായി ഇതുവഴി എത്തുന്ന വാഹനങ്ങളും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന വാഹനങ്ങളും അപകടത്തിൽപെടുന്നു. റോഡിലേക്ക് ചാഞ്ഞുകിടക്കുന്ന മരച്ചില്ലകൾ യാത്രക്കാരുടെ ദേഹത്ത്​ തട്ടി പരിക്കേൽക്കുന്ന സംഭവങ്ങളുമുണ്ട്​. ഒപ്പം വാഹനങ്ങളുടെ ചില്ലുകളും തകരുന്നു. വളഞ്ചാങ്കാനം, മത്തായികൊക്ക, അമലഗിരി, 40ാം മൈൽ എന്നിവിടങ്ങളിൽ റോഡിലേക്ക് ചാഞ്ഞുകിടക്കുന്ന വലിയ വള്ളികളും വാഹനങ്ങൾക്ക് ഭീഷണിയാണ്. എന്നാൽ, ഇവ വെട്ടിമാറ്റാൻ ദേശീയപാത അധികൃതർ തയാറാകുന്നില്ല. എല്ലാ വർഷവും കാട്ടുചെടികൾ വെട്ടിമാറ്റുന്നുണ്ടെങ്കിലും പൂർണമായും നീക്കാതെ പ്രഹസനമാകുകയാണ്​. ചിത്രവിവരണം idl - pmd - 1 ദേശീയപാത 183ൽ മത്തായികൊക്ക പാലത്തിലേക്ക് വളർന്ന്​ കാഴ്ചമറയ്​ക്കുന്ന കാട്ടുചെടികൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.