മണിക്കലിലെ ബോട്ടിങ്: പഞ്ചായത്ത് ഭരണസമിതിയിൽ തർക്കം

-വാടക കുറവുചെയ്ത് നൽകുന്നതിൽ ഭിന്നത പെരുവന്താനം: മണിക്കൽ തടാകത്തിൽ ബോട്ടിങ് നടത്തുന്നതിന് കരാർ എടുത്തയാൾക്ക് വാടക കുറവുചെയ്ത് നൽകുന്നതിനോട്​ പഞ്ചായത്ത്​ ഭരണസമിതിയിൽ എതിർപ്പ്. വാടക കുറച്ചുനൽകണമെന്ന് ഭരണപക്ഷം ആവശ്യപ്പെടുമ്പോൾ പ്രതിപക്ഷം അംഗീകരിക്കാൻ തയാറല്ല. പഞ്ചായത്ത് കമ്മിറ്റിയിൽ അജണ്ടയായി ഉൾപ്പെടുത്തി ചർച്ച ചെയ്തപ്പോഴാണ് ഭിന്നത ഉയർന്നത്. പ്രതിമാസം 5000 രൂപക്കാണ് ബോട്ടിങ്ങും ശുചിമുറിയും ലേലത്തിൽ നൽകിയത്. ഭരണപക്ഷത്തിന്​ വേണ്ടപ്പെട്ട ആളാണ് ലേലം പിടിച്ചതെന്നും പറയുന്നു. പ്രതികൂല കാലാവസ്ഥയിൽ ബോട്ടിങ് നന്നായി നടക്കാത്തതിനാൽ കരാറുകാരന് വാടക ഇളവുചെയ്ത് കൊടുക്കണമെന്ന് യു.ഡി.എഫ് അംഗങ്ങൾ ആവശ്യപ്പെട്ടു. എന്നാൽ, കരാർ നൽകിയത് കുറഞ്ഞ തുകക്കാണെന്നും വാടക കുറവുചെയ്ത് നൽ​കേണ്ടതില്ലെന്ന്​ എൽ.ഡി.എഫ് അംഗങ്ങളും വാദിച്ചു. കഴിഞ്ഞ എൽ.ഡി.എഫ് ഭരണസമിതിയുടെ കാലത്താണ് ബോട്ടിങ് ആരംഭിച്ചത്. പഞ്ചായത്ത് ജീവനക്കാരെ നിയമിച്ച് സർവിസ് നടത്തുകയായിരുന്നു. കോവിഡ് കാലത്ത് ബോട്ടിങ് തടസ്സപ്പെട്ടു. കോവിഡിനുശേഷം കരാർ നൽകിയാണ് യു.ഡി.എഫ് ഭരണസമിതി ബോട്ടിങ്​ പുനരാരംഭിച്ചത്. തുടർന്ന് എൽ.ഡി.എഫ് സമരപരിപാടി നടത്തിയെങ്കിലും കരാർ നൽകിയ ആൾ വഴി ബോട്ടിങ് പുനരാരംഭിച്ചു. പഞ്ചായത്തിൽ ഇരുമുന്നണികൾക്കും കൊമ്പ് കോർക്കാനുള്ള വിഷയമായി ബോട്ടിങ് മാറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.